
ബംഗളൂരു : ബംഗൂരുവില്‍ പതിനേഴ്കാരിയെ കാണാതായ സംഭവത്തില്‍ ദുരൂഹതകളേറുന്നു. ബംഗളൂരു സ്വദേശിയായ അഭിഷേകിന്റെ മകള്‍ അനുഷ്‌കയെ ഒക്ടോബര്‍ 31നാണ് വീട്ടില്‍ നിന്ന് കാണാതാകുന്നത്. രണ്ട് മാസത്തോളം നടത്തിയ തിരച്ചിലില്‍ ഇതുവരെ അനുഷ്‌കയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല.
വീട്ടില്‍ നിന്ന് പോകുമ്പോള്‍ രണ്ട് ജോഡി വസ്ത്രങ്ങളും 2500 രൂപയും അനുഷ്‌കയുടെ കൈവശമുണ്ടായിരുന്നു. മകള്‍ വീട് വിട്ടിറങ്ങിയതിന് പിന്നില്‍ മറ്റ് ചിലരുടെ സ്വാധീനമുണ്ടെന്നാണ് പിതാവിന്റെ ആരോപണം. പന്ത്രണ്ടാം ക്ലാസ് പാസ്സായതില്‍ പിന്നെ അനുഷ്‌ക ഷാമനിസത്തില്‍ ആകൃഷ്ടയായിരുന്നുവെന്ന് പിതാവ് വെളിപ്പെടുത്തിയിട്ടുണ്ട്.
പ്രേതങ്ങളും ആത്മാക്കളുമായെല്ലാം സംവദിക്കുന്നതായി പറയപ്പെടുന്ന ഷാമനിസത്തെക്കുറിച്ച് അനുഷ്‌ക ഓണ്‍ലൈനില്‍ വായിക്കുമായിരുന്നു. ഇത്തരം രീതികള്‍ പിന്തുടരുന്നവര്‍ മകളെ സ്വാധീനിച്ചിട്ടുണ്ടെന്നും സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ തക്കവണ്ണം പക്വത കുട്ടിക്കായിട്ടില്ലെന്നും പിതാവ് ആരോപിച്ചു. ഈ രീതി പിന്തുടരണമെന്ന രീതിയില്‍ അനുഷ്‌ക സംസാരിച്ചിരുന്നുവെന്നും അഭിഷേക് ഓര്‍മിച്ചു.
അനുഷ്‌കയില്‍ സെപ്റ്റംബര്‍ മുതലാണ് മാതാപിതാക്കള്‍ മാറ്റങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങിയത്. സാധാരണ കൗമാരക്കാരുടെ ചുറുചുറുക്കോടെ നടന്നിരുന്ന അനുഷ്‌ക പതിയെപ്പതിയെ ആളുകളില്‍ നിന്ന് ഉള്‍വലിയാന്‍ തുടങ്ങി. ഏകാന്തതയെ ഇഷ്ടപ്പെട്ടു, ബാക്കിയുള്ളവരെയെല്ലാം ഒഴിവാക്കാന്‍ ശ്രമിച്ചു. ഇതോടെ മാതാപിതാക്കള്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് കൊണ്ടുപോയെങ്കിലും തുടര്‍ന്ന് ഇവരോട് സംസാരിക്കുന്നത് പോലും അനുഷ്‌ക നിര്‍ത്തി. സ്വന്തമായി കൂടുതല്‍ ഒതുങ്ങി വീട്ടിലെ എല്ലാ കാര്യങ്ങളില്‍ നിന്നും അനുഷ്‌ക വിട്ടുനിന്നിരുന്നതായി അഭിഷേക് അറിയിച്ചിട്ടുണ്ട്.
പോലീസ് അന്വേഷണം കൂടാതെ സ്വന്തമായി സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള അന്വേഷണവും നടത്തുന്നുണ്ട് മാതാപിതാക്കള്‍. അനുഷ്‌കയുടെ ഫോട്ടോ പതിപ്പിച്ചുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ പ്രചരിപ്പിക്കുന്നുണ്ട്.
അടുത്തിടെ പെണ്‍കുട്ടി താല്പര്യം കാണിച്ചിരുന്ന വിഷയങ്ങളില്‍ പോലീസ് ഓണ്‍ലൈന്‍ പരിശോധനകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇക്കാലയളവില്‍ പെണ്‍കുട്ടി ആരെയും ബന്ധപ്പെട്ടിട്ടില്ലെന്നും കൂടുതല്‍ സിസിടിവി ക്യാമറകള്‍ പരിശോധിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും ബംഗളൂരു നോര്‍ത്ത് ഡെപ്യൂട്ടി കമ്മീഷണര്‍ വിനായക് പാട്ടീല്‍ അറിയിച്ചു. നിരവധി സ്ഥലങ്ങളിലെ സിസിടിവി ക്യാമറകള്‍ പോലീസ് ഇതിനോടകം പരിശോധിച്ചിട്ടുണ്ട്. അനുഷ്‌കയുടെ വീടിന് സമീപമുള്ള വഴികളില്‍ സിസിടിവി ക്യാമറകള്‍ ഇല്ലാതിരുന്നത് അന്വേഷണത്തില്‍ വലിയ തിരിച്ചടിയായി.
