ബെംഗളൂരു: നഗരവാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ് നമ്മ മെട്രോയുടെ ഭാഗമായ പിങ്ക് ലൈന്‍ പ്രവര്‍ത്തനക്ഷമമാകുന്നത്.കലേന അഗ്രഹാര മുതല്‍ തവരേക്കരെ വരെ നീളുന്ന പിങ്ക് ലൈന്റെ ആദ്യ ഘട്ടം അടുത്ത വര്‍ഷം ജൂണില്‍ ഭാഗികമായി പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. 7.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റൂട്ടിലാണ് ആദ്യ ഘട്ടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുകയെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് അറിയിച്ചു.രാജ്യത്തെ മെട്രോ ശൃംഖലയില്‍ പുതിയ വിപ്ലവം തീര്‍ത്ത് ഈ ലൈനില്‍ ആദ്യമായി ഡ്രൈവര്‍ലെസ് ട്രെയിനുകള്‍ സര്‍വീസ് നടത്തും. ഡ്രൈവറുടെ ആവശ്യമില്ലാത്ത അഞ്ച് ട്രെയിന്‍ സെറ്റുകളായിരിക്കും ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുക. ഡ്രൈവറില്ലാ ട്രെയിനിന്റെ പ്രോട്ടോടൈപ്പ് ഇന്ന് (ഡിസംബര്‍ 11) രാവിലെ അനാച്ഛാദനം ചെയ്തിരുന്നു. ഡിസംബര്‍ പകുതിയോടെ ഈ ട്രെയിന്‍ കൂടുതല്‍ സുരക്ഷാ, പ്രകടന പരിശോധനകള്‍ക്കായി കോത്തന്‍പൂര്‍ ഡിപ്പോയിലേക്ക് മാറ്റും. ട്രെയിലറുകളിലാണ് ട്രെയിന്‍ 20 കിലോമീറ്റര്‍ അകലെയുള്ള കൊത്തനൂര്‍ ഡിപ്പോയിലേക്ക് എത്തിക്കുന്നത്.image credit: https://x.com/BEMLltdരാവിലെ അഞ്ചു മണി മുതല്‍ അര്‍ധരാത്രി വരെയായിരിക്കും പിങ്ക് ലൈനിന്റെ ദൈനംദിന പ്രവര്‍ത്തന സമയം. മൊത്തം 21 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പിങ്ക് ലൈന്‍ അടുത്ത വര്‍ഷം ഡിസംബറോടെ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഇതിനായുള്ള ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ഡയറി സര്‍ക്കിള്‍, നാഗവാര തുടങ്ങിയ പ്രധാന പ്രദേശങ്ങളെ പിങ്ക് ലൈന്‍ ബന്ധിപ്പിക്കും.പിങ്ക് ലൈനില്‍ പ്രവര്‍ത്തനം പൂര്‍ണസജ്ജമായാല്‍ 23 ട്രെയിന്‍ സെറ്റുകള്‍ സര്‍വീസ് നടത്തും. തിരക്കുള്ള സമയങ്ങളില്‍ ഓരോ നാലര മിനിറ്റിലും, തിരക്കില്ലാത്ത സമയങ്ങളില്‍ ഓരോ എട്ട് മിനിറ്റിലും ട്രെയിനുകള്‍ ഓടും.
ഡ്രൈവര്‍ ആവശ്യമില്ലാത്ത ട്രെയിനില്‍ നൂതനമായ കമ്മ്യൂണിക്കേഷന്‍ അധിഷ്ഠിത ട്രെയിന്‍ കണ്‍ട്രോള്‍ സംവിധാനമാണ് ഉപയോഗിക്കുക. പ്രവര്‍ത്തനം ആദ്യം തുടങ്ങുമ്ബോള്‍ സുരക്ഷ ഉറപ്പാക്കാനായി പകുതി നിയന്ത്രണം ഡ്രൈവര്‍മാരുടെ കൈയിലായിരിക്കും. സെമി-ഓട്ടോമേറ്റഡ് മോഡില്‍ ആയിരിക്കും ട്രെയിനുകള്‍ പ്രവര്‍ത്തിക്കുക. ഈ ഘട്ടത്തില്‍, വാതിലുകളും അടിയന്തര നിയന്ത്രണങ്ങളും ഡ്രൈവര്‍മാരായിരിക്കും കൈകാര്യം ചെയ്യുക. എല്ലാ സുരക്ഷാ പരിശോധനകളും പൂര്‍ത്തിയായി, യാത്രക്കാര്‍ പുതിയ സാങ്കേതിക വിദ്യയുമായി പൊരുത്തപ്പെട്ട ശേഷം ട്രെയിനുകള്‍ പൂര്‍ണമായും ഓട്ടോമേഷനിലേക്കു മാറും.പൂര്‍ണ്ണ തോതില്‍ പിങ്ക് ലൈന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി, എല്ലാ ട്രെയിന്‍ സെറ്റുകളും നിരവധി തവണ പരിശോധനകള്‍ക്കു വിധേയമാക്കും. യാത്രക്കാരുടെ സുരക്ഷയ്ക്കായിരിക്കും മുന്‍ഗണന.2023 ഓഗസ്റ്റ് ഏഴിനാണ് 53 ഡ്രൈവറില്ലാ ട്രെയിന്‍ സെറ്റുകള്‍ വിതരണം ചെയ്യുന്നതിനുള്ള 3,177 കോടി രൂപയുടെ കരാര്‍ ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡിന് ലഭിക്കുന്നത്. ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് (ബിഎംആര്‍സിഎല്‍) കരാര്‍ നല്‍കിയത്.രണ്ടു വര്‍ഷത്തിനുള്ളില്‍ ബെംഗളൂരു മെട്രോയില്‍ വലിയ മാറ്റങ്ങളാണു വരാന്‍ പോകുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ നഗരത്തിലെ പര്‍പ്പിള്‍, ഗ്രീന്‍, യെല്ലോ ഉള്‍പ്പെടെ എല്ലാ ലൈനുകളിലും ട്രെയിനുകള്‍ ഓരോ നാല് മിനിറ്റിലും ഓടിക്കാനാണ് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കൂടുതല്‍ മെട്രോ ട്രെയിനുകള്‍ കൊണ്ടുവരാനുള്ള നീക്കത്തിലാണ് ബിഎംആര്‍സിഎല്‍.