ബെംഗളൂരു : കബൺ പാർക്കിൽ സ്വകാര്യ ആർട്ട് കോംപ്ലക്സ് നിർമിക്കാനുള്ള ആലോചനയിൽനിന്ന് പിന്മാറി ഹോർട്ടികൾച്ചർ വകുപ്പ്. ആർട്ട് കോംപ്ലക്സ് നിർമിക്കാനുള്ള പദ്ധതി ഹോർട്ടികൾച്ചർ വകുപ്പിനില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബെംഗളൂരു നഗരത്തിന്റെ ശ്വാസകേശം എന്ന് വിളിക്കപ്പെടുന്ന ഓക്സിജൻ ദാതാവായ കബൺ പാർക്കിൽ വലിയ നിർമാണപ്രവർത്തനം നടത്താൻ അനുമതിനൽകുന്നതിനെതിരേ പരിസ്ഥിതിപ്രവർത്തകർ രംഗത്തെത്തിയതിനു പിന്നാലെയാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
പാർക്കിൽ അഞ്ചേക്കർ സ്ഥലം സ്വകാര്യസ്ഥാപനത്തിന് നിർമാണത്തിനുനൽകാൻ നീക്കംനടക്കുന്നതായാണ് വിവരം പുറത്തുവന്നത്. കബൺ പാർക്കിൽ ആർട്ട് ഗാലറി നിർമിക്കാനുള്ള നീക്കത്തിനെതിരേ കഴിഞ്ഞയാഴ്ച ബെംഗളൂരു സെൻട്രൽ എം.പി. പി.സി. മോഹൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തുനൽകിയിരുന്നു. ഇതിനെത്തുടർന്നാണ് പരിസ്ഥിതിപ്രവർത്തകരും കബൺ പാർക്ക് വാക്കേഴ്‌സ് അസോസിയേഷനും പ്രതിഷേധമുയർത്തി രംഗത്തുവന്നത്. നീക്കത്തിന് തടയിടാൻ ഗവർണർ ഇടപെടണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.
190 ഏക്കർ വിസ്തൃതിയിൽ മരങ്ങൾ നിറഞ്ഞുനിൽക്കുന്ന പാർക്കിലെ തണലുകളിൽ വിശ്രമിക്കാനെത്തുന്നവർ ഒട്ടേറെയാണ്. ഹോർട്ടികൾച്ചർ വകുപ്പിൻ്റെ അധീനതയിലാണ് കബൺ പാർക്ക്.
നടി രന്യ റാവുവിന്റെ വീട്ടിലും സ്വര്‍ണ ശേഖരം; ഇതുവരെ പിടിച്ചെടുത്തത് 17.29 കോടിയുടെ വസ്തുക്കള്‍
സ്വർണക്കടത്തിന് അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ സ്വർണവും പണവും ഉള്‍പ്പെടെ 17.29 കോടിയുടെ വസ്തുക്കള്‍ പിടിച്ചെടുത്തു.ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) ഉദ്യോഗസ്ഥരാണ് താരത്തിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. ബെംഗളൂരു ലാവലി റോഡിലെ അപാർട്ട്മെന്റില്‍നിന്നും 2.06 കോടി രൂപയുടെ സ്വർണാഭരണങ്ങളും 2.67 കോടി രൂപയും ഉദ്യോഗസ്ഥർ കണ്ടെടുത്തു. കഴിഞ്ഞ ദിവസമാണ് നടിയെ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സ്വർണക്കടത്തിന് അറസ്റ്റ് ചെയ്തത്. 14.2 കിലോ ഗ്രാം സ്വർണമാണ് രന്യ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.
നടിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് വലിയ പെട്ടികളും പിടിച്ചെടുത്തതായി ഡി.ആർ.ഐ ഉദ്യോഗസ്ഥർ പറഞ്ഞു. തിങ്കളാഴ്ച ദുബായിയില്‍നിന്ന് എമിറേറ്റ്സ് വിമാനത്തില്‍ ബെംഗളൂരുവിലിറങ്ങിയപ്പോഴാണ് സ്വർണം പിടികൂടിയത്. ബെംഗളൂരു വിമാനത്താവളത്തിലെ ഏറ്റവും വലിയ സ്വർണവേട്ടകളിലൊന്നാണിതെന്ന് ഡി.ആർ.ഐ. പറഞ്ഞു. തുടർന്ന് കോടതിയില്‍ ഹാജരാക്കിയ രന്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇവരുടെ അപ്പാർട്ട്മെന്റില്‍ പരിശോധന നടത്തി കൂടുതല്‍ സ്വർണവും പണവും പിടികൂടിയത്.
കഴിഞ്ഞ 15 ദിവസത്തിനിടെ രന്യ നാലുതവണ ദുബായ് യാത്ര നടത്തിയിരുന്നു. ദുബായിയില്‍ പരിപാടിയോ ബന്ധുക്കളോ ഇല്ലെന്നിരിക്കേ, ആവർത്തിച്ചു നടത്തിയ യാത്ര ഉദ്യോഗസ്ഥരില്‍ സംശയമുയർത്തി. തുടർന്ന് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. സ്വർണ ബിസ്‌കറ്റ് ഉടുപ്പില്‍ ഒളിപ്പിച്ച് കടത്തിക്കൊണ്ടുവരികയായിരുന്നെന്നാണ് വിവരം.
പ്രമുഖ യുവനടിയും മോഡലുമാണ് രന്യ. കർണാടക പോലീസ് ഹൗസിങ് കോർപ്പറേഷൻ ഡി.ജി.പി. രാമചന്ദ്രറാവുവിന്റെ വളർത്തുമകളാണ് രന്യ. 2014-ല്‍ ഇറങ്ങിയ കന്നഡ ചിത്രം മാണിക്യയിലൂടെയാണ് സിനിമയിലെത്തിയത്. 2016-ല്‍ ഇറങ്ങിയ തമിഴ് ചിത്രം വാഗയിലും 2017-ലെ കന്നഡ ചിത്രം പഠാക്കിയിലും ചെയ്ത വേഷങ്ങള്‍ ശ്രദ്ധേയമായി. സ്വർണക്കടത്തിന് പൊലീസ് സഹായം ലഭ്യമായിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ഇവർ വിമാനത്താവളത്തിലിറങ്ങുമ്ബോള്‍ പൊലീസ് അകമ്ബടിയുണ്ടാകാറുണ്ടെന്ന് പറയുന്നു.