ബെംഗളൂരൂ: ജൂണ്‍ മുതൽ ബെംഗളൂരുവിൽ നിന്നും കാഠ്‌മണ്ഡുവിലേക്ക് ദിവസേന സർവീസ് നടത്താൻ ഒരുങ്ങി എയർ ഇന്ത്യ എക്‌സ്‌പ്രസ്. ബാങ്കോക്ക്, ഫുക്കറ്റ് പോലുള്ള ഹ്രസ്വദൂര അന്താരാഷ്ട്ര വിനോദ കേന്ദ്രങ്ങളിലേക്ക് സർവീസ് ആരംഭിച്ചതിൻ്റെ ഭാഗമായാണ് പുതിയ റൂട്ട് ആരംഭിക്കുന്നതെന്ന് എയർഇന്ത്യ എക്‌സ്പ്രസ് മാനേജിങ് ഡയറക്‌ടർ അലോക് സിങ് പറഞ്ഞു.എയർലൈനിൻ്റെ വെബ്‌സൈറ്റായ airindiaexpress.com ലും മറ്റു ബുക്കിങ് ചാനലുകളിലും ഇപ്പോൾ ബുക്കിങുകൾ ലഭ്യമാണ്. എക്‌സ്പ്രസ് ലൈറ്റിന് 8,000 രൂപ മുതലും എക്‌സ്പ്രസ് വാല്യുവിന് 8,500 രൂപ വരെയുമാണ് നിരക്ക്.
ബെംഗളൂരുവിൽ നിന്ന് രാവിലെ 5.05 നും കാഠ്‌മണ്ഡുവിൽ നിന്ന് 9.05 നുമാണ് വിമാനം പുറപ്പെടുന്നത്. അമൃത്സർ, ഭുവനേശ്വർ, ഡൽഹി, ഗോവ, ഗ്വാളിയോർ, ഹിൻഡൺ, ഹൈദരാബാദ്, ഇൻഡോർ, ജമ്മു, ജയ്‌പൂർ, കോഴിക്കോട്, കൊച്ചി, മംഗളൂരു, പൂനെ, ശ്രീനഗർ, സൂററ്റ്, തിരുച്ചിറപ്പള്ളി, തിരുവനന്തപുരം, വിശാഖപട്ടണം, വിജയവാഡ എന്നിവയുൾപ്പെടെ ഇന്ത്യയിലെ 20 നഗരങ്ങളിൽ നിന്ന് ബെംഗളൂരു വഴി കാഠ്‌മണ്ഡുവിലേക്ക് പുതിയ റൂട്ടും സ്ഥാപിക്കുന്നുണ്ട്.ബെംഗളൂരു വഴി അബുദാബി, ദമാം അന്താരാഷ്ട്ര നഗരങ്ങളിലെത്തുന്ന വൺ സ്റ്റോപ്പ് കണക്ഷനുകളും ലഭ്യമാണ്. 31 ലക്ഷ്യ സ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ആഴ്‌ചയിൽ 450-ലധികം വിമാന സർവീസുകൾ നടത്താനും ഉദ്ദേശിക്കുന്നുണ്ട്.