ബെംഗളൂരു: സർക്കാർ സ്കൂൾ ആധുനികവത്കരിക്കാൻ പൂർവവിദ്യാർഥിയായ ഡോക്ടർ ചