ബംഗളൂരു: വീരാജ്‌പേട്ട- മാക്കൂട്ടം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യം. റോഡ് ഉടൻ അറ്റകുറ്റപ്പണി നടത്തി യാത്ര സുഖകരമാക്കാൻ നടപടി സ്വീകരിക്കണമെന്ന് മലബാര്‍ മുസ്‍ലിം അസോസിയേഷൻ ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച് എൻ.എ. ഹാരിസ് എം.എല്‍.എ മുഖേന മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് നിവേദനം നല്‍കി. ഉടനെ തന്നെ എസ്റ്റിമേറ്റ് തയാറാക്കുന്നതിനും വിശദമായ പ്രോജക്‌ട് റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കുന്നതിനും ബന്ധപ്പെട്ട ഡിപ്പാര്‍ട്മെന്റിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയതായി ഹാരിസ് മറുപടി നല്‍കി.
കണ്ണൂര്‍ ഭാഗത്തുനിന്ന് കുടക്, മൈസൂരു, ഹാസൻ, ബംഗളൂരു ഭാഗത്തേക്ക് യാത്ര ചെയ്യാനുള്ള പ്രധാന പാതയായ മാക്കൂട്ടം ചുരം റോഡ് പൊട്ടിപ്പൊളിഞ്ഞതുകാരണം യാത്ര ദുഷ്കരമായിട്ട് മാസങ്ങളായി. ചരക്ക് വാഹനങ്ങള്‍ കൂടുതലും കടന്നുപോകുന്നതും ഈ വഴിയാണ്. ചെറു വാഹനങ്ങളായും ഇരുചക്ര വാഹനങ്ങളായും ധാരാളം വാഹനങ്ങള്‍ ദിനംപ്രതി സഞ്ചരിക്കുന്നു. ഇവരാണ് കൂടുതല്‍ യാത്രാദുരിതമനുഭവിക്കുന്നത്. കുടകിലുള്ളവര്‍ക്ക് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പോകേണ്ടതും ഇതുവഴിയാണ്.
ശബരിമല സീസണായതിനാല്‍ കാല്‍നടയായും വാഹനങ്ങളിലും ഇതുവഴി സ്വാമിമാര്‍ യാത്ര ചെയ്യുന്നതിനാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അറ്റകുറ്റപ്പണി തീര്‍ക്കണമെന്ന് നിവേദനത്തില്‍ അഭ്യര്‍ഥിച്ചു. സംസ്ഥാന പാതയില്‍ ബിട്ടൻകാല മുതല്‍ മാക്കൂട്ടം (വീരാജ്‌പേട്ട) വരെയുള്ള ഏകദേശം 25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് കര്‍ണാടക-കേരള അന്തര്‍സംസ്ഥാന പാതയായ ഈ ചുരം റോഡ്. വിനോദസഞ്ചാര കേന്ദ്രമായ കുടകിലേക്ക് കേരളത്തില്‍നിന്ന് നിരവധി വാഹനങ്ങള്‍ ഈ റോഡിലൂടെ ഓടുന്നുണ്ട്. റോഡിന് അടിയന്തര ശ്രദ്ധ ആവശ്യമാണെന്നും റോഡുപണി യുദ്ധകാലാടിസ്ഥാനത്തില്‍ ഏറ്റെടുക്കണമെന്നും എം.എല്‍.എ നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.