ബെംഗളൂരു നമ്മ മെട്രോ തങ്ങളുടെ ഏറ്റവും വലിയ ഇടനാഴി വികസിപ്പിക്കാനൊരുങ്ങുന്നു. തെക്കുകിഴക്കൻ ബെംഗളൂരുവിലെ പുതിയ അന്താരാഷ്ട്ര കായിക സമുച്ചയത്തിലേക്ക് ഒരു പുതിയ ബ്രാഞ്ച് ലൈൻ സ്ഥാപിച്ചുകൊണ്ടാണ് ഈ വികസനം.ബെംഗളൂരു മെട്രോ റെയില്‍ കോർപറേഷൻ (ബി എം ആർ സി എല്‍)) 68 കിലോമീറ്റർ മെട്രോ പാതയുടെ സാധ്യത പഠനം പൂർത്തിയാക്കി. ബന്നാർഘട്ട റോഡിലെ കലേന അഗ്രഹാരയെ വൈറ്റ്‌ഫീല്‍ഡിനടുത്തുള്ള കടുകോടി ട്രീ പാർക്കുമായി ബന്ധിപ്പിക്കുന്നതായിരിക്കും പാത.ബന്നാർഘട്ട, ജിഗനി, അത്തിബലെ, സർജാപുർ, ദൊമ്മാസന്ദ്ര സർക്കിള്‍, വർതൂർ കോടി തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഈ ലൈൻ നഗരത്തിലെ പ്രധാന ടെക് ഹബുകള്‍ക്ക് പ്രയോജനപ്പെടും.പാതയുടെ അലൈൻമെന്റ്, ട്രാഫിക് ഡിമാൻഡ്, ഭൂമി ഏറ്റെടുക്കല്‍, ചെലവ് കണക്കുകള്‍, സ്റ്റേഷനുകളുടെ എണ്ണം, യാത്രക്കാരുടെ എണ്ണം എന്നിവ ഉള്‍ക്കൊള്ളുന്ന പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കി കഴിഞ്ഞു. ഡല്‍ഹി ആസ്ഥാനമായുള്ള ഇൻട്രോസോഫ്റ്റ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിനായിരുന്നു ഇതിന്റെ ചുമതല.ബെംഗളൂരുവില്‍ 2,350 കോടി രൂപ ചെലവില്‍ ഒരു അന്താരാഷ്ട്ര കായിക സമുച്ചയത്തിന് സംസ്ഥാന മന്ത്രിസഭ അടുത്തിടെ അംഗീകാരം നല്‍കിയിരുന്നു. ആനേക്കല്‍ താലൂക്കിലെ ഇന്ദലവാടിയിലെ സൂര്യ സിറ്റി ഫേസ് 4-ലാണ് ഈ കൂറ്റൻ പദ്ധതി ഒരുങ്ങുക. ഈ പുതിയ കായിക സമുച്ചയത്തിലേക്ക് മെട്രോ കണക്റ്റിവിറ്റി ഒരുക്കാൻ ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡിന് (BMRCL) നിർദേശം നല്‍കിയിട്ടുണ്ട്. ഇതുകൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സാധ്യതപഠനമാണ് ഉപ്പോള്‍ കണ്‍സള്‍ട്ടന്റ് നടത്തുന്നത്. ഇതോടെ പാതയുടെ ആകെ ദൈർഘ്യം 72 കിലോമീറ്ററായി വർധിക്കും.സാധ്യത റിപ്പോർട്ട് ഒക്ടോബർ അവസാനത്തോടെ സംസ്ഥാന സർക്കാരിന് സമർപ്പിക്കാനാണ് ബിഎംആർസിഎല്‍ പദ്ധതിയെന്ന് ഡെക്കാൻ ഹെരാല്‍ഡ് റിപ്പോർട്ട് ചെയ്തു. പദ്ധതിക്ക് അംഗീകാരം ലഭിച്ചാല്‍ ഡിപിആർ നടപടികളിലേക്ക് കടക്കുമെന്ന് കമ്ബനി അറിയിച്ചു.ഡിപിആർ തയ്യാറാക്കാൻ സാധാരണയായി ഒരു വർഷവും സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ അനുമതികള്‍ക്ക് രണ്ട് വർഷം വരെയും എടുത്തേക്കാം. അനുമതികള്‍ ലഭിച്ചാല്‍ 2029-ഓടെ നിർമ്മാണം ആരംഭിക്കുകയും അഞ്ചു മുതല്‍ പത്ത് വർഷത്തിനുള്ളില്‍ പദ്ധതി പൂർത്തിയാക്കുകയും ചെയ്യും.ഭൂമിക്കടിയിലൂടെയും മുകളിലൂടെയുമുള്ള പാതകള്‍ ഉള്‍പ്പെടുന്ന ഈ ഇടനാഴി സാങ്കേതികമായി വളരെയേറെ വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സർജാപുർ മേഖലയില്‍ വരുന്ന സ്വിഫ്റ്റ് സിറ്റി, സ്റ്റാർട്ടപ്പുകള്‍ക്കും വർക്ക്‌ഷോപ്പുകള്‍ക്കുമായി 1,000 ഏക്കറില്‍ ഒരുങ്ങുന്ന സംയോജിത ടൗണ്‍ഷിപ്പ് എന്നിവയെയും ലൈൻ ബന്ധിപ്പിക്കും.”പ്രദേശം ഇപ്പോഴും വികസ്വര ഘട്ടത്തിലായതുകൊണ്ട് സ്റ്റേഷനുകള്‍ തമ്മിലുള്ള ദൂരം കൂടുതലായിരിക്കും. എന്നിരുന്നാലും എന്നിരുന്നാലും, ഈ പാതയില്‍ 50-ല്‍ അധികം സ്റ്റേഷനുകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഭവന, നഗരകാര്യ മന്ത്രാലയത്തിൻ്റെ (MoHUA) നിർദ്ദേശപ്രകാരം BMRCL തയ്യാറാക്കുന്ന 210.9 കിലോമീറ്റർ മാസ്റ്റർപ്ലാനിന്റെ ഭാഗമാണ് ഈ ലൈൻ. പുതിയ മാസ്റ്റർ പ്ലാനില്‍ ആറ് പുതിയ പാതകളും രണ്ട് പുതിയ ലൈനുകളും ഉള്‍പ്പെടുന്നു. ഇത് ബെംഗളൂരുവിന്റെ മെട്രോ ശൃംഖലയുടെ ആകെ ദൂരം 467.69 കിലോമീറ്ററായി ഉയർത്തും. ഈ വികസനം ഡല്‍ഹി-എൻസിആറിന്റെ ആസൂത്രിത 467 കിലോമീറ്റർ മെട്രോ ശൃംഖലയ്ക്ക് സമാനമായ വലുപ്പത്തില്‍ ബെംഗളൂരുവിനെയും എത്തിക്കും.
 
