ബെംഗളൂരു: നഗരത്തിലെ താമസക്കാർക്കിടയിൽ സുരക്ഷാപരമായ ആശങ്ക വർദ്ധിപ്പിക്കുന്നതായി കോട്ടൺപേട്ടിൽ സ്ത്രീയെ കൊലപ്പെടുത്തിയം സംഭവം. ബെംഗളൂരു കോട്ടണ്‍പേട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ലത പ്രകാശ് എന്ന നാൽപ്പതുകാരിയെയാണ് വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഇവരുടെ കഴുത്ത് ഞെരിച്ചതിന്റെ പാടുകളുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടില്‍ നിന്ന് 150 ഗ്രാം തൂക്കമുള്ള സ്വര്‍ണം രണ്ട് ലക്ഷം രൂപ, മൊബൈല്‍ ഫോൺ എന്നിവ കവര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
കർണാടകത്തിലെ ബിദാർ സ്വദേശികളാണ് ലതയും കുടുംബവും. കുടുംബത്തോടൊപ്പം ബെംഗളൂരുവിൽ വാടകവീട്ടിലാണ് കഴിയുന്നത്. 10 വർഷമായി ഇവർ ബെംഗളൂരുവിൽ താമസിക്കുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.ലതയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സ്വര്‍ണമാലയും പണവും കവര്‍ന്നതായാണ് പോലീസ് മനസ്സിലാക്കുന്നത്. ലതയുടെ കാതിലെ ആഭരണങ്ങൾ കവർന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. സംഭവ സമയത്ത് ലത മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇവരുടെ ഭര്‍ത്താവ് പ്രകാശ് ബെംഗളൂരുവില്‍ വസ്ത്ര വ്യാപാരിയാണ്. ഇദ്ദേഹം കടയിലായിരുന്നു. മകള്‍ ജോലിക്കും, പത്താം തരത്തിൽ പഠിക്കുന്ന മകന് സ്കൂളിലും പോയതായിരുന്നു.
അക്രമി വീടിനെക്കുറിച്ച് നന്നായി അറിയാവുന്നയാളാകാനുള്ള സാധ്യതയുണ്ടെന്ന് പോലീസ് കരുതുന്നു. അതല്ലെങ്കിൽ വീടിനെ ദിവസങ്ങളായി നിരീക്ഷിക്കുന്നയാളും ആകാമെന്ന് പോലീസ് സംശയിക്കുന്നു. വീട്ടിൽ വിവാഹം നടക്കാൻ പോകുന്ന കാര്യം കൊലയാളിക്ക് അറിയുമായിരിക്കും. കൂടാതെ വീട്ടിൽ ആളില്ലാത്ത നേരവും അക്രമിക്ക് അറിയുമായിരുന്നെന്നാണ് കരുതുന്നത്.
മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ലതയുടെ കൊലപാതകം നടന്നിരിക്കുന്നത്. മകളുടെ വിവാഹത്തിനായി ഇവർ സ്വരൂപിച്ച പണവും സ്വർണവും ലക്ഷ്യമിട്ടാണ് അക്രമി എത്തിയതെന്നത് വ്യക്തമാണെന്ന് പോലീസ് പറഞ്ഞു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി ഭര്‍ത്താവ് വീട്ടില്‍ എത്തിയപ്പോഴാണ് ലതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.അക്രമി അകത്ത് കടന്നത് ബല പ്രയോഗമൊന്നും കൂടാതെയാണെന്നാണ് അനുമാനിക്കപ്പെടുന്നത്. മുൻവാതിലിന് പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. തുറന്നുകിടന്നതോ, തുറന്നു നൽകിയതോ ആയ വാതിലിലൂടെ അകത്ത് കയറിയതാകാം.
ഇക്കാരണത്താൽ ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. പട്ടാപ്പകലാണ് സംഭവം നടന്നതെന്നതും നടുക്കം വർദ്ധിപ്പിക്കുന്നു. നഗരത്തിൽ അടുത്തകാലത്ത് സമാനമായ സംഭവങ്ങൾ വർദ്ധിക്കുന്നത് സുരക്ഷാപരമായ ആശങ്ക ഉയർത്തുന്നുണ്ട്.സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. കുടുംബവുമായി ബന്ധമുള്ളവരെയും പോലീസ് ചോദ്യംചെയ്തു.
മംഗളൂരുവില്‍ പള്ളിക്കമ്മിറ്റി സെക്രട്ടറിയെ വെട്ടിക്കൊന്നു; ഒരു മാസത്തിനിടെ മൂന്നാമത്തെ കൊലപാതകം, നിരോധാജ്ഞ പ്രഖ്യാപിച്ചു
കർണാടക ബണ്ട്വാള്‍ റൂറല്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ അദ്ദൂർ കോല്‍ത്തമജലുവിനടുത്ത് പട്ടാപ്പകല്‍ രണ്ടംഗ സംഘം യുവാവിനെ വെട്ടിക്കൊന്നു.കോള്‍ട്ടമജലു ബെള്ളൂർ സ്വദേശി അബ്ദുള്‍ ഖാദറിന്റെ മകൻ അബ്ദുല്‍ റഹ്മാനാണ് (38) മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇംതിയാസിനെ പരിക്കുകളോടെ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോല്‍ത്തമജലുവില്‍ പിക്ക്-അപ്പ് വാഹനത്തില്‍ നിന്ന് മണല്‍ ഇറക്കുന്നതിനിടെ ബൈക്കില്‍ എത്തിയ അക്രമികള്‍ ഇരുവരെയും വാള് ഉപയോഗിച്ച് വെട്ടുകയായിരുന്നു.
അബ്ദുല്‍ റഹ്മാൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.കൊല്ലപ്പെട്ട അബ്ദുല്‍ റഹ്മാൻ എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകനും കോല്‍ത്തമജലു മസ്ജിദ് കമ്മിറ്റി സെക്രട്ടറിയുമാണ്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അക്രമത്തിന് പിന്നിലെ കാരണം അറിവായിട്ടില്ലെന്ന് ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് എൻ.യതീഷ് പറഞ്ഞു.അതേസമയം ദക്ഷിണ കന്നട ജില്ലയില്‍ 30 വരെ നിരോധാജ്ഞ പ്രഖ്യാപിച്ചു.
ബണ്ട്വാള്‍, ബെല്‍ത്തങ്ങാടി, പുത്തൂർ, കടബ, സുള്ള്യ താലൂക്കുകളില്‍ ചൊവ്വാഴ്ച വൈകിട്ട് ആറിന് പ്രാബല്യത്തില്‍ വന്ന നിരോധാജ്ഞ വെള്ളിയാഴ്ച വൈകിട്ട് ആറു വരെ തുടരും.ഒരുമാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്. മലയാളി കൂടിയായ മുഹമ്മദ് അഷ്റഫ്, ബജ്റംഗ് ദള്‍ നേതാവും ഒരു കൊലപാതക കേസ് പ്രതിയുമായ സുഹാസ് ഷെട്ടിയും കൊല്ലപ്പെട്ടിരുന്നു.