Home പ്രധാന വാർത്തകൾ ബെംഗളൂരു-മൈസൂരു യാത്രയില്‍ 30 മിനിറ്റ് ലാഭിക്കാം, ട്രാഫിക് ബ്ലോക്കും ഉണ്ടാവില്ല! 1.5 കി.മി ലിങ്ക് റോഡ് വരുന്നു

ബെംഗളൂരു-മൈസൂരു യാത്രയില്‍ 30 മിനിറ്റ് ലാഭിക്കാം, ട്രാഫിക് ബ്ലോക്കും ഉണ്ടാവില്ല! 1.5 കി.മി ലിങ്ക് റോഡ് വരുന്നു

by admin

ബെംഗളൂരു: കഴിഞ്ഞ കുറച്ചധികം കാലങ്ങളായി ബെംഗളൂരു നഗരത്തിലെ ഗതാഗത സൗകര്യങ്ങളില്‍ കാര്യമായ മാറ്റം തന്നെ ഉണ്ടായിട്ടുണ്ട്.അത് വലിയ രീതിയില്‍ യാത്രക്കാർക്ക് ഗുണകരമാവുകയും ചെയ്യുന്നുണ്ട്. മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുകയും കൂടുതല്‍ റോഡുകള്‍ വികസിപ്പിക്കുകയും ഫ്ലൈ ഓവറുകള്‍ പണിയുകയും ഒക്കെ ചെയ്‌തു കൊണ്ടാണ് നഗരത്തിന് എന്നും അപവാദമായി ഗതാഗത കുരുക്ക് പരിഹരിക്കാൻ അധികൃതർ നടപടി എടുക്കുന്നത്.ഇപ്പോഴിതാ ബെംഗളൂരുവില്‍ നിന്ന് മൈസൂരിലേക്ക് യാത്ര ചെയ്യുന്നവർക്ക് ദീപാഞ്ജലി നഗർ ജംഗ്ഷനും കെംഗേരിയ്ക്കും ഇടയിലുള്ള വലിയ ഗതാഗതക്കുരുക്കില്‍ നിന്ന് ഉടൻ ആശ്വാസം ലഭിച്ചേക്കും. ദീപാഞ്ജലി നഗർ ജംഗ്ഷനെ പിഇഎസ് കോളേജിനടുത്തുള്ള നൈസ് റോഡ് ക്ലോവർ ലീഫുമായി ബന്ധിപ്പിക്കുന്ന 1.5 കിലോമീറ്റർ ലിങ്ക് റോഡ് നന്ദി ഇൻഫ്രാസ്ട്രക്ച്ചർ കോറിഡോർ എന്റർപ്രൈസസ് (നൈസ്) ലിമിറ്റഡ് തുറക്കാൻ ഒരുങ്ങുകയാണ്.ഇത് ബെംഗളൂരു-മൈസൂരു ആക്‌സസ്-കണ്‍ട്രോള്‍ഡ് ഹൈവേയിലേക്ക് വേഗത്തില്‍ എത്താൻ യാത്രക്കാരെ സഹായിക്കും. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തടസങ്ങള്‍ കാരണം ഏകദേശം ഒരു വർഷത്തോളം ഈ നാലുവരി പാതയുടെ നിർമ്മാണം വൈകിയിരുന്നു. എന്നാല്‍ ആവശ്യമായ ഭൂമി ഇപ്പോള്‍ ലഭ്യമാണെന്നും നിർമ്മാണ പ്രവർത്തനങ്ങള്‍ നല്ല നിലയില്‍ പുരോഗമിക്കുകയാണെന്നും നൈസ് അധികൃതർ തന്നെ അറിയിച്ചിട്ടുണ്ട്.നിലവില്‍, ദീപാഞ്ജലി നഗർ ജംഗ്ഷനില്‍ (ബിഎച്ച്‌ഇഎല്‍ സർക്കിള്‍) നിന്ന് ചല്ലഘട്ടയിലേക്ക് തിരക്കേറിയ സമയങ്ങളില്‍ 11 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂർ വരെ എടുക്കാറുണ്ട് എന്നതാണ് ദൗർഭാഗ്യകരമായ കാര്യം. നായണ്ടാഹള്ളി, ആർആർ നഗർ, ജ്ഞാനഭാരതി, പാറ്റനഗെരെ എന്നിവിടങ്ങളിലെ ട്രാഫിക് സിഗ്നലുകളില്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് പതിവായ കാര്യമാണ്. അതിനാണ് പരിഹാരം ഒരുങ്ങുന്നത്.

