Home കർണാടക ബെംഗളൂരു മെട്രോയ്ക്ക് നീളം കൂടുന്നു; മൂന്നാം ഘട്ടത്തിനായുള്ള ടെന്‍ഡര്‍ ക്ഷണിച്ചു; ഡബിള്‍ ഡെക്കര്‍ ഡിസൈന്‍

ബെംഗളൂരു മെട്രോയ്ക്ക് നീളം കൂടുന്നു; മൂന്നാം ഘട്ടത്തിനായുള്ള ടെന്‍ഡര്‍ ക്ഷണിച്ചു; ഡബിള്‍ ഡെക്കര്‍ ഡിസൈന്‍

by admin

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും യാത്രക്കാര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.ഈ വര്‍ഷം ബെംഗളൂരു മെട്രോയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായ വര്‍ഷമാണ്. വലിയ വികസന പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷം നടക്കുന്നത്. ഡിസംബറോടെ പിങ്ക് ലൈന്‍ പൂര്‍ണമായി തുറക്കും. ബ്ലൂ ലൈനിന്റെ ആദ്യ ഘട്ടവും ഡിസംബറില്‍ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ മെട്രോ സര്‍വീസിന്റെ നിരക്കുകള്‍ അടുത്ത മാസം മുതല്‍ അഞ്ചു ശതമാനം വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനം ഉപയോക്താക്കളില്‍ നിരാശ പകരുന്നുണ്ട്.അതിനിടെ, നമ്മ മെട്രോ മൂന്നാം ഘട്ടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി ആരംഭിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇതിന്റെ ഭാഗമായുള്ള ആദ്യഘട്ട സിവില്‍ വര്‍ക്കുകള്‍ക്കായി ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) ടെന്‍ഡറുകള്‍ ക്ഷണിച്ചു. മൂന്നാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ ബെംഗളൂരു മെട്രോയുടെ ആകെ നീളം 222.2 കിലോമീറ്ററായി വര്‍ധിക്കും. നിലവില്‍ ഇത് 96 കിലോമീറ്ററാണ്.44.45 കിലോമീറ്റര്‍ പദ്ധതിയില്‍ രണ്ട് ലൈനുകളും ഏഴ് ഇന്റര്‍ചേഞ്ച് സ്റ്റേഷനുകളുമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രണ്ട് പ്രധാന പാതകളാണ് മൂന്നാം ഘട്ടത്തിലുള്ളത്. ജെപി നഗര്‍ നാലാം ഘട്ടം മുതല്‍ കെമ്പാപുര (ഹെബ്ബാള്‍) വരെയുള്ള 32.15 കിലോമീറ്റര്‍ പാതയും മഗാഡി റോഡിലെ ഹൊസഹള്ളി മുതല്‍ കടബാഗെരെ വരെ 12.5 കിലോമീറ്റര്‍ പാതയും ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി.മൂന്നാം ഘട്ടത്തിന്റെ പ്രത്യേകത ചില ഭാഗങ്ങളില്‍ നിര്‍മ്മിക്കുന്ന ഡബിള്‍ ഡെക്കര്‍ പാതകളാണ്. താഴെ സാധാരണ വാഹനങ്ങള്‍ക്കും മുകളിലെ വരിയില്‍ മെട്രോ ട്രെയിനുകള്‍ക്കും സഞ്ചരിക്കാവുന്ന രീതിയിലാണ് ഡബിള്‍ ഡെക്കര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ആദ്യത്തെ ഇടനാഴിയില്‍ ഡെല്‍മിയ സര്‍ക്കിള്‍ മുതല്‍ ഹെബ്ബാല്‍ വരെ 28.486 കിലോമീറ്ററിലാണ് ഡബിള്‍ ഡെക്കര്‍ ഉള്‍പ്പെടുന്നത്. രണ്ടാമത്തെ പാതയില്‍ കെഎച്ച്‌ബി കോളനിയില്‍ നിന്ന് കഡബാഗെരെയിലേക്ക് 8.635 കിലോമീറ്ററിലാണ് ഡബിള്‍ ഡെക്കറുള്ളത്.2031 മേയ് മാസത്തോടെ മൂന്നാം ഘട്ടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഏകദേശം 15,611 കോടി രൂപയാണ് ഈ പദ്ധതിക്കായി പ്രതീക്ഷിക്കുന്ന ചെലവ്. ഇതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതത്തിന് പുറമെ ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സിയില്‍ നിന്നുള്ള വായ്പയും ഉള്‍പ്പെടുന്നു. ഡബിള്‍ ഡെക്കറിന് വരുന്ന 9,692.33 കോടി രൂപ പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.ഔട്ടര്‍ റിംഗ് റോഡിലെയും മഗാഡി റോഡിലെയും ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ ഈ പുതിയ പാതകള്‍ സഹായിക്കും. പ്രതിദിനം ഏകദേശം 7.85 ലക്ഷം പേര്‍ ഈ പാത ഉപയോഗിക്കുമെന്നാണ് കണക്കുകൂട്ടല്‍.

You may also like

error: Content is protected !!
Join Our WhatsApp Group