ബെംഗളൂരുവിൽ വിന്‍റർ ഇത്തവണ നേരത്തെയാണ്. ബാംഗ്ലൂരിൽ ഉൾപ്പടെ കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിൽ താപനില കുറഞ്ഞു തുടങ്ങി. സാധാരണ ഡിസംബർ ആദ്യത്തോടെയാണ് ജാക്കറ്റുകളും സ്വെറ്ററുകളും ബാംഗ്ലൂരുകാരുടെ വസ്ത്രത്തിന്‍റെ ഭാഗമാകുന്നതെങ്കിൽ ഇത്തവണ അതും കുറച്ച് നേരത്തേയാണ്. വരും ദിവസങ്ങളിൽ തണുപ്പിനെ പ്രതിരോധിക്കാനുള്ള എല്ലാ ഒരുക്കത്തോടെയും ആയിരിക്കും ബാംഗ്ലൂർ നിവാസികൾ പുറത്തിറങ്ങുക.
വടക്കൻ കർണാടകയിലെയും ബെംഗളൂരുവിലെയും പല ജില്ലകളിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താപനിലയിൽ വലിയ കുറവാണ് അനുഭവപ്പെടുന്നത്. വിജയപുര തുടങ്ങിയ പ്രദേശങ്ങളിലെ ഈ വർഷത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ താപനില ഏകദേശം 12 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇനി ബെംഗളൂരുവിലേക്ക് വന്നാൽ ഇവിടുത്തെ നഗര ഗ്രാമ പ്രദേശങ്ങളിൽ പുലരികളിൽ 15.5 ഡിഗ്രി സെൽഷ്യസിനും 16 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ആണ് താപനില അനുഭവപ്പെടുന്നത്.
ശൈത്യകാലം നേരത്തെ:മുൻവർഷങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി ബെംഗളൂരുവിൽ ഇത്തവണ തണുപ്പുകാലം നേരത്തെയെത്തി. പൊതുവേ ഡിസംബറിൽ ആരംഭിച്ച് ഫെബ്രുവരി നേരത്തെ വരെയായിരുന്നുവെങ്കിൽ ഈ വർഷം അത് നവംബർ അവസാനത്തോടെ ആരംഭിച്ചു. അത് മാത്രമല്ല, ഇത്തവണ തണുപ്പും കൂടുതലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. താപനിലയിലെ കുറവ് ബെംഗളൂരുവിൽ മാത്രമല്ല, കർണ്ണാടകയുടെ മിക്ക ഭാഗങ്ങളിലും അനുഭവപ്പെടുകയും ചെയ്യുമെന്നാണ് ഈ രംഗത്തെ വിദഗ്ദർ സൂചിപ്പിക്കുന്നത്. ഡിസംബർ, ജനുവരി മാസങ്ങളില്‍ താപനില 3 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി വരെ താഴാനുള്ള സാധ്യതയും സൂചിപ്പിക്കുന്നുണ്ട്.
എന്തുകൊണ്ട് തണുപ്പ് കൂടുന്നു:ഇത്തവണ കിട്ടിയ കനത്ത മഴ മുതൽ മാറി വരുന്ന കാലാവസ്ഥാ പ്രതിഭാസങ്ങൾ വരെ നിരവധി കാരണങ്ങളുണ്ട് ബെംഗളൂരുവിൽ ഇത്തവണ തണുപ്പു കൂടുവാന്‍. അന്തരീക്ഷത്തിൽ ഈർപ്പം കൂടുന്നതാണ് തണുപ്പിന് ഒരു കാരണം. നല്ല മഴ കിട്ടിയതോടെ ജലസ്രോതസ്സുകൾ നിറയുകയും പച്ചപ്പ് വരുകയും ചെയ്തു. ഇതും ഒരു കാരണമാണ്. കൂടാതെ, ലാ നിന പോലുള്ള ആഗോള കാലാവസ്ഥാ പ്രതിഭാസങ്ങളും തണുപ്പു കൂടുവാൻ കാരണമാകുന്നു.