പനാജി: ഐ.എസ്.എല്‍ ഫൈനലിലെ തോല്‍വിക്ക് പിന്നാലെ റഫറീയിങ്ങിനെ പഴിച്ച് ബംഗളൂരു എഫ്.സി ഉടമ പാര്‍ഥ് ജിന്‍ഡാല്‍.
ചില തീരുമാങ്ങള്‍ വലിയ മത്സരങ്ങളെ സ്വാധീനിക്കുമെന്നും വാര്‍ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഫൈനലില്‍ ഐ.ടി.കെ മോഹന്‍ ബഗാനോട് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് സുനില്‍ ഛേത്രിയും സംഘവും പരാജയപ്പെട്ടത്. നിശ്ചിത സമയത്തും അധികസമയത്തും 2-2 എന്ന് സ്കോറില്‍ സമനില പാലിച്ചതോടെയാണ് വിജയിയെ കണ്ടെത്താന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. 4-3 എന്ന സ്കോറിനായിരുന്നു എ.ടി.കെയുടെ കിരീടധാരണം.
‘ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വാര്‍ നടപ്പാക്കേണ്ടത് ആവശ്യമാണെന്ന് പറയുന്നതില്‍ ഖേദമുണ്ട്. ചില തീരുമാനങ്ങള്‍ വലിയ മത്സരങ്ങളെ നശിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നു. ബംഗളൂരു എഫ്.സിയെ കുറിച്ച് അഭിമാനിക്കുന്നു. നിങ്ങളിന്ന് തോറ്റിട്ടില്ല. ചില തീരുമാനങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു’ -ജിന്‍ഡാല്‍ ട്വിറ്ററില്‍ കുറിച്ചു. നിശ്ചിത സമയത്ത് എ.ടി.കെ നേടിയ രണ്ടു ഗോളുകളും പെനാല്‍റ്റിയിലൂടെയായിരുന്നു.
ബംഗളൂരുവിന് അനുകൂലമായും ഒരു പെനാല്‍റ്റി ലഭിച്ചിരുന്നു. മോഹന്‍ബഗാന് അനുകൂലമായി വിളിച്ച രണ്ടാമത്തെ പെനാല്‍റ്റി തെറ്റായ തീരുമാനമാണ് എന്നാണ് ബംഗളൂരുവിന്‍റെ വാദം. നംഗ്യാല്‍ ഭൂട്ടിയയെ ബോക്‌സില്‍ പാബ്ലോ പെരസ് വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. പെട്രാറ്റോസ് നേടിയ ഈ ഗോളിലൂടെയാണ് ബഗാന്‍ മത്സരത്തിലേക്ക് തിരിച്ചുവന്നത്.
പാര്‍ഥ് ജിന്‍ഡാലിന്റെ ട്വീറ്റിനെ പരിഹസിച്ച് ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. കര്‍മ ഫലമാണ് ബംഗളൂരു അനുഭവിക്കുന്നത് എന്ന് നിരവധി ആരാധകര്‍ ഇതിനു താഴെ ട്വീറ്റ് ചെയ്തു. ‘റഫറി കാരണം ഫൈനലിലെത്തി, റഫറി കാരണം ഫൈനല്‍ തോറ്റു, സമതുലിതം’ -ഒരാള്‍ പോസ്റ്റ് ചെയ്തു.
റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബംഗളൂരുവിനെതിരെയുള്ള മത്സരം കേരള ബ്ലാസ്റ്റേഴ്സ് ബഹിഷ്‌കരിച്ചത് നേരത്തെ പാര്‍ഥ് ജിന്‍ഡാല്‍ ചോദ്യം ചെയ്തിരുന്നു. ബഹിഷ്‌കരണ തീരുമാനം അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ എങ്ങനെ ചിത്രീകരിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.