ബെംഗലുരു: മികച്ച കാലാവസ്ഥയ്ക്ക് ഏറെ പ്രസിദ്ധമായ ബെംഗലുരു നഗരം കനത്ത ചൂടിന്റെ പിടിയില്‍. ഏപ്രില്‍ 28ന് ബെംഗലുരു നഗരത്തില്‍ 38.5 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്.
അരനൂറ്റാണ്ടിനിടെ ബെംഗലുരു നഗരത്തില്‍ അനുഭവപ്പെടുന്ന ഏറ്റവും ഉയർന്ന അന്തരീക്ഷ താപമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ചൂട് അതി രൂക്ഷമാവുകയും ജല ക്ഷാമം രൂക്ഷമായി തുടരുകയും ചെയ്തതോടെ മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനത്തിനായി കാത്തിരിക്കുകയാണ് നഗരവാസികള്‍.
അതേസമയം, കേരളത്തിലെ പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ 2024 ഏപ്രില്‍ 29 ന് ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂർ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ 2024 ഏപ്രില്‍ 29 ന് ഉഷ്ണതരംഗ സാധ്യത ഉള്ളതിനാല്‍ കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.
2024 ഏപ്രില്‍ 29 മുതല്‍ മെയ് 03 വരെ പാലക്കാട് ജില്ലയില്‍ ഉയർന്ന താപനില 41°C വരെയും, കൊല്ലം, തൃശൂർ ജില്ലകളില്‍ ഉയർന്ന താപനില 40°C വരെയും, കോഴിക്കോട് ജില്ലയില്‍ ഉയർന്ന താപനില 39°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളില്‍ ഉയർന്ന താപനില 38°C വരെയും, എറണാകുളം, മലപ്പുറം, കാസറഗോഡ് ജില്ലകളില്‍ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം ജില്ലയില്‍ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 3 – 5°C കൂടുതല്‍) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 ഏപ്രില്‍ 29 മുതല്‍ മെയ് 03 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.