ബെംഗളൂരു∙ കേരള ആർടിസിയുടെ ബെംഗളൂരു–കോഴിക്കോട് സ്വിഫ്റ്റ് എസി ബസിന് ഇനി പുതിയ സമയക്രമം. ബന്ദിപ്പൂർ വഴി രാത്രിയാത്രാ അനുമതിയുണ്ടായിരുന്ന ബസിന്റെ പെർമിറ്റ് ഗരുഡ പ്രീമിയത്തിന് (നവകേരള ബസ്) കൈമാറിയതോടെയാണ് സ്വിഫ്റ്റിന്റെ സമയവും റൂട്ടും മാറ്റിയത്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കുള്ള സർവീസ് ബത്തേരി വഴിയും മടക്ക സർവീസ് മാനന്തവാടി വഴിയുമാക്കി. നേരത്തെ ബെംഗളൂരുവിൽ നിന്ന് രാത്രി 10.30ന് പുറപ്പെട്ടിരുന്ന ബസ് ഇനി മുതൽ രാവിലെ 9.01ന് സാറ്റലൈറ്റിൽ നിന്ന് പുറപ്പെടും.
മൈസൂരു –ഉച്ചയ്ക്ക് 12.10, ബത്തേരി–3.45, കൽപറ്റ–4.45, താമരശ്ശേരി–6.20 വഴി വൈകിട്ട് 6.50നു കോഴിക്കോട്ടെത്തും. കോഴിക്കോട് നിന്ന് രാവിലെ 8.30നുള്ള ബസ് ഇനി രാത്രി 8.45ന് പുറപ്പെട്ട് താമരശ്ശേരി–9.30, കൽപറ്റ–10.45, മാനന്തവാടി–11.45, മൈസൂരു–3.50 വഴി രാവിലെ 6.05ന് ബെംഗളൂരുവിലെത്തും. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പ്രവൃത്തിദിവസങ്ങളിൽ 831 രൂപയും വാരാന്ത്യങ്ങളിൽ 1051 രൂപയുമാണ് നിരക്ക്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് യഥാക്രമം 940 രൂപയും, 1200 രൂപയും. ടിക്കറ്റ് ബുക്കിങ്ങിന് വെബ്സൈറ്റ്: onlineksrtcswift.com