കര്‍ണാടകയിലെ പുതിയ ഫാക്ടറിയില്‍ നിന്ന് ആപ്പിള്‍ ഐഫോണുകളുടെ കരാര്‍ നിര്‍മാണ കമ്പനിയായ ഫോക്‌സ്‌കോണ്‍ ഉൽപാദിപ്പിച്ച ഐഫോണുകള്‍ വിതരണത്തിന് ഒരുങ്ങുന്നു. ഫോണുകളുടെ കയറ്റുമതിക്ക് മുന്നോടിയായുള്ള അന്തിമ പരിശോധനകള്‍ നടന്നുവരികയാണെന്ന് എക്കോണമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പുതിയ ഐഫോണുകള്‍ പുറത്തിറങ്ങാനിരിക്കെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ്ഥാനത്ത് നിന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ കഴിഞ്ഞയാഴ്ച ബെംഗളുരുവിലെത്തിയിരുന്നു.
അദ്ദേഹം ഫോക്‌സ്‌കോണ്‍ യൂണിറ്റിലും മറ്റൊരു കരാര്‍ നിര്‍മാണകമ്പനിയായ ടാറ്റ ഇലക്ട്രോണിക്‌സിന്റെ ഹൊസൂരിലെ യൂണിറ്റിലും സന്ദര്‍ശനം നടത്തിയിരുന്നതായാണ് റിപ്പോർട്ട്. ബെംഗളൂരുവിലെ ദേവനഹള്ളിയിലെ 300 ഏക്കര്‍ ഭൂമിയിലാണ് ഫോക്‌സ്‌കോണ്‍ യൂണിറ്റ് സ്ഥിതി ചെയ്യുന്നത്. ചൈനയിലെ ഫാക്ടറി കഴിഞ്ഞാൽ ഫോക്‌സ്‌കോണിന്റെ ലോകത്തെ രണ്ടാമത്തെ വലിയ ഫാക്ടറിയാവും ഇത്.
അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാരയുദ്ധം നിലനില്‍ക്കെ, ഉൽപ്പാദനം മറ്റ് രാജ്യങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ് ആപ്പിള്‍. പുതിയ ഫോക്‌സ്‌കോണ്‍ ഫാക്ടറിയുടെ പിന്‍ബലത്തില്‍, ഇന്ത്യയില്‍ ഐഫോണ്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ ആപ്പിളിന് സാധിക്കുമെന്നാണ് വിലയിരുത്തൽ. ചെന്നൈയിലാണ് ഫോക്‌സ്‌കോണിന്റെ ആദ്യ യൂണിറ്റ് ആരംഭിച്ചത്.