Home തിരഞ്ഞെടുത്ത വാർത്തകൾ ബെംഗളൂരു മെട്രോ; 21 ട്രെയിനുകള്‍ വരുന്നു: പര്‍പ്പിള്‍, ഗ്രീന്‍ ലൈനിലെ സര്‍വീസുകള്‍ അടിമുടി പരിഷ്‌കരിക്കും

ബെംഗളൂരു മെട്രോ; 21 ട്രെയിനുകള്‍ വരുന്നു: പര്‍പ്പിള്‍, ഗ്രീന്‍ ലൈനിലെ സര്‍വീസുകള്‍ അടിമുടി പരിഷ്‌കരിക്കും

by admin

ബെംഗളൂരു :നമ്മ മെട്രോയില്‍ ട്രെയിനുകളുടെ വിന്യാസത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബി.എം.ആര്‍.സി.എല്‍).സര്‍വീസുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ചൈനീസ് കമ്ബനിയായ സിആര്‍ആര്‍സി (ചൈനീസ് റോളിങ് സ്റ്റോക്ക് കമ്ബനി) നിര്‍മ്മിച്ച 21 പുതിയ ട്രെയിനുകള്‍ പൂര്‍ണമായും ഗ്രീന്‍ ലൈന്‍ പാതയില്‍ (മാധവര – സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട്) സര്‍വീസ് നടത്താനാണ് നിലവിലെ തീരുമാനം. മാധവരയ്ക്കും സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിനും ഇടയിലുള്ള ഗ്രീന്‍ ലൈന്‍ ഇടനാഴിയുടെ ശേഷി വര്‍ധിപ്പിക്കുന്നതിനാണ് പുതിയ ട്രെയിനുകള്‍ ഒരു പാതയില്‍ മാത്രമായി പരിമിതപ്പെടുത്തുന്നത്.ആറ് കോച്ചുകളുള്ളതാണ് പുതിയ ട്രെയിന്‍ സെറ്റുകള്‍. പുതിയ ട്രെയിനുകള്‍ ഗ്രീന്‍ ലൈനില്‍ എത്തുന്നതോടെ, അവിടെ നിലവില്‍ സര്‍വീസ് നടത്തുന്ന 17 പഴയ ട്രെയിനുകള്‍ പര്‍പ്പിള്‍ ലൈനിലേക്ക് മാറ്റും. ഇതോടെ നിലവില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന പര്‍പ്പിള്‍ ലൈനിലെ (വൈറ്റ്ഫീല്‍ഡ് – ചല്ലഘട്ട) യാത്രാക്ലേശത്തിന് വലിയ പരിഹാരമാകും. പര്‍പ്പിള്‍ ലൈനിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ ലഭ്യമാകുന്നതോടെ തിരക്കേറിയ സമയങ്ങളില്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധിക്കും. നമ്മ മെട്രോ ശൃംഖലയില്‍ പര്‍പ്പിള്‍ ലൈനിലാണ് യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ സഞ്ചരിക്കുന്നത്.ചൈനീസ് കമ്ബനി നിര്‍മിച്ച പുതിയ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം പുരോഗമിക്കുകയാണ്. ചൈനയില്‍ നിര്‍മ്മിച്ച ആദ്യ പ്രോട്ടോടൈപ്പ് ട്രെയിന്‍ ഈ വര്‍ഷം ജനുവരിയില്‍ ബെംഗളൂരുവിലെത്തിയിരുന്നു. ജലഹള്ളിക്കും മന്ദ്രി സ്‌ക്വയറിനും ഇടയിലുള്ള പാതയില്‍, മെട്രോ സര്‍വീസുകള്‍ ഇല്ലാത്ത രാത്രി 11.30 നും പുലര്‍ച്ചെ 3.30 നും ഇടയിലാണ് സുരക്ഷാ പരിശോധനകള്‍ നടക്കുന്നത്.

ഈ വര്‍ഷം ജനുവരി 10-ന് ഈ പരിശോധനകള്‍ പൂര്‍ത്തിയാകും. തുടര്‍ന്ന് റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള വിവിധ ഏജന്‍സികളുടെ അനുമതി ലഭിക്കുന്നതോടെ മാര്‍ച്ചില്‍ ഗ്രീന്‍ ലൈനില്‍ സര്‍വീസ് ആരംഭിക്കുമെന്ന് ബിഎംആര്‍സിഎല്‍ അധികൃതര്‍ അറിയിച്ചു.എല്ലാ സിആര്‍ആര്‍സി ട്രെയിനുകളും ഒരു ലൈനില്‍ തന്നെ സര്‍വീസ് നടത്തുന്നത് വഴി അറ്റകുറ്റപ്പണികള്‍ എളുപ്പമാകും. സ്‌പെയര്‍ പാര്‍ട്‌സുകളും മറ്റ് സാങ്കേതിക സൗകര്യങ്ങളും ഒരു ഡിപ്പോയില്‍ മാത്രം ഒരുക്കിയാല്‍ മതിയാകും. ഇത് അറ്റകുറ്റപ്പണികളുടെ ചെലവ് കുറയ്ക്കാനും വേഗത കൂട്ടാനും സഹായിക്കും. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി, 20 ട്രെയിനുകള്‍ പശ്ചിമ ബംഗാളിലെ ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡിലാണ് നിര്‍മ്മിക്കുന്നത്.നിലവില്‍ ബെംഗളൂരു മെട്രോയില്‍ 57 ട്രെയിനുകളാണുള്ളത്. യാത്രക്കാരുടെ എണ്ണം പ്രതിദിനം 10 ലക്ഷത്തിലേക്ക് അടുക്കുന്ന സാഹചര്യത്തില്‍ ഈ എണ്ണം ഒട്ടും പര്യാപ്തമല്ല. പുതിയ ട്രെയിനുകള്‍ എത്തുന്നതോടെ മെട്രോ സര്‍വീസുകളുടെ എണ്ണം മെച്ചപ്പെടുമെന്നും യാത്രാസമയം കുറയുമെന്നും പ്രതീക്ഷിക്കുന്നു. വരാനിരിക്കുന്ന യെല്ലോ ലൈനിലേക്കുള്ള കോച്ചുകള്‍ ഉള്‍പ്പെടെ ആകെ 216 കോച്ചുകള്‍ എത്തിക്കാനാണ് സിആര്‍ആര്‍സിയുമായി ബിഎംആര്‍സിഎല്‍ കരാറിലേര്‍പ്പെട്ടിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group