ബെംഗളൂരു: ഇന്ത്യയുടെ ഐടി തലസ്ഥാനത്തിൽ നിന്ന് സാമ്പത്തിക തലസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത. ബെംഗളൂരുവിനും മുംബൈയ്ക്കുമിടയിൽ നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള രണ്ടാമത്തെ സൂപ്പർഫാസ്റ്റ് ട്രെയിൻ ആരംഭിക്കുന്നതിന് അംഗീകാരം നൽകിയിരിക്കുമായാണ് ഇന്ത്യൻ റെയിൽവേ. നിലവിലെ സർവീസ് ആയ ഉദ്യാൻ എക്സ്പ്രസ് ആരംഭിച്ചതിന് ഏകദേശം 30 വർഷങ്ങൾക്ക് ശേഷമാണ് ഈ പുതിയ നേരിട്ടുള്ള ട്രെയിൻ വന്നിരിക്കുന്നത്.കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ദശാബ്ദങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഹുബ്ബള്ളി-ധാർവാഡ് വഴി പുതിയൊരു സൂപ്പർഫാസ്റ്റ് ട്രെയിൻ അനുവദിച്ചുവെന്നാണ് അറിയിച്ചത്. യാത്രാ സമയം 23 മണിക്കൂറിൽ നിന്ന് 18 മണിക്കൂറായി കുറയുമെന്നതാണ് ഈ സർവീസിന്റെ പ്രധാന ആകർഷണം. ഇത് യാത്രക്കാരുടെയും ജനപ്രതിനിധികളുടെയും ദീർഘകാലമായുള്ള ആവശ്യമായിരുന്നു.