കൊച്ചി : ബെംഗളൂരുവിലേക്ക് ബസ് യാത്രയ്ക്ക് തടസ്സം ടിക്കറ്റ് നിരക്കാണോ? എന്നാല്‍ ഇനി ആ ടെൻഷൻ വേണ്ട. ബെംഗളൂരു ഉള്‍പ്പെടെയുള്ള അന്തർസംസ്ഥാന റൂട്ടില്‍ ടിക്കറ്റ് നിരക്ക് കുറച്ച് സ്വകാര്യ ബസുകളുമായി മത്സരിക്കാൻ കെഎസ്ആർടിസി ഒരുങ്ങുന്നു.അന്തർസംസ്ഥാന സർവീസുകളില്‍ ‘ഡൈനാമിക് പ്രൈസിങ്’ എന്ന പുതിയ സംവിധാനം നടപ്പാക്കാൻ കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അനുമതി നല്കി.ഡൈനാമിക് പ്രൈസിങ് സംവിധാനത്തിലൂടെ ടിക്കറ്റുകള്‍ 50 ശതമാനം കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കും. തുടർന്ന് വരുന്ന 40 ശതമാനം ടിക്കറ്റുകള്‍ നിലവിലുള്ള നിരക്കില്‍ തന്നെയായിരിക്കും വില്‍ക്കുന്നത്. ബാക്കിയുള്ള 10 ശതമാനം ടിക്കറ്റുകള്‍ക്ക് യാത്രക്കാരുടെ ആവശ്യം കൂടുന്നതിനനുസരിച്ച് നിരക്ക് വർധിപ്പിക്കും.
ബെംഗളൂരു, ചെന്നൈ, മൈസൂരു, കോയമ്ബത്തൂർ, മംഗളൂരു, മണിപ്പാല്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള പ്രീമിയം സർവീസുകളിലാണ് ഈ മാറ്റം വരുന്നത്.സാധാരണയായി വെള്ളിയും ഞായറും ഒഴികെയുള്ള ദിവസങ്ങളില്‍ പല സർവീസുകള്‍ക്കും വേണ്ടത്ര യാത്രക്കാർ ഉണ്ടാവാറില്ല. ഈ സമയങ്ങളില്‍ സ്വകാര്യ ബസുകള്‍ ടിക്കറ്റ് നിരക്ക് കുറയ്ക്കാറുണ്ട്. എന്നാല്‍ യാത്രക്കാരുടെ ആവശ്യം കൂടുമ്ബോള്‍ സ്വകാര്യ ബസുകള്‍ നിരക്ക് ഇരട്ടിയോ അതില്‍ കൂടുതലോ ആക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് കെഎസ്ആർടിസിയുടെ പുതിയ നീക്കം.എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ആരംഭിച്ചതോടെ മധ്യകേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള ബസ് യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. ഈ സാഹചര്യവും കെഎസ്ആർടിസിയുടെ പുതിയ തീരുമാനത്തിന് കാരണമായിട്ടുണ്ട്.