ബംഗളൂരു: പഴകിയ ഉല്പന്നം വിറ്റ സൂപ്പര്‍ മാര്‍ക്കറ്റിന് ഉപഭോക്തൃ കോടതി 10,000 രൂപ പിഴ വിധിച്ചു. ഉപഭോക്താവിന്റെ പരാതിയിലാണ് നടപടി.
ഉപയോഗ തീയതി കഴിഞ്ഞ ഓട്സ് വില്പന നടത്തിയ സൂപ്പര്‍മാര്‍ക്കറ്റിനെതിരെ ബംഗളൂരു സ്വദേശിയായ ഉപഭോക്താവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. തുടര്‍ന്ന് ചികിത്സാ ചെലവുകളും നിയമ ചെലവുകളും ഉള്‍പ്പെടെ അയാള്‍ അനുഭവിച്ച എല്ലാ നഷ്ടങ്ങള്‍ക്കും ചേര്‍ത്ത് 10,000 രൂപ നഷ്ടപരിഹാരം നല്കാന് കടയുടമയോട് ഉപഭോക്തൃ കമീഷന് ഉത്തരവിട്ടു.
ജയനഗറിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് 49കാരനായ പരപ്പ എന്നയാള്‍ 925 രൂപ വിലയുള്ള ഓട്സ് പാക്കറ്റ് ഉള്‍പ്പെടെയുള്ള ഏതാനും സാധനങ്ങള്‍ വാങ്ങിയിരുന്നു. വീട്ടിലെത്തി ഓട്സ് കഴിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ആശുപത്രിയില്‍ െവച്ച് നടത്തിയ പരിശോധനയിലാണ് ഭക്ഷ്യവിഷബാധയേറ്റതായി കണ്ടെത്തിയത്. തുടര്‍ന്ന് ഓട്സിൻറ്റെ ഉപാക്കേജിങ് പരിശോധിച്ചപ്പോള്‍ ഒരു പുതിയ ലേബല്‍ ഉപയോഗിച്ച് യഥാര്‍ഥ എക്സ്പയറി ഡേറ്റ് മറച്ചുവെച്ചതായും മറ്റൊരു തീയതി തല്‍സ്ഥാനത്ത് ചേര്‍ത്തതായും കണ്ടെത്തി.
ഇതു സംബന്ധിച്ച് സൂപ്പര്‍മാര്‍ക്കറ്റുമായി ബന്ധപ്പെട്ടെങ്കിലും അനുകൂല പ്രതികരണം ലഭിച്ചില്ലെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റ് ഉടമകള്‍ക്ക് വക്കീല്‍ നോട്ടീസ് അയക്കുകയും ബംഗളൂരു ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷനില്‍ പരാതി നല്‍കുകയും ചെയ്തു.