ബെംഗളൂരു: ബി.ഐ.എസ്. ഉദ്യോഗസ്ഥരെന്ന വ്യാജേന കെ.ആർ. പുരത്തെ ജൂവലറിയിൽ പരിശോധന നടത്തി 80 ലക്ഷം രൂപയുടെ സ്വർണം കവർന്ന സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. ബെംഗളൂരു സ്വദേശികളായ സമ്പത്ത് കുമാർ (39) , ജോഷി (36), അവിനാശ് (34), സന്ദീപ് (33) എന്നിവരെയാണ് കെ.ആർ. പുരം പോലീസ് അറസ്റ്റുചെയ്തത്. ഒരുകിലോയോളം തൂക്കമുള്ള സ്വർണാഭരണങ്ങൾ ഇവരിൽനിന്ന് കണ്ടെടുത്തു.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് കെ.ആർ. പുരത്തെ ജൂവലറിയിൽ ബി.ഐ.എസ്. ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി ഇവരെത്തിയത്. സ്വർണാഭരണങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് ഉപഭോക്താക്കളിൽനിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും സ്വർണത്തിന്റെ നിലവാരം പരിശോധിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
തുടർന്ന് പരിശോധന തുടങ്ങിയ സംഘം നിലവാരമില്ലെന്നും ശാസ്ത്രീയ പരിശോധന നടത്തണമെന്നും പറഞ്ഞ് ഒരുകിലോയോളം തൂക്കമുള്ള സ്വർണാഭരണങ്ങൾ കൈക്കലാക്കുകയായിരുന്നു. ഓഫീസിൽ ഹാജരാക്കണമെന്നാവശ്യപ്പെട്ടുള്ള വ്യാജ നോട്ടീസ് ഉടമയ്ക്ക് നൽകിയാണ് സംഘം പുറത്തിറങ്ങിയത്. ഇതിനിടെ ജൂവലറിയിലെ സി.സി.ടി.വി. ദൃശ്യങ്ങളും ഇവർ നശിപ്പിച്ചിരുന്നു.
നാലുപേരും സ്വർണവുമായി പുറത്തിറങ്ങിയയുടൻ സംശയം തോന്നിയ ജൂവലറി ജീവനക്കാരൻ സംഘത്തെ പിന്തുടർന്നു. ഇതോടെ ഭയന്ന കവർച്ചസംഘം അമിതവേഗതയിൽ കാറോടിച്ച് രക്ഷപ്പെട്ടു. ഇതിനിടെ ഏതാനും വാഹനങ്ങളിലും ഇവരുടെ കാർ ഇടിച്ചിരുന്നു. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതോടെ ഇവർ സഞ്ചരിച്ച കാറിന്റെ നമ്പർ പോലീസിന് ലഭിച്ചു. തുടർന്നാണ് നാലുപേരും അറസ്റ്റിലായത്. സമ്പത്ത്കുമാറാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. മാണ്ഡ്യയിൽ നടന്ന ഒരു കവർച്ചയുമായി ബന്ധപ്പെട്ട് ജയിലായ ഇയാൾ ശിക്ഷാകാലാവധി കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുമുമ്പാണ് പുറത്തിറങ്ങിയത്.