ബെംഗളൂരു : ലേഓഫ് ഭീതിയിൽ ഐടി ജീവനക്കാർ വർക്ക് ഫ്രം ഹോം ഉപേക്ഷിക്കുന്നു. കമ്പനിയിൽ നടക്കുന്ന നീക്കങ്ങൾ അറിയാൻ ദിവസവും ഓഫീസിലെത്തണമെന്ന കണക്കുകൂട്ടലിലാണ് പലരും വർക്ക് ഫ്രം ഹോം ഒഴിവാക്കുന്നത്. ജോലി നഷ്‌ടപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്കയുള്ളവരാണ് ഓഫീസിൽ സാന്നിധ്യമുറപ്പിക്കാൻ വീട്ടിലിരുന്നുള്ള ജോലി വേണ്ടെന്ന് വെയ്ക്കുന്നത്. എന്നാൽ പ്രോജക്ട് ഉറപ്പായവർ വർക്ക് ഫ്രം ഹോം തുടരുന്നുണ്ട്.മുമ്പ് വർക്ക് ഫ്രം ഹോം സൗകര്യമായി കരുതിയിരുന്ന പലരും ഇപ്പോൾ ഓഫീസിൽ തിരിച്ചെത്തിയിട്ടുണ്ട്.
ബെംഗളൂരുവിലെ ഐടി മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ബുധനാഴ്ചകളിൽ കൂടുതൽ പേർക്ക് വർക്ക് ഫ്രം ഹോം സൗകര്യം അനുവദിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് കമ്പനി പ്രതിനിധികളുമായി ചർച്ചകളും നടന്നു. എന്നാൽ ജീവനക്കാർ ഇതിനെ എതിർത്ത് രംഗത്തുവന്നു. പലരും സാമൂഹിക മാധ്യമങ്ങളിലൂടെ ഈ നീക്കത്തിനെതിരേ പ്രതികരിച്ചു.ലേഓഫ് ആശങ്കയിൽ കഴിയുന്ന ഈ സാഹചര്യത്തിൽ ഓഫീസിലുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്നും അതിനാൽ നിർബന്ധിത വർക്ക് ഫ്രം ഹോം അംഗീകരിക്കാൻ കഴിയില്ലെന്നുമാണ് പിരിച്ചുവിടൽ ഭീഷണി നേരിടുന്നവർ പറയുന്നത്.
പിരിച്ചുവിടലിന് മുൻപ് നിലവിലുള്ള പ്രോജക്‌ടുകളിൽനിന്ന് മാറ്റുകയും നിശ്ചിത സമയത്തിനുള്ളിൽ പുതിയ പ്രോജക്ട് കണ്ടെത്താൻ നിർദേശിക്കുകയുമാണ് ചെയ്യുന്നത്.രാജ്യത്തെ ഏറ്റവുംവലിയ ഐടി കമ്പനിയായ ടിസിഎസ് ലേഓഫ് പ്രഖ്യാപിച്ചതോടെയാണ് ഐടി മേഖലയിൽ ആശങ്കപടർന്നത്. ഈ വർഷം 12,000 പേരെ പിരിച്ചുവിടുമെന്നാണ് ടിസിഎസ് അറിയിച്ചിരിക്കുന്നത്.
ഇത് കൂടാതെ പലകമ്പനികളും ലേ ഓഫ് നടപടികളിലേക്ക് കടന്നിട്ടുണ്ട്. ടിസിഎസിന്റെ നടപടിക്കെതിരേ കർണാടകത്തിലെ ഐടി ജീവനക്കാരുടെ യൂണിയൻ പരാതിനൽകിയിട്ടുണ്ട്. സർക്കാരിൽനിന്ന് മുൻകൂർ അനുമതിനേടാതെ ലേഓഫ് നടപടികളിലേക്ക് കടന്നത് നിയമലംഘനമാണെന്നാണ് യൂണിയന്റെ ആരോപണം. ഇതുസംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് തൊഴിൽവകുപ്പ് കമ്പനിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.