ബെംഗളൂരു: ബെംഗളൂരുവില്‍ ഏറ്റവും ചരിത്രപ്രാധാന്യവും തിരക്കേറിയതുമായ കെമ്ബെഗൗഡ ബസ് സ്റ്റേഷന്റെ ലുക്ക് (മജസ്റ്റിക് ബസ് സ്റ്റാന്‍ഡ്) അടിമുടി മാറ്റാന്‍ ഒരുങ്ങുന്നു.1,500 കോടി രൂപ ചെലവിട്ട് മള്‍ട്ടി-മോഡല്‍ ഗതാഗത ഹബ്ബാക്കാനാണ് തീരുമാനം. 32 ഏക്കറിലുള്ള ബസ് ഹബ് പൂര്‍ണമായും പുനര്‍നിര്‍മിക്കാനാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. ആധുനിക മെട്രോ നഗരത്തിന് അനുയോജ്യമായ രീതിയില്‍ എല്ലാ പൊതുഗതാഗത മാര്‍ഗങ്ങളും തമ്മിലുള്ള കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്ന ഗതാഗത കേന്ദ്രമായി നിര്‍മിക്കാനാണ് പദ്ധതി.ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ബസ് ടെര്‍മിനലാണ് മജസ്റ്റിക് ബസ് ടെര്‍മിനല്‍. ലക്ഷക്കണക്കിന് യാത്രക്കാരാണ് പ്രതിദിനം ഇവിടെ എത്തുന്നത്. ഇവിടെ നിലവിലുള്ള കെഎസ്ആര്‍ടിസി, ബിഎംടിസി ബസ് സ്റ്റേഷനുകള്‍ പൊളിച്ചുമാറ്റും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ബസ്, റെയില്‍, മെട്രോ, സബര്‍ബന്‍ റെയില്‍ കണക്റ്റിവിറ്റി എന്നിവ സംയോജിപ്പിച്ച് മള്‍ട്ടി-മോഡല്‍ ഗതാഗത ഹബ്ബാക്കാനാണ് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് (കെഎസ്ആര്‍ടിസി) ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ബഹുനില വാണിജ്യ ടവറുകള്‍, റീട്ടെയില്‍ കേന്ദ്രങ്ങള്‍ എന്നിവയും നിര്‍മിക്കും. പദ്ധതിച്ചെലവ് ഏകദേശം 1,500 കോടി രൂപയാണ് കണക്കാക്കുന്നത്.പദ്ധതി യാഥാര്‍ത്ഥ്യമാകുമ്ബോള്‍ എല്ലാ പൊതുഗതാഗത മാര്‍ഗങ്ങളുടെയും സംയോജന കേന്ദ്രമായി ഈ പ്രദേശം മാറും.
നിര്‍ദിഷ്ട പദ്ധതി പ്രകാരം കെഎസ്ആര്‍ടിസി ടെര്‍മിനല്‍, ബിഎംടിസി ടെര്‍മിനല്‍, കെഎസ്ആര് ബെംഗളൂരു റെയില്‍വേ സ്റ്റേഷന്, മജസ്റ്റിക് മെട്രോ സ്റ്റേഷന്, സബര്‍ബന്‍ റെയില്‍ ഇന്റര്‍ചേഞ്ച് എന്നിവ തമ്മില്‍ നേരിട്ടു ബന്ധിപ്പിക്കും. ഇതോടെ യാത്രക്കാര്‍ക്ക് സബ്വേകളെ ആശ്രയിക്കേണ്ടതിന്റെ ആവശ്യകത തന്നെ ഇല്ലാതാകും.1969-ല്‍ നിര്‍മ്മിച്ച മജസ്റ്റിക് ബസ് സ്റ്റേഷനില്‍ പ്രതിദിനം ലക്ഷക്കണക്കിന് യാത്രക്കാരാണ് വന്നുപോകുന്നത്. കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍ പ്രതിദിനം 80,000 യാത്രക്കാരും ബിഎംടിസി ബസ് സ്റ്റേഷനില്‍ പ്രതിദിനം അഞ്ചു ലക്ഷത്തോളം യാത്രക്കാരുമാണ് എത്തുന്നത്. ഇരു ടെര്‍മിനലുകളില്‍ നിന്നുമായി പ്രതിദിനം 11,150 ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് പദ്ധതി നടപ്പിലാക്കുക. തിരഞ്ഞെടുക്കപ്പെടുന്ന സ്വകാര്യ ഡെവലപ്പര്‍ പദ്ധതിക്ക് ധനസഹായം നല്കുന്ന വിധമാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. മള്‍ട്ടി-മോഡല്‍ ഗതാഗത ഹബ്ബില്‍ നിന്നു ലഭിക്കുന്ന വരുമാനം കെഎസ്ആര്‍ടിസിയുമായി പങ്കിടുകയും ചെയ്യും.പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി ഗുരുഗ്രാം ആസ്ഥാനമായുള്ള റീസര്‍ജന്റ് ഇന്ത്യ ലിമിറ്റഡിനെ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന്. പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് കണ്‍സള്‍ട്ടന്റ് ജനുവരി അവസാനത്തോടെ സമര്‍പ്പിക്കും. 6.5 കോടിയാണ് കണ്‍സള്‍ട്ടന്‍സി ഫീസ്.പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്കിക്കഴിഞ്ഞാല്, സ്വകാര്യ ഡെവലപ്പറെ തിരഞ്ഞെടുക്കുന്നതിന് ടെന്‍ഡറുകള്‍ ക്ഷണിക്കും. നമ്മ മെട്രോയുടെ വികസനവും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഒരു ദശലക്ഷം ചതുരശ്ര മീറ്ററിലധികം വരുന്ന വാണിജ്യ കേന്ദ്രം നിര്‍മ്മിക്കാനും ഏറ്റവും വലിയ പാര്‍ക്കിംഗ് സൗകര്യം സ്ഥാപിക്കാനുമാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്പ്പറേഷന് ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) ഉദ്ദേശിക്കുന്നത്.