ബെംഗളൂരു: നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും വികസന പ്രവർത്തനങ്ങള്‍ സമാനതകള്‍ ഇല്ലാത്ത രീതിയില്‍ പുരോഗമിക്കുകയാണ്.നഗരത്തിലെ വികസന പ്രവർത്തനങ്ങള്‍ക്ക് അപ്പുറം വിവിധ മേഖലകളിലേക്ക് കൂടി ഗതാഗത സൗകര്യങ്ങള്‍ അടക്കം വ്യാപിപ്പിക്കാനാണ് തീരുമാനം. അതിന്റെ ഭാഗമായി വിവിധ വ്യാവസായിക ഇടനാഴികള്‍ പരിഗണനയിലുണ്ട്. അത്തരത്തില്‍ ഒരു പദ്ധതിയാണ് ബെംഗളൂരു-മൈസൂരു കോറിഡോർ.സുപ്രീം കോടതിയുടെ വിധി നിലനില്‍ക്കുന്നതിനാല്‍ നന്ദി ഇൻഫ്രാസ്ട്രക്ച്ചർ കോറിഡോർ എന്റർപ്രൈസസ് ഏറ്റെടുത്ത ബെംഗളൂരു-മൈസൂരു ഇൻഫ്രാസ്ട്രക്ച്ചർ ഇടനാഴി പദ്ധതിക്ക് മാറ്റം വരുത്താനോ നിർത്തലാക്കാനോ സർക്കാരിന് കഴിയില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരിക്കുകയാണ്.ബെലഗാവിയില്‍ ചേർന്ന നിയമസഭാ കൗണ്‍സിലില്‍ കോണ്‍ഗ്രസ് എംഎല്‍സി മധു ജി മാടേഗൗഡയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പദ്ധതി യഥാർത്ഥത്തില്‍ വിഭാവനം ചെയ്‌തതുപോലെ നടപ്പാക്കണം, കൂടാതെ കരാർ ചട്ടക്കൂട് അക്ഷരാർത്ഥത്തില്‍ പാലിക്കണം എന്നാണ് കോടതിയുടെ നിർദ്ദേശമെന്നും ശിവകുമാർ കൂട്ടിച്ചേർത്തു. ഇതോടെ പദ്ധതിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതത്വം നീങ്ങുകയാണ്.ബെംഗളൂരു വികസന മന്ത്രി കൂടിയായ ശിവകുമാർ സുപ്രീം കോടതി വിധിയിലെ പ്രസക്ത ഭാഗങ്ങള്‍ ഉള്‍പ്പെടെ മറുപടിയായി വായിച്ചു.
യഥാർത്ഥ പദ്ധതിയില്‍ ഒരു മാറ്റവും വരുത്താൻ സർക്കാരിന് കഴിയില്ലെന്നും, കൂട്ടിച്ചേർക്കലുകളോ ഒഴിവാക്കലുകളോ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് പദ്ധതി ഉപേക്ഷിക്കില്ലെന്നതിന്റെ സൂചനയായാണ് കണക്കാക്കുന്നത്.പദ്ധതി നിർത്തലാക്കണമെന്ന് മാടേഗൗഡ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. ‘ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ ഇതിനകം പ്രവർത്തനക്ഷമമാണ്. അങ്ങനെയെങ്കില്‍, ബെംഗളൂരു മൈസൂരു ഇൻഫ്രാസ്ട്രക്ച്ചർ കോറിഡോർ ഏരിയ പ്ലാനിംഗ് അതോറിറ്റി ഏറ്റെടുക്കാൻ നിശ്ചയിച്ച ഭൂമി ഉടമകള്‍ക്ക് തിരികെ നല്‍കുന്നതിനായി നൈസ് പദ്ധതി നിർത്തലാക്കാൻ സർക്കാരിന് എന്തുകൊണ്ടാണ് കഴിയാത്തത്’ അദ്ദേഹം ചോദിച്ചു.പ്രാദേശിക എംഎല്‍എ ഉള്‍പ്പെടെ നിരവധി പേർ ഇതേ ആവശ്യം ഉന്നയിച്ച് തന്നെ സമീപിച്ചിട്ടുണ്ടെന്ന് ശിവകുമാർ മറുപടിയായി പറഞ്ഞു. ‘പദ്ധതി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പോലും, മൂന്നംഗ ബെഞ്ചിന്റെ വിധി നിലവിലുള്ളതിനാല്‍ എനിക്കത് സാധ്യമല്ല. എന്നാല്‍ വീട് നിർമ്മാണത്തിനുള്ള പ്ലാൻ അനുമതി ഉള്‍പ്പെടെയുള്ള പ്രാദേശിക തലത്തിലുള്ള പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട നിയമപരമായ അധികാരികളിലൂടെ പരിഹരിക്കാൻ കഴിയും’ അദ്ദേഹം കൂട്ടിച്ചേർത്തു.ഭൂമി മാറ്റുന്നതിനും കെട്ടിട പ്ലാൻ അംഗീകാരത്തിനുമുള്ള നടപടികള്‍ ഓണ്‍ലൈനിലൂടെ പൂർത്തിയാക്കാം. ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യാൻ മാണ്ഡ്യയില്‍ ടൗണ്‍ പ്ലാനിംഗ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും ശിവകുമാർ അറിയിച്ചു. ജില്ലാ കളക്‌ടറുടെ ഓഫീസില്‍ ലഭിക്കുന്ന ഓണ്‍ലൈൻ അപേക്ഷകള്‍ പരിശോധിക്കുകയും, സാങ്കേതികപരമായ അഭിപ്രായം നല്‍കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.എന്താണ് ബെംഗളൂരു-മൈസൂരു ഇടനാഴി പദ്ധതി?സംസ്ഥാനത്തെ ഈ രണ്ട് വൻ നഗരങ്ങളുടെ ഭാവി വികസനം കണക്കിലെടുത്ത്, അന്നത്തെ മുഖ്യമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള കർണാടക സർക്കാർ 1995ല്‍ മൈസൂരുവിനും ബെംഗളൂരുവിനും ഇടയില്‍ ഒരു അതിവേഗ എക്‌സ്പ്രസ് വേ നിർമ്മിക്കാൻ ഉത്തരവിറക്കിയിരുന്നു. അതാണ് ബെംഗളൂരു മൈസൂരു ഇടനാഴി.ഇതിന്റെ ഭാഗമായി സർക്കാർ നൈസുമായി ഒരു ധാരണാപത്രത്തില്‍ ഒപ്പുവച്ചു. നാലുവരി എക്‌സ്പ്രസ് വേ നിർമ്മിക്കുകയായിരുന്നു ലക്ഷ്യം, ഭാവിയില്‍ ഇത് ആറുവരിയായി വികസിപ്പിക്കാനും വ്യവസ്ഥയുണ്ടായിരുന്നു. യഥാർത്ഥ പദ്ധതി പ്രകാരം, ഇടനാഴിയുടെ അരികുകളിലായി അഞ്ച് പുതിയ ടൗണ്‍ഷിപ്പുകള്‍ വികസിപ്പിക്കാനും തീരുമാനിച്ചിരുന്നു.