ബെംഗളൂരുവിൽ ഈ ആഴ്ച നിങ്ങളുണ്ടോ? ഒന്നോ രണ്ടോ മണിക്കൂർ മാറ്റി വയ്ക്കുവാൻ സമയമുണ്ടെങ്കിൽ ലോക സിനിമകളിലേക്ക് കടന്നു ചെല്ലാം. കാണാൻ കൊതിക്കുന്ന, മനോഹരമായി സംവിധാനം ചെയ്ത സിനിമകൾ കാണാനുള്ള അവസരം നല്കി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് ബെംഗളൂരുവിൽ ഇന്ന്, ഡിസംബർ 16 തിങ്കളാഴ്ച തുടക്കമാകും.ബെംഗളൂരു ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ മറുപാക്കം, ഗമന വിമൻസ് കളക്ടീവ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വേൾഡ് കൾച്ചർ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബെംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയിലെയും വിദേശത്തെയും ഉൾപ്പെടെ 24 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക
മൂന്നു ദിവസം നീണ്ടുനില്ക്കുന്നാണ ഫിലിം ഫെസ്റ്റിവലിലിന് ‘നോമാഡ്സ് ഹാവൻ: ഹോം, ബെലോംഗിംഗ്, ആൻഡ് നൊസ്റ്റാൾജിയ’ എന്നതാണ് പേര്, ഇതേ തീമിൽ വരുന്ന ചിത്രങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബാംഗ്ലൂർ ഫിലിം സൊസൈറ്റിയുടെ ക്യൂറേറ്ററായ ജെസീക്ക വില്യംസ്, 40-ലധികം എൻട്രികൾ ലഭിച്ചതായി അറിയിച്ചു. ഫെസ്റ്റിവൽ പ്രമേയത്തെ അടിസ്ഥാനമാക്കി തിരഞ്ഞെടുത്ത സിനിമകൾ ആണ് ഈ ദിവസങ്ങളിൽ പ്രദർശിപ്പിക്കുന്നത്.
നീന സബ്നാനിയുടെ ആനിമേഷൻ ചിത്രമായ ‘ഹോം’ (ഘർ അംഗൻ) എന്ന ചിത്രത്തോടെയാണ് മേള ആരംഭിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള 20 ചിത്രങ്ങളും ബാക്കിയുള്ളവ വിദേശ ചിത്രങ്ങളും ആണ് പ്രദർശിപ്പിക്കുന്നത്.ശ്രീലങ്കൻ ചലച്ചിത്ര നിർമ്മാതാവ് ഇലക്കിയ സൈമണിന്റെ ‘എ ലെറ്റർ ടു ലങ്ക’ (‘A Letter to Lanka), ഫ്രഞ്ച് ചലച്ചിത്ര നിർമ്മാതാവ് ബെനോയിറ്റ് മാസ്റ്ററിന്റെ ‘പാരലൽസ് ആൻഡ് എലിജി ഫോർ എ വില്ലേജ്’ (Parallels and Elegy for a Village), ഓസ്ട്രേലിയൻ ചലച്ചിത്ര നിർമ്മാതാവ് ടിം മെമ്മറിയുടെ ‘നമരാലി’ (Namarali) തുടങ്ങിയ വിദേശ ചിത്രങ്ങളാണ് മേളയുടെ പ്രധാന ആകർഷണം.
കൂടാതെ, ഓസ്കാർ യോഗ്യതാ മത്സരത്തിൽ ഇടംപിടിച്ച എഫ്ടിഐഐ ബിരുദധാരിയായ ചിദാനന്ദ എസ് നായിക് സംവിധാനം ചെയ്ത ‘സൂര്യകാന്തികൾ ആദ്യം അറിഞ്ഞത്'( ‘Sunflowers Were the First Ones to Know’) എന്ന കന്നഡ സിനിമയും നൂന്ദ്രിഷ വഖ്ലൂ, ദക്ഷ് പുഞ്ച് എന്നിവരുടെ കാശ്മീരി സിനിമയായ ‘കാറ്റ്സ് ആറ്റിക്’ (Cats Attic); ഒപ്പം ‘ലല്ലബി ഓഫ് വേവ്സ്’ (Lullaby of Waves) എന്ന അസമീസ് ചിത്രവും മറ്റു സിനിമകൾക്കൊപ്പം പ്രദർശിപ്പിക്കുമെന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു.ബസവനഗുഡി ബിപി വാഡിയ റോഡിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വേൾഡ് കൾച്ചറിൽ വെച്ച് ഡിസംബർ 18 വരെ ബെംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നടക്കും.