Home Featured ഗതാഗതക്കുരുക്കിൽ ലോകത്ത് ആറാമതായി ബെംഗളൂരു

ഗതാഗതക്കുരുക്കിൽ ലോകത്ത് ആറാമതായി ബെംഗളൂരു

by admin

ബെംഗളൂരു:ലോകത്ത് കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരങ്ങളിൽ ബെംഗളൂരു ആറാമതെന്ന് നെതർലൻഡ്സ് ആസ്ഥാനമായുള്ള സ്വകാര്യ ഏജൻസിയുടെ സർവേ. ലൊക്കേഷൻ ടെക്‌നോളജി കമ്പനിയായ ’ടോം ടോം’ ആണ് 2023-ലെ സർവേ പുറത്തുവിട്ടത്. ഇന്ത്യയിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരം ബെംഗളൂരുവാണെന്നും സർവേയിൽ പറയുന്നു. അതേസമയം, 2022-ൽ ഗതാഗതക്കുരുക്കിന്റെ കാര്യത്തിൽ ബെംഗളൂരു രണ്ടാംസ്ഥാനത്തായിരുന്നു.

ബെംഗളൂരുവിൽ പത്തുകിലോമീറ്റർ സഞ്ചരിക്കാൻ വേണ്ട ശരാശരി സമയം 28 മിനിറ്റും 10 സെക്കൻഡുമാണ്. 2022-ൽ ഇത് 29 മിനിറ്റായിരുന്നു. 2023-ൽ തിരക്കുള്ള സമയങ്ങളിൽ വാഹനങ്ങളുടെ ശരാശരി വേഗം മണിക്കൂറിൽ 18 കിലോമീറ്ററായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

ലോകത്ത് ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരം ലണ്ടനാണ്. പത്തു കിലോമീറ്റർ പിന്നിടാൻ വേണ്ടത് 37 മിനിറ്റും 20 സെക്കൻഡും. അയർലൻഡിലെ ഡബ്ലിൻ ആണ് (29 മിനിറ്റും 30 സെക്കൻഡും) രണ്ടാം സ്ഥാനത്ത്.

ഇന്ത്യയിൽ പുണെയാണ് രണ്ടാംസ്ഥാനത്ത്. ആഗോളതലത്തിൽ ബെംഗളൂരുവിന് പിന്നിൽ ഏഴാമതാണ് പുണെ. പത്തുകിലോമീറ്റർ സഞ്ചരിക്കാൻ വേണ്ടത് 27 മിനിറ്റും 50 സെക്കൻഡുമാണ്. ഇന്ത്യയിൽ മൂന്നാമതുള്ള മുംബൈ ആഗോളതലത്തിൽ 54-ാം സ്ഥാനത്താണ്.

2023-ൽ ബെംഗളൂരുവിൽ ഏറ്റവും തിരക്കനുഭവപ്പെട്ടത് സെപ്റ്റംബർ 27-നാണ്. അന്ന് പത്തുകിലോമീറ്റർ സഞ്ചരിക്കാൻ വേണ്ടിവന്ന ശരാശരിസമയം 32 മിനിറ്റും 50 സെക്കൻഡുമായിരുന്നു. വെള്ളിയാഴ്ച ദിവസങ്ങളിൽ വൈകീട്ട് ആറുമുതൽ ഏഴുവരെയുള്ള സമയത്ത് പത്തുകിലോമീറ്റർ സഞ്ചരിക്കാൻ 36 മിനിറ്റും 20 സെക്കൻഡും വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group