ബെംഗളൂരു നഗരം റമദാൻ ആഘോഷങ്ങളിലേക്ക് കടന്നു കഴിഞ്ഞു. പങ്കുവയ്ക്കലിന്‍റെയും കൂടിച്ചേരലിന്‍റെയും നേരമാണിത്. പ്രിയപ്പെട്ടവരെ കാണാനും ചെറിയ പെരുന്നാൾ ആഘോഷിച്ച് സൽക്കാരങ്ങൾ നടത്തി വിരുന്നുകളിൽ പങ്കെടുക്കാനും യാത്രകൾ പോകാനും ഒക്കെയുള്ള തിരക്കിലാണ് എല്ലാവരും. പ്രാര്‍ത്ഥനകളും നോമ്പുതുറകളും ഒക്കെയായി വലിയ തിരക്കാണ് ഇന്ന് ബാംഗ്ലൂരിൽ എല്ലാ ഭാഗങ്ങളിലും അനുഭവപ്പെടുന്നത്.
പൊതുവേ തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ സുഗമമായ യാത്രയും വാഹന ഗതാഗതവും ഉറപ്പുവരുത്തുവാൻ ബെംഗളൂരു ട്രാഫിക് പോലീസ് പെരുന്നാള് ദിനമായ മാർച്ച് 31 തിങ്കളാഴ്ച ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ബന്നാർഘട്ട റോഡിലെ ഗുരപ്പനപാളയ ഉൾപ്പടെയുള്ള സ്ഥലങ്ങളിലാണ് നിയന്ത്രണം. ട്രാഫിക് ബ്ലോക്ക് ഒഴിവാക്കുവാൻ പകരം റൂട്ടും അധികൃതർ നല്കിയിട്ടുണ്ട്.
ബെംഗളൂരു ഗതാഗത നിയന്ത്രണങ്ങൾ : ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന മാർച്ച് 31 തിങ്കളാഴ്ച ബെംഗളൂരുവിൽ ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങൾ.
– സാഗർ ആശുപത്രി ജംഗ്ഷൻ മുതൽ ബിജി റോഡിലെ ഗുരപ്പനപാളയ ജംഗ്ഷൻ വരെ-സായ് റാം ജംഗ്ഷൻ മുതൽ ഗുരപ്പനപാളയ ജംഗ്ഷൻ വരെ-39-ാം ക്രോസ് റോഡ്
-റെഡ്ഡി ആശുപത്രി ജംഗ്ഷൻ മുതൽ ഗുരപ്പനപാളയ ജംഗ്ഷൻ വരെ എന്നിവിടങ്ങളില് ഇന്ന് എല്ലാ വാഹനങ്ങളും കടന്നു പോകുന്നത് നിയന്ത്രിക്കും.
പകരം റൂട്ടുകൾ : ഗുരപ്പനപാളയ ജംഗ്ഷനു സമീപത്തെ വാഹന നിയന്ത്രണങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ബെംഗളൂരു ട്രാഫിക് പോലീസ് യാത്രക്കാർക്ക് ബദൽ വഴികൾ നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഡയറി സർക്കിളിൽ നിന്ന് ബിജി റോഡിലേക്ക് പോകുന്ന വാഹനങ്ങൾ സ്വാഗത് ജംഗ്ഷനിൽ വലത്തോട്ട് തിരിഞ്ഞ്, പിന്നീട് ഈസ്റ്റ് എൻഡ് ജംഗ്ഷനിലേക്ക് ഇടത്തോട്ട് ഒരു തിരിവും, തുടർന്ന് ജയദേവ യു-ടേൺ ജംഗ്ഷനിലേക്ക് ഇടത്തോട്ട് ഒരു തിരിവും തിരിഞ്ഞ് പോകണം. തുടർന്ന് ജയദേവ ജംഗ്ഷനിൽ യു-ടേൺ എടുത്ത് ജയദേവ സർവീസ് റോഡിൽ സായ് റാം ജംഗ്ഷനിലേക്ക് കയറി ബിജി റോഡിൽ തിരിച്ചെത്താൻ ഇടത്തോട്ട് തിരിഞ്ഞ് പോകണം.
ബിജി റോഡിലെ ജെഡി മാര ജംഗ്ഷനിൽ നിന്ന് വരുന്ന വാഹനങ്ങൾ സായ് റാം ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ജയദേവ ജംഗ്ഷനിലേക്ക് പോകണം, ഔട്ടർ റിംഗ് റോഡിലേക്ക് ഇടത്തേക്ക് തിരിഞ്ഞ് ഈസ്റ്റ് എൻഡ് മെയിൻ റോഡിലൂടെ സ്വാഗത് ജംഗ്ഷനിലേക്ക് പോകണം, തുടർന്ന് സാഗർ ഹോസ്പിറ്റൽ ജംഗ്ഷൻ വഴി ബിജി റോഡിൽ തിരിച്ചെത്തണം.
ഈദുൽ ഫിത്തർ പ്രാർത്ഥനകളും കൂട്ടായ്മകളുംഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുന്ന സാഹചര്യത്തിൽ ബെംഗളുരു നഗരത്തിലെ പലയിടങ്ങളിലും കൂട്ടായ്മകളും പ്രാർത്ഥനകളും നടക്കും. പ്രധാന സ്ഥലങ്ങളിൽ നടക്കുന്ന ഈദ് സംഗമത്തിന് ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേരുന്നത്.ജുമ്മ മസ്ജിദ് ട്രസ്റ്റ് ബോർഡ് നല്കിയ വിവരങ്ങളനുസരിച്ച് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഹസ്രത്ത് സർ-ഖാസി സയ്യിദ് ഷാ മുഹമ്മദ് അബ്ദുൾ ഖുദ്ദൂസ് ഖദ്രി സാഹിബ് ഈദ്ഗാഹിലാണ് ഈദ്-ഉൽ-ഫിത്തർ പ്രാർത്ഥനകൾ നടക്കുക.കൂടാതെ, ബെംഗളൂരുവിലെ ഏറ്റവും വലിയ ഈദ് സമ്മേളനം മില്ലേഴ്സ് റോഡിലെ പള്ളിയിൽ പ്രതീക്ഷിക്കുന്നു, ഇവിടെ ഒരു ലക്ഷത്തിലധികം ആളുകൾ പ്രാർത്ഥനയ്ക്കായി ഒത്തുകൂടുമെന്ന് പ്രതീക്ഷിക്കുന്നു.