ബെംഗളൂരു : ബ്രിട്ടീഷ് ആധിപത്യത്തിൽനിന്ന് സ്വാതന്ത്ര്യം നേടിയതിൻ്റെ ഓർമ്മകൾ ഒരിക്കൽകൂടി ആഘോഷിക്കാൻ രാജ്യം ഒരുങ്ങുമ്പോൾ ബെംഗളൂരു നഗരവും ഇതിന് തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു. സംസ്ഥാന സർക്കാർതല സ്വാതന്ത്ര്യദിനാഘോഷം ബെംഗളൂരുവിലെ ഫീൽഡ്‌മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിലാണ് നടത്തുന്നത്. പോലീസ് പരേഡ് അടക്കം വിവിധപരിപാടികളോടെയാകും ഇവിടെ ആഘോഷം. പരമ്പരാഗത കലാപരിപാടികളും അരങ്ങേറും വെള്ളിയാഴ്‌ച രാവിലെ ഒൻപതിന് മുഖ്യമന്ത്രി സിദ്ധരാമയ്യ ദേശീയ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിയ്ക്കും.
തുടർന്ന് തുറന്ന ജീപ്പിൽ മുഖ്യമന്ത്രി പരേഡ് പരിശോധിക്കുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്യും. മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിന് ശേഷം കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറും.ഇത്തവണ സർക്കാരിന്റെ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാം. ഇ-പാസ് മുഖേനയാണ് പ്രവേശനം അനുവദിക്കുന്നത്. 3000 പേർക്കാണ് പാസ് നൽകുന്നത്. www.sevasindhu.karnataka.gov.in ๑๓ ณั സൈറ്റ് മുഖേനയാണ് പാസ് നൽകുന്നത്.
പാസെടുത്തവർ രാവിലെ 8.30-ഓടെ എത്തി 5-ാം നമ്പർ ഗേറ്റിലൂടെ പ്രവേശിച്ച് ഏഴ്, എട്ട്, ഒൻപത് ബ്ലോക്കുകളിൽ ഇരിക്കണമെന്നാണ് നിർദേശം. വൈകിവരുന്നവർക്ക് പ്രവേശനം നൽകില്ല. പാസിന് ഒപ്പം തിരിച്ചറിയൽ രേഖയും കൈവശമുണ്ടായിരിക്കണം. സുരക്ഷാ പരിശോധനയ്ക്ക് ശേഷമായിരിക്കും പ്രവേശനം.പരേഡ് ഗ്രൗണ്ടിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. നിരീക്ഷണത്തിനായി 100 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ തത്സമയം നിരീക്ഷിക്കും. ബാഗുകൾ പരിശോധിക്കാൻ സ്‌കാനറുകൾ, മെറ്റൽ ഡിറ്റക്‌ടറുകൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.
സുരക്ഷയ്ക്ക് മാത്രമായി 1150 അംഗ സേനയെയാണ് നിയോഗിച്ചിരിക്കുന്നത്. ആംബുലൻസുകളും ഡോക്‌ടർമാർ അടക്കം ആരോഗ്യപ്രവർത്തകരുടെ സേവനം എന്നിവയും ലഭ്യമാണ്. താത്‌കാലികമായി കിടത്തി ചികിത്സിയ്ക്കാനുള്ള സൗകര്യവുമുണ്ട്.സ്വാതന്ത്രദിനത്തിന് മുന്നോടിയായി വ്യാഴാഴ്ച നഗരത്തിലെ പ്രധാനസ്ഥലങ്ങളിൽ പോലീസ് പരിശോധന നടത്തി. വിമാനത്തവളം, റെയിൽവേ സ്റ്റേഷനുകൾ, പ്രധാന ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ സുരക്ഷയും നിരീക്ഷവും ശക്തമാക്കുകയും ചെയ്‌തു. സ്‌കൂളുകൾ, വിവിധ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, റെയിൽവേ തുടങ്ങിയവയുടെ നേതൃത്വത്തിലും വെള്ളിയാഴ്ച സ്വാതന്ത്രദിനാഘോഷം നടത്തുന്നുണ്ട്. നഗരത്തിലെ മലയാളി സംഘടനകളും ആഘോഷപരിപാടികൾ സംഘടിപ്പിക്കും.