വിഷു തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യാൻ കഴിയുന്ന വിധത്തിൽ നേരത്തെ തന്നെ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും അവസാന നിമിഷമാണ് ട്രെയിൻ ഷെഡ്യൂൾ പുറത്ത് വന്നത്. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള സർവീസ് ഇന്ന് വൈകീട്ടാണ് പുറപ്പെടുക. മടക്കയാത്ര വിഷുദിനത്തിൽ രാത്രിയാണ് ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റ് റിസർവേഷൻ ഇന്ന് രാവിലെ എട്ട് മണിയ്ക്കാണ് ആരംഭിക്കുക.
എസ്എംവിടി ബെംഗളൂരു – എറണാകുളം സ്പെഷ്യൽ ട്രെയിൻ (06575) ഇന്ന് (ഏപ്രിൽ 12) വൈകീട്ട് 04:35നാണ് പുറപ്പെടുക. നാളെ പുലർച്ചെ 03:00 മണിയ്ക്ക് എറണാകുളത്തെത്തുകയും ചെയ്യും. കേരളത്തിൽ നാല് സ്റ്റോപ്പുകൾ മാത്രമാണ് സ്പെഷ്യൽ ട്രെയിനിനുള്ളത്. ബെംഗളൂരു വിട്ടാൽ കൃഷ്ണരാജപുരം 04:46, ബംഗാർപേട്ട് 05:35, സേലം 08:20, ഈറോഡ് 09:25, തിരുപ്പൂർ 10:10, പൊതനൂർ 10:58 സ്റ്റേഷനുകൾ പിന്നിട്ട് പുലർച്ചെ 12:03നാണ് പാലക്കാടെത്തുക. തുടർന്ന് 01:15 തൃശൂർ, 02:08 ആലുവ സ്റ്റേഷനുകൾ പിന്നിട്ട് ഞായറാഴ്ച പുലർച്ചെ 03:00 മണിയ്ക്ക് എറണാകുളത്തെത്തും.
വിഷു ആഘോഷിച്ച് തിങ്കളാഴ്ച വൈകീട്ട് ബെംഗളൂരുവിലേക്ക് മടങ്ങാൻ കഴിയുന്ന വിധത്തിലാണ് എറണാകുളം – ബെംഗളൂരു സ്പെഷ്യൽ (06576) ട്രെയിൻ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഏപ്രിൽ 14 തിങ്കളാഴ്ച രാത്രി 10:00 മണിയ്ക്ക് പുറപ്പെടുന്ന ട്രെയിൻ ചൊവ്വാഴ്ച രാവിലെ 10:55ന് ബെംഗളൂരുവിലെത്തും.
എറണാകുളം 10:00, ആലുവ 10:20, തൃശൂർ 11:38, പാലക്കാട് 12:57 എന്നിങ്ങനെയാണ് കേരളത്തിലെ മറ്റു സ്റ്റേഷനുകളിലെത്തുന്ന സമയം. തുടർന്ന് പൊതനൂർ 02:22, തിരുപ്പുർ 03:15, ഈറോഡ് 04:10, സേലം 05:00, ബംഗാർപേട്ട് 08:25, കൃഷ്ണരാജപുരം 09:25 സ്റ്റേഷനുകൾ പിന്നിട്ട് 10:55 എസ്എംവിടി ബെംഗളൂരുവിലെത്തും.പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലുള്ളവർക്ക് നേരിട്ടും. മറ്റ് ജില്ലക്കാർക്ക് ഭാഗികമായും പ്രയോജനം ലഭിക്കുന്ന സർവീസാണിത്.
വിഷു അവധിയോടനുബന്ധിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളിലും ബസുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഈ ഘട്ടത്തിലാണ് എറണാകുളത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്. യാത്രാ തിരക്ക് മുൻകൂട്ടി കണ്ട് നേരത്തെ തന്നെ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടിരുന്നു. മുൻവർഷങ്ങളിലും അവസാന നിമിഷങ്ങളിലായിരുന്നു ബെംഗളൂരുവിൽ നിന്ന് സ്പെഷ്യൽ സർവീസ് പ്രഖ്യാപിച്ചത്.