ബെംഗളൂരു: മംഗളൂരു-ബെംഗളൂരു റൂട്ടില്‍ പുതിയ വന്ദേഭാരത് ഉടൻ എത്തുമെന്ന് സൂചന നല്‍കി റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്.സകലേശ്പൂർ-സുബ്രഹ്മണ്യ റോഡ് റെയില്‍വേ റൂട്ടിന്റെ വൈദ്യുതീകരണം പൂർത്തിയായെന്നും ഇനി ബെംഗളൂരുവിനും മംഗളൂരുവിനും ഇടയില്‍ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ആരംഭിക്കാൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു. ഈ റൂട്ടില്‍ വന്ദേ ഭാരത് സർവീസ് വേണമെന്ന് എംപി ബ്രിജേഷ് ചൗട്ട നേരത്തെ ആവശ്യപ്പെട്ടിരുന്നു.ഡിസംബർ 28 ഓടെയാണ് ബെംഗളൂരു-മംഗളൂരു പാതയിലെ സകലേശ്പുർ-സുബ്രഹ്മണ്യ റോഡ് ഘട്ട് സെക്ഷൻ വൈദ്യുതീകരണം പൂർത്തിയാക്കിയത്. ഇതോടെ ബെംഗളൂരു-മംഗളൂരു റെയില്‍ പാതയിലെ വൈദ്യുതീകരണം പൂർണമായും പൂർത്തിയായി. കുത്തനെയുള്ള ചരിവുള്ള പാതയാണിത്. മാത്രമല്ല 57 ടണലുകള്‍, 226 പാലങ്ങള്‍, 108 മൂർച്ചയേറിയ വളവുകള്‍ എന്നിവയും 55 കിമി ദൈർഘ്യമുള്ള ഈ പാതയിലുണ്ട്. മഴക്കാലത്ത് മണ്ണിടിച്ചിലിന് സാധ്യതയുള്ള ഈ ഭാഗം വൈദ്യുതീകരിക്കുന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്ന് റെയില്‍വെ അധികൃതർ പറഞ്ഞു.സുരക്ഷ ഉറപ്പാക്കാൻ ട്രാക്ഷൻ പോളുകള്‍ തമ്മിലുള്ള പരമാവധി ദൂരം 67.5 മീറ്ററായാണ് നിശ്ചയിച്ചിരിക്കുന്നത്. 57 ടണലുകളില്‍ 427 പ്രധാന ബ്രാക്കറ്റുകളും 427 സ്പെയർ ബ്രാക്കറ്റുകളും സ്ഥാപിച്ചു. നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോക്ക് മെക്കാനിക്സ്, ബാംഗ്ലൂർ യൂണിവേഴ്സിറ്റി എന്നിവയുടെ പിന്തുണയോടെ ഭൗമശാസ്ത്ര പഠനങ്ങളും ദീർഘകാല സുരക്ഷയ്ക്കായി പുള്‍-ഔട്ട് ടെസ്റ്റുകളും നടപ്പാക്കിയിരുന്നു. നിർമ്മാണ സാമഗ്രികള്‍ റെയില്‍ മാർഗമാണ് എത്തിച്ചത്. കുത്തനെയുള്ള പാതകളില്‍ തടസമില്ലാത്ത ട്രെയിൻ സർവീസുകള്‍ ഉറപ്പാക്കി, സൂക്ഷ്മമായ ആസൂത്രണത്തോടെയും കർശന സുരക്ഷാ മാനദണ്ഡങ്ങളോടെയുമാണ് ഇത് നടപ്പാക്കിയത്.
ഈ വൈദ്യുതീകരണം രാജ്യത്തിന്റെ ഐടി തലസ്ഥാനമായ ബെംഗളൂരുവിനും തുറമുഖ നഗരമായ മംഗളൂരുവിനും മറ്റ് തീരദേശ വാണിജ്യ കേന്ദ്രങ്ങള്‍ക്കുമിടയിലുള്ള സാമ്ബത്തിക, വാണിജ്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് റെയില്‍വേ മന്ത്രി പറഞ്ഞു.തങ്ങളുടെ ബ്രോഡ് ഗേജ് ശൃംഖലയുടെ 99 ശതമാനത്തിലധികം വൈദ്യുതീകരിച്ചു കഴിഞ്ഞതായും റെയില്‍വെ അറിയിച്ചു. 2014 മുതല്‍ 46,900-ല്‍ കിമിയിലധികം റൂട്ടുകള്‍ വൈദ്യുതീകരിച്ചിട്ടുണ്ട്. അതിനുമുമ്ബുള്ള ആറ് പതിറ്റാണ്ടുകളിലായി 21,801 കിമി റൂട്ടുകളിലാണ് വൈദ്യുതീകരണം നടപ്പായത്. 2019-നും 2025-നും ഇടയില്‍ മാത്രം ഏകദേശം 33,000 റൂട്ട് കിലോമീറ്ററുകള്‍ വൈദ്യുതീകരിച്ചു, ഇത് ജർമ്മനിയുടെ മുഴുവൻ റെയില്‍വേ ശൃംഖലയ്ക്ക് ഏതാണ്ട് തുല്യമാണ്.മലയാളികള്‍ക്കും നേട്ടംമംഗളൂരു-ബെംഗളൂരു റൂട്ടില്‍ പുതിയ വന്ദേഭാരത് എത്തുന്നത് വടക്കൻ കേരളത്തിലുള്ള മലയാളികള്‍ക്കും ഗുണകരമാകും. നിലവില്‍ കൊച്ചിയില്‍ നിന്നാണ് ബെംഗളൂരിലേക്ക് വന്ദേഭാരത് ഉള്ളത്. കോഴിക്കോട് നിന്ന് ബെംഗളൂരിലേക്ക് പുതിയ വന്ദേഭാരത് വേണമെന്ന ആവശ്യങ്ങള്‍ക്കിടെയാണ് മംഗളൂരിനേയും ബെംഗളൂരിനേയും ബന്ധിപ്പിച്ചുള്ള പുതിയ സർവ്വീസ് യാഥാർത്ഥ്യമാകുന്നത്. നിലവില്‍ 8 മണിക്കൂറാണ് ഈ റൂട്ടിലെ യാത്രാസമയം. വന്ദേഭാരത് എത്തിയാല്‍ ഇത് ആറര മണിക്കൂറായി ചുരുങ്ങും.