Home കർണാടക ബെംഗളൂരു മെട്രോ; ടിക്കറ്റ് നിരക്ക് വര്‍ധനയ്‌ക്കെതിരേ യാത്രക്കാര്‍;

ബെംഗളൂരു മെട്രോ; ടിക്കറ്റ് നിരക്ക് വര്‍ധനയ്‌ക്കെതിരേ യാത്രക്കാര്‍;

by admin

ബെംഗളൂരു : നമ്മ മെട്രോയുടെ ടിക്കറ്റ് നിരക്ക് അഞ്ചു ശതമാനം വര്‍ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ യാത്രക്കാര്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉയരുകയാണ്.സാധാരണക്കാരുടെ ആശ്രയമായ മെട്രോയുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത് കുടുംബ ബജറ്റിനെ ബാധിക്കുമെന്ന വിമര്‍ശനം ശക്തമാണ്. ഐടി ജീവനക്കാര്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് യാത്രക്കാരാണ് ദിനംപ്രതി നമ്മ മെട്രോയില്‍ സഞ്ചരിക്കുന്നത്. ബെംഗളൂരുവിലെ ഗതാഗതക്കുരുക്കില്‍ മണിക്കൂറുകളോളം സമയം നഷ്ടപ്പെടുത്താതെ പെട്ടെന്ന് ലക്ഷ്യസ്ഥാനത്ത് എത്താം എന്നതാണ് മെട്രോ സര്‍വീസുകളുടെ ഏറ്റവും വലിയ ഗുണം.ടിക്കറ്റ് നിരക്കുകള്‍ കൂട്ടാനുള്ള ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ തീരുമാനം വലിയ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. മെട്രോ ശൃംഖലയുടെ വികസനത്തിനും പരിപാലനത്തിനുമായി കൂടുതല്‍ ഫണ്ട് ആവശ്യമാണെന്നാണ് അധികൃതരുടെ വാദം. എന്നാല്‍കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ 75 ശതമാനം വര്‍ധനയ്ക്ക് ശേഷം വീണ്ടുമുള്ള വര്‍ധന യാത്രക്കാരില്‍ അമിതമായ സാമ്പത്തിക ഭാരം വരുത്തും. ഫെബ്രുവരിയിലെ നിരക്ക് വര്‍ധന പിന്‍വലിക്കണമെന്നും ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചാല്‍ പ്രതിഷേധിക്കുമെന്നും യാത്രക്കാര്‍ മുന്നറിയിപ്പു നല്‍കുന്നു.യാത്രാ നിരക്ക് വര്‍ധിപ്പിച്ചാല്‍ അത് സാധാരണക്കാരായ യാത്രക്കാരെ സാരമായി ബാധിക്കുമെന്ന് ബെംഗളൂരു നിവാസികള്‍ പറയുന്നു. നിലവില്‍ ട്രാഫിക് ബ്ലോക്കുകള്‍ കൊണ്ട് വലയുന്ന നഗരത്തില്‍ മെട്രോയെ ആശ്രയിക്കുന്നവരുടെ എണ്ണം കുറയാന്‍ ഇത് കാരണമാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിരക്ക് വര്‍ധിപ്പിക്കുന്നതിന് മുന്‍പായി മെട്രോയുടെ സമയക്രമം പാലിക്കാനും തിരക്ക് നിയന്ത്രിക്കാനും കൂടുതല്‍ കോച്ചുകള്‍ അനുവദിക്കാനുമാണ് ബിഎംആര്‍സിഎല്‍ ശ്രദ്ധിക്കേണ്ടതെന്ന് യാത്രക്കാര്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ വര്‍ഷം കുത്തനെ വര്‍ധിപ്പിച്ച നിരക്കുകള്‍ ബിഎംആര്‍സിഎല്‍ കുറയ്ക്കണമെന്നാണ് ചില യാത്രക്കാരുടെ ആവശ്യം.മെട്രോ ലാഭത്തിലല്ലെന്ന വാദം നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള ന്യായീകരണമായി കാണാനാവില്ലെന്നും, ഇത് പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതിന് എതിരാണെന്നും യാത്രക്കാരുടെ കൂട്ടായ്മകള്‍ ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ മെട്രോ സര്‍വീസുകളില്‍ യാത്രക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. പീക്ക് അവറുകളില്‍ മെട്രോ ട്രെയിനുകളില്‍ ശ്വാസം വിടാന്‍ പോലും കഴിയാത്ത വിധത്തിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. പ്രത്യേകിച്ച്‌ മജസ്റ്റിക് (ങമഷലേെശര) പോലുള്ള പ്രധാന സ്റ്റേഷനുകളില്‍ ട്രെയിനില്‍ കയറാന്‍ പോലും വലിയ പ്രയാസമാണ്.നിലവില്‍ മിക്ക മെട്രോ ട്രെയിനുകളും ആറ് കോച്ചുകളുമായാണ് സര്‍വീസ് നടത്തുന്നത്. തിരക്ക് പരിഗണിച്ച്‌ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നത് യാത്രക്കാരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. പാര്‍ക്കിംഗ് സൗകര്യങ്ങളുടെ കുറവും യാത്രക്കാര്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ്. പല മെട്രോ സ്റ്റേഷനുകളിലും സ്വന്തം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം പരിമിതമാണ്. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കിയ ശേഷം നിരക്ക് വര്‍ധിപ്പിക്കാനാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group