Home Featured ബെംഗളൂരു-ഹൈദരാബാദ് വന്ദേഭാരത് ഈ മാസം ഓടിതുടങ്ങിയേക്കും

ബെംഗളൂരു-ഹൈദരാബാദ് വന്ദേഭാരത് ഈ മാസം ഓടിതുടങ്ങിയേക്കും

by admin

ബെംഗളൂരു: ദക്ഷിണേന്ത്യൻ ഐ.ടി. നഗരങ്ങളായ ബെംഗളൂരുവിനെയും ഹൈദരാബാദിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ വന്ദേഭാരത് എക്സ്‌പ്രസ് തീവണ്ടി ഈ മാസം ഓടിത്തുടങ്ങിയേക്കും. സൗത്ത് സെൻട്രൽ റെയിൽവേ ഇതിന്റെ നടപടികൾ വേഗത്തിലാക്കി.

ഹൈദരാബാദിലെ കച്ചേഗുഡയിൽനിന്ന് ആരംഭിച്ച് ബെംഗളൂരുവിലെ യെശ്വന്തപുര സ്റ്റേഷനിൽ എത്തിച്ചേരുന്ന വന്ദേഭാരത് തീവണ്ടിയാണ് ആരംഭിക്കുന്നത്. 610 കിലോമീറ്റർ യാത്ര ഏഴുമണിക്കൂർകൊണ്ട് പൂർത്തിയാകും. 16 കോച്ചുകളുള്ള വന്ദേഭാരതാണ് പുതിയ റൂട്ടിൽ വരുന്നതെന്നാണ് സൂചന.

കച്ചേഗുഡയിൽനിന്ന് ടോണ ജങ്ഷൻവരെ കഴിഞ്ഞദിവസം പരീക്ഷണ ഓട്ടം നടത്തിയതായി സൗത്ത് സെൻട്രൽ റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. എട്ട് കോച്ചുള്ള വന്ദേഭാരത് തീവണ്ടിയാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഉദ്ഘാടനത്തീയതിയോ സമയമോ ടിക്കറ്റ് നിരക്കോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുമെന്നാണ് വിവരം.കർണാടകത്തിലെ മൂന്നാമത്തെ വന്ദേഭാരത് തീവണ്ടിയാണ് വരുന്നത്. മൈസൂരു-ചെന്നൈ വന്ദേഭാരതും ബെംഗളൂരു-ധാർവാഡ് വന്ദേഭാരതും വിജയകരമായി സർവീസ് നടത്തിവരുന്നു.

കാഴ്ച മുടക്കി ബാനറുകൾ ;രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ബെംഗളൂരു: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡരികുകളിലും കവലകളിലും അനധികൃത ബാനറുകളും ഫ്ളെക്സുകളും സ്ഥാപിച്ചതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.

ബാനറുകളും ഫ്ലെക്സുകളും നീക്കാത്തതിൽ സർക്കാരിനെയും ബൃഹത് ബെംഗളൂരു മഹാനഗരപാലികെയുമാണ് (ബി.ബി.എം.പി.) കോടതി വിമർശിച്ചത്. അനധികൃത ബാനറുകൾക്കെതിരേ സ്വീകരിച്ച നടപടി സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ച കോടതി കടുത്ത നടപടിയെടുക്കുമെന്ന മുന്നറിയിപ്പ് നൽകി. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. ഓരോ അനധികൃത ബാനറിനും 50,000 രൂപ വീതം പിഴ ഈടാക്കുമെന്നാണ് കോടതി സർക്കാരിനും ബി.ബി.എം.പി. ക്കും നൽകിയ മുന്നറിയിപ്പ്.

വാഹനമോടിക്കുന്നവർക്ക് കാഴ്ച മറയ്ക്കുന്ന വിധമാണ് പലയിടങ്ങളിലും ബാനറുകൾ സ്ഥാപിച്ചിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയുമെല്ലാം ബാനറുകളുണ്ട്. നേതാക്കൾക്ക് ജന്മദിനാശംസകൾ അറിയിച്ചും അഭിനന്ദനം അറിയിച്ചുമെല്ലാം ബാനറുകൾ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ബാനറുകളും ഫ്ളെക്സുകളുമുണ്ട്. റോഡുകളിൽ ഫ്ളെക്സുകളും ബാനറുകളും നിരോധിച്ച് 2018-ൽ ഹൈക്കോടതി ഉത്തരവിറക്കിയിട്ടും ലംഘനം തുടർന്നതാണ് കോടതിയെ പ്രകോപിപ്പിച്ചത്.

ആളുകൾ അനധികൃത ബാനറുകൾ സ്ഥാപിക്കുന്നത് തടയാൻ നിങ്ങൾക്ക് പഞ്ചവത്സര പദ്ധതി ആവശ്യമുണ്ടോയെന്നും ബാനറുകൾ നീക്കാൻ പറ്റിയ ശുഭമുഹൂർത്തത്തിനായി കാത്തിരിക്കുകയാണോയെന്നും കോടതി സർക്കാരിനോട് ചോദിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് 60,000 അനധികൃത ഫ്ളെക്സുകളുണ്ടായിട്ടും 134 പരാതികൾ മാത്രമാണ് പോലീസ് സ്വീകരിച്ചതെന്നും 40 കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തതെന്നും കോടതി പറഞ്ഞു.

അനധികൃത ബാനറുകൾ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടികളുടെ ഭാരവാഹികൾക്കെതിരേ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല. ഫ്ളെക്സുകളും ബാനറുകളും ബ്രാൻഡ് ബെംഗളൂരുവിന് മോശമാണെന്നും ബെംഗളൂരുവിന്റെ എന്തു ചിത്രമാണ് നിങ്ങൾ നിക്ഷേപകർക്ക് നൽകാൻ പോകുന്നതെന്നും കോടതി സർക്കാരിനോട് ചോദിച്ചു. ജസ്റ്റിസ് പ്രസന്ന ബി. വരളെ, എം.ജി.എസ്. കമാൽ എന്നിവരുടെ ബെഞ്ചാണ് സർക്കാരിനെയും ബി.ബി.എം.പി. യെയും രൂക്ഷമായി വിമർശിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group