ബെംഗളൂരു : ഫെയ്‌ഞ്ചൽ ചുഴലിക്കാറ്റിന്റെ ഫലമായിപെയ്‌ത ശക്തമായ മഴയ്ക്ക് ചൊവ്വാഴ്ചയോടെ നേരിയശമനം. രണ്ട് ദിവസമായി തുടർന്ന മഴ തിങ്കളാഴ്‌ച രാത്രി വൈകിയും ശക്തിയായി തുടർന്നു. ബെംഗളൂരുവിലും പരിസരത്തും രണ്ട് ദിവസം മഞ്ഞജാഗ്രത പുറപ്പെടുവിച്ചെങ്കിലും ചൊവ്വാഴ്ച പകലോടെ മഴയുടെശക്തി കുറയുകയായിരുന്നു.ചൊവ്വാഴ്ച ഉച്ചയ്ക്ക് കുറച്ചുനേരം ബെംഗളൂരുവിലും പരിസരത്തും ശക്തമായി മഴപെയ്തു. തുടർന്ന് മഴയ്ക്ക് ആശ്വാസമുണ്ടെങ്കിലും മൂടിക്കെട്ടിയ കാലാവസ്ഥയായിയിരുന്നു. ബെംഗളൂരു, ഹാസൻ, മാണ്ഡ്യ, രാമനഗര തുടങ്ങിയ ജില്ലകളിൽ മഞ്ഞമുന്നറിയിപ്പും ഉഡുപ്പി, ചിക്കമഗളൂരു, ചിക്കബെല്ലാപുര ഉൾപ്പെടെയുള്ള ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പുമാണ് പ്രഖ്യാപിച്ചിരുന്നത്.
കനത്തമഴയിൽ ബെംഗളൂരുവിലെ ജെ.ജെ. നഗറിൽ വീടിന്റെ മതിൽതകർന്നു. ജെ.ജെ. നഗറിലെ ലോകേഷിന്റെ ഉടമസ്ഥതയിലുള്ള വീടാണ് തകർന്നത്. തിങ്കളാഴ്‌ച രാത്രി 12- ഓടെയായിരുന്നു സംഭവം. അപകടത്തിൽ വീട്ടിലുണ്ടായിരുന്ന രണ്ട് വയോധികർ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. മതിൽ ഇടിഞ്ഞുവീണതോടെ ഇവർ നിലവിളിച്ചു. ഉടൻ സമീപത്തുണ്ടായിരുന്നവർ ഇവരെ രക്ഷപ്പെടുത്തി വീടിന് പുറത്തെത്തിക്കുകയായിരുന്നു. മഴമുന്നറിയിപ്പിന്റെ സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്‌ചയും അവധി നൽകിയിരുന്നു.
മൈസൂരു, മാണ്ഡ്യ, ചാമരാജ് നഗൾ, കുടക്, ചിക്കമഗളൂരു എന്നീ ജില്ലകളിലെ സ്കൂളുകൾക്കും കോളേജുകൾക്കുമാണ് അവധിനൽകിയത്.മഴശക്തമായതിനാൽ ഇവിടങ്ങളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ തിങ്കളാഴ്ചയും അവധിയായിരുന്നു. ശക്തമായ മഴയെത്തുടർന്ന് ചൊവ്വാഴ്ച രാവിലെയും പല റോഡുകളിൽ വെള്ളക്കെട്ടായിരുന്നു. ഇതിനാൽ നഗരത്തിൽ ചൊവ്വാഴ്ചയും ഗതാഗതക്കുരുക്ക് രൂക്ഷമായി. വ്യാപകമായ മഴയും നിർമാണ പ്രവർത്തനങ്ങളും മൂടൽമഞ്ഞും കാരണം കിഴക്കൻ ബെംഗളൂരുവിലെ ഔട്ടർ റിങ് റോഡിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
എച്ച്‌ഐവി ബാധിതനായ 25കാരൻ മരിച്ച നിലയില്‍, സ്വകാര്യഭാഗം മുറിച്ചുമാറ്റി, ദേഹമാസകലം മുറിവുകള്‍; ദില്ലിയില്‍ കൊടുംക്രൂരത
എച്ച്‌ഐവി ബാധിതനായ യുവാവിൻ്റെ മൃതദേഹം വികൃതമാക്കിയ നിലയില്‍ കണ്ടെത്തി. ദില്ലിയിലെ പാലം വിഹാർ റെയില്‍വേ സ്‌റ്റേഷന് സമീപമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.ശരീരത്തില്‍ കത്തി കൊണ്ട് നിരവധി മുറിവുകള്‍ ഏറ്റിട്ടുണ്ടെന്നും 25കാരൻ്റെ സ്വകാര്യഭാഗങ്ങള്‍ മുറിച്ചുമാറ്റിയ നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.ഒരു വഴിയാത്രക്കാരനാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കാണുകയും അധികൃതരെ അറിയിക്കുകയും ചെയ്തത്. യുവാവിന്റെ ഫോണും സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു.
നവംബർ 25ന് ദ്വാരക സെക്ടർ 23 പൊലീസ് സ്റ്റേഷനില്‍ ഫയല്‍ ചെയ്ത മിസ്സിംഗ് റിപ്പോർട്ട് പ്രകാരം ഇയാള്‍ ഒരു ഇ-കൊമേഴ്‌സ് കമ്ബനിയില്‍ എക്‌സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭാരമുള്ള കല്ലോ ഇഷ്ടികയോ ഉപയോഗിച്ച് യുവാവിന്റെ തലയില്‍ അടിച്ചതായി ദില്ലി പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തെ സിസിടിവി പരിശോധിച്ചതില്‍ നിന്ന് യുവാവ് പാലം വിഹാർ റെയില്‍വേ യാർഡിലേക്ക് പോകുന്നതിന്റെയും രണ്ട് പേർ പിന്തുടരുന്നതിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. രണ്ട് പേരെയും പൊലീസ് ചോദ്യം ചെയ്‌തെങ്കിലും കൊലപാതകവുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം കണ്ടെത്താൻ സാധിച്ചില്ല.
അതേസമയം, യുവാവ് വിവാഹിതനാണെന്നും എച്ച്‌ഐവി പോസിറ്റീവ് ആണെന്നും കണ്ടെത്തിയിരുന്നു. യുവാവിന് ഒരു പുരുഷനുമായി ബന്ധമുണ്ടെന്ന് ഇയാളുടെ ഫോണിലെ ചാറ്റുകളില്‍ നിന്ന് വ്യക്തമായി. യുവാവ് സ്വവർഗാനുരാഗിയാണെന്നതോ അല്ലെങ്കില്‍ രോഗമോ ആകാം കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് സംശയിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.