പുതിയ ലിങ്ക് റോഡ് വഴി നൈസ് റോഡിലേക്ക് നേരിട്ട് പ്രവേശിച്ച്‌ ഏകദേശം 30 മിനിറ്റിനുള്ളില്‍ ചല്ലഘട്ടയിലെത്താൻ കഴിയുമെന്ന് നൈസ് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. ‘പുതിയ നാലുവരി പാതയുടെ നിർമ്മാണം ഒരു വർഷം മുമ്ബ് ആരംഭിച്ചതാണ്. എന്നിരുന്നാലും, ഭൂമി ഏറ്റെടുക്കല്‍ പ്രശ്‌നങ്ങള്‍ കോടതി വ്യവഹാരങ്ങളിലേക്ക് നയിച്ചു. ഇപ്പോള്‍ ഭൂമി ലഭ്യമായതിനാല്‍ നിർമ്മാണം അവസാന ഘട്ടത്തിലാണ്. റോഡ് ഉടൻ തന്നെ യാത്രക്കാർക്കായി തുറന്നുകൊടുക്കും’ നൈസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.എന്നാല്‍ പുതിയ ലിങ്ക് റോഡിന് നൈസ് ടോള്‍ ഈടാക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. നഗരത്തിലെ ഏറ്റവും ചെലവേറിയ ടോള്‍ റോഡുകളില്‍ ഒന്നാണ് നൈസ്. ലിങ്ക് റോഡിനെ ബെംഗളൂരു-മൈസൂരു ആക്‌സസ്-കണ്‍ട്രോള്‍ഡ് ഹൈവേയുമായി ബന്ധിപ്പിക്കാൻ നേരത്തെ പദ്ധതിയിട്ടിരുന്നുവെങ്കിലും അതില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.നൈസ് റോഡ് വഴി ബനശങ്കരിയിലേക്കും ഇലക്‌ട്രോണിക് സിറ്റിയിലേക്കും യാത്ര ചെയ്യുന്നവർക്കും പുതിയ റോഡ് പ്രയോജനപ്പെടും എന്നതാണ് പ്രധാന കാര്യം. നിലവില്‍ ദീപാഞ്ജലി നഗറില്‍ നിന്ന് ബനശങ്കരിയിലേക്ക് പോകുന്നവർ മൈസൂരു റോഡിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നായ നായണ്ടാഹള്ളി ജംഗ്ഷനിലൂടെ കടന്നുപോകണം.പുതിയ ലിങ്ക് റോഡ് വഴി നായണ്ടാഹള്ളി ഒഴിവാക്കി പിഇഎസ് കോളേജിന് സമീപമുള്ള ഔട്ടർ റിംഗ് റോഡിലേക്ക് നേരിട്ട് പ്രവേശിക്കാൻ കഴിയും. ഒട്ടേറെ റെസിഡൻഷ്യല്‍ ഏരിയകളെ ബന്ധിപ്പിക്കുന്ന ഒആർആറിന്റെ പടിഞ്ഞാറൻ ഭാഗത്ത് ഗതാഗതക്കുരുക്ക് വർധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് പ്രദേശവാസികള്‍ തന്നെ പറയുന്നത്.നേരത്തെ ഹൊസക്കരെഹള്ളി ഫ്ലൈഓവർ തുറന്നത് നേരിയ ആശ്വാസം നല്‍കിയെങ്കിലും, ഗതാഗതക്കുരുക്ക് ഇപ്പോള്‍ കാമക്യ തിയേറ്റർ ഭാഗത്തേക്ക് മാറിയിരിക്കുന്നുവെന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. ഔട്ടർ റിംഗ് റോഡിനോട് ചേർന്നുള്ള സർവീസ് റോഡുകള്‍ മോശം അവസ്ഥയിലാണ്, പല സ്ഥലങ്ങളിലും പാർക്ക് ചെയ്‌ത വാഹനങ്ങള്‍ ഗതാഗതത്തെ തടസപ്പെടുത്തുന്ന സാഹചര്യത്തില്‍ അതിനുള്ള പരിഹാരവും അധികൃതരോട് പ്രദേശവാസികള്‍ തേടുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group