ബെംഗളൂരുവില്‍ വാടകവീട്ടില്‍ എം.ഡി.എം.എ. നിര്‍മിച്ച നൈജീരിയക്കാരനെ ബെംഗളൂരു സെൻട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി.) അറസ്റ്റുചെയ്തു. ബെഞ്ചമിൻ ചിദുബെം (40) ആണ് അറസ്റ്റിലായത്. ആവലഹള്ളിയിലെ വാടകവീട്ടില്‍ പ്രഷര്‍കുക്കറും മറ്റു വീട്ടുപകരണങ്ങളും ഉപയോഗിച്ചായിരുന്നു ലഹരിമരുന്ന് നിര്‍മാണം. വീട്ടില്‍ താത്കാലിക ലാബ് സ്ഥാപിച്ചിരുന്നു. അന്താരാഷ്ട്രവിപണിയില്‍ പത്തുകോടി രൂപ വിലമതിക്കുന്ന അഞ്ചുകിലോഗ്രാം എം.ഡി.എം.എ. വീട്ടില്‍നിന്ന് സി.സി.ബി. പിടിച്ചെടുത്തതായി ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ ബി. ദയാനന്ദ പറഞ്ഞു.
ഡല്‍ഹിയില്‍നിന്നാണ് ലഹരിമരുന്ന് നിര്‍മിക്കാനുള്ള അസംസ്കൃതവസ്തുക്കള്‍ വാങ്ങിയതെന്ന് ബെഞ്ചമിൻ പോലീസിനോട് പറഞ്ഞു. എന്നാല്‍, ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും ഇയാളുടെപേരില്‍ പഴയ കേസുകളുണ്ടോയെന്ന് പരിശോധിക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു.