ബെംഗളൂരു: പതിനഞ്ചാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം വ്യാഴാഴ്ച വിധാൻ സൗധയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. ഗ്രാമി അവാർഡ് ജേതാവ് റിക്കി കെജിന്റെ സാംസ്കാരിക പരിപാടിയുണ്ടാകും. സ്വിറ്റ്‌സർലൻഡ് സിനിമയായ ‘ബോൺഷർ ടിസിനോ’ആകും ഉദ്ഘാടന ചിത്രം.
എട്ടുദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്രോത്സവത്തിൽ 50-ലധികം രാജ്യങ്ങളിൽനിന്നുള്ള 180 സിനിമകളുണ്ടാകും. കന്നഡ, ഇന്ത്യൻ, ഏഷ്യൻ, സമകാലീന ലോകസിനിമ എന്നീ വിഭാഗങ്ങളിലാണ് മത്സരം നടക്കുക. മാർച്ച് ഏഴിന് വിധാൻസൗധയിലെ ബാങ്ക്വെറ്റ് ഹാളിൽ സമാപനച്ചടങ്ങ് നടക്കും. 28-ന് വൈകീട്ട് അഞ്ചുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഇതുവരെ 2000 പ്രതിനിധികൾ രജിസ്റ്റർചെയ്തതായി ഫെസ്റ്റിവൽ കോർ കമ്മിറ്റി ചെയർമാൻ ഡോ. ത്രിലോക് ചന്ദ്ര പറഞ്ഞു.