ഭുവനേശ്വർ: ഒഡീഷയിലെ കട്ടക്കിൽ ബെംഗളൂരു- കാമാഖ്യ സൂപ്പർഫാസ്റ്റ് എക്സ്പ്രസിന്റെ പാളം തെറ്റി അപകടം. നെർഗുണ്ടി സ്റ്റേഷന് സമീപമാണ് സംഭവം. തീവണ്ടിയുടെ 11 കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു.പശ്ചിമ ബംഗാളിൽ നിന്നുള്ള യാത്രക്കാരനാണ് മരണപ്പെട്ടതെന്ന് കട്ടക്ക് ജില്ലാ കളക്ടർ ദത്താത്രയ ഭൗസാഹെബ് ഷിൻഡെ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. പരിക്കേറ്റ എട്ടു പേരെ കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിക്കേറ്റ യാത്രക്കാരിൽ ഭൂരിഭാഗവും പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. പരിക്കേറ്റവർക്ക് അപകടം സ്ഥലത്തു തന്നെ പ്രഥമശുശ്രൂഷ നൽകിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.ഞായറാഴ്ച രാവിലെ 11.54 ഓടെയാണ് ട്രെയിന്റെ പാളം തെറ്റിയതെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ (ഇസിഒആർ) ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഖുർദ റോഡ് ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം), ഇസിഒആർ ജനറൽ മാനേജർ, മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കിയി ആക്സിഡന്റ്- മെഡിക്കൽ ദുരിതാശ്വാസ ട്രെയിനും സ്ഥലത്തെത്തിയിട്ടുണ്ട്.
സംഭവത്തിൽ ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഝി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എത്രയും വേഗം സ്ഥിതിഗതികൾ പുനഃസ്ഥാപിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അപകടത്തെ തുടർന്ന് ഈ റൂട്ടിലൂടെ സർവീസ് നടത്തേണ്ടിയിരുന്ന നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടതായി ഇസിഒആർ ഉദ്യോഗസ്ഥർ പറഞ്ഞു.യാത്രക്കാർക്ക് ലക്ഷ്യ സ്ഥലങ്ങളിലേക്ക് എത്തിച്ചേരാൻ ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ഇസിഒആർ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു