ബെംഗളുരു: മാവേലിനാടിന്റെ പാരമ്പര്യത്തിനും പകിട്ടിനും കുറവു വരുത്താതെ ബെംഗളൂരു മലയാളികൾക്ക് ഇന്ന് തിരുവോണം. ഫ്ലാറ്റുകളിലെ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങുന്നവർ ബാൽക്കണികളിലെ ഇത്തിരി മുറ്റങ്ങളിലും മറ്റും പൂക്കളമൊരുക്കി ഇന്ന് മാവേലി മന്നനെ വരവേൽക്കും. പൂക്കളവും പുലിക്കളിയും ചെണ്ടമേളവും ഓണസദ്യയും ഒരുക്കി വിപുലമായ ആഘോഷമാണിവിടെ. ഓണക്കോടിയെടുക്കാനും സദ്യവട്ടം ഒരുക്കാനുമുള്ള തിരക്കായിരുന്നു ഉത്രാട ദിനത്തിൽ നഗരത്തിലെങ്ങും. നാട്ടിലേക്കു പോകാൻ കഴിയാത്ത മലയാളി കുടുംബങ്ങൾ അവരുടെ മറുനാട്ടുകാരായ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ഇന്നു വീട്ടിലേക്ക് വിളിച്ച് ഇലയിട്ട് സദ്യ വിളമ്പും.
വീട്ടിൽ സദ്യയൊരുക്കാൻ കഴിയാത്തവർക്കായി ഹോട്ടലുകളും മറ്റും ഓണസദ്യ പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്. നഗരത്തിലെ അപ്പാർട്മെന്റുകളിലും ഐടി, ബിപിഒ കമ്പനികളിലും മറ്റും ഓണാഘോഷം ഒരു മാസം മുൻപേ ആരംഭിച്ചു കഴിഞ്ഞു. തിരുവോണം കഴിഞ്ഞ് 2 മാസം കൂടി ഇതു നീണ്ടു നിൽക്കും. മലയാളി സംഘടനകളും മറ്റും മത്സരിച്ചാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. പോയകാലത്തെ ഓണസ്മരണകൾ ഉണർത്താൻ പാകത്തിലുള്ള നാടൻ പരിപാടികളും ഏറെയുണ്ടാകും.
വിവിധ ലേഔട്ടുകൾ കേന്ദ്രീകരിച്ച് സംഘടനകൾ പൂക്കള മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഓണത്തിന് വിരുന്നുകാരും തിരുവോണം ആഘോഷിക്കാൻ അവസാന നിമിഷം നാടുപിടിക്കാനുള്ള നെട്ടോട്ടത്തിനു പുറമേ, മറുനാട്ടിൽ മക്കൾക്കൊപ്പം ഓണമാഘോഷിക്കാൻ നാട്ടിൽ നിന്നെത്തുന്നരെക്കൂടി വരവേൽക്കുകയാണ് നഗരം. കേരളത്തിൽ ഓണാവധിക്ക് സ്കൂളുകൾ അടച്ചതിനാൽ കുടുംബസമേതം ബെംഗളുരുവിലെ ബന്ധുവീടുകളിലേക്ക് എത്തുന്നവരേറെയാണ്. സ്വന്തം വാഹനങ്ങളിലും മറ്റും വരുന്നവർ മൈസുരുവിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെ സന്ദർശിക്കാനും സമയം കണ്ടെത്തുന്നുണ്ട്.
ബാംഗ്ലൂർ കേരള സമാജത്തിന്റെ നേതൃത്വത്തിൽ വിവിധ സോണുകളിലായി 500 കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. ഈസ്റ്റ് സോണിൽ നടത്തിയ കിറ്റ് വിതരണം ജനറൽ സെക്രട്ടറി റജികുമാർ ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ ജി.വിനു അധ്യക്ഷത വഹിച്ചു. കെആർ പുരം സോൺ, മല്ലേശ്വരം സോൺ എന്നിവിടങ്ങളിൽ നടന്ന ചടങ്ങ് പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻമാരായ ഹനീഫ്, രാജഗോപാൽ എന്നിവർ അധ്യക്ഷത വഹിച്ചു. കന്റോൺമെന്റ് സോണിൽ നടന്ന കിറ്റ് വിതരണത്തിന് വൈസ് ചെയർമാൻ മുരളീധരൻ നേതൃത്വം നൽകി.
കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിന്റെ നേതൃത്വത്തിൽ അംഗങ്ങൾക്കായി ഇന്ന് വീടുകളിൽ പൂക്കളമത്സരം സംഘടിപ്പിക്കും. വിജയികൾക്ക് സെപ്റ്റംബർ 24ന് നടക്കുന്ന ഓണാഘോഷ ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.
വൈറ്റ്ഫീൽഡ് സരസ്വതി എജ്യുക്കേഷൻ ട്രസ്റ്റിന്റെ അമ്മ മലയാളം പഠന ക്ലാസിലെ ഓണാഘോഷം എഴുത്തുകാരി കെ.പി. സുധീര ഉദ്ഘാടനം ചെയ്തു. ഡോ.സുഷമ ശങ്കർ അധ്യക്ഷത വഹിച്ചു. ബി.ശങ്കർ, റബിൻ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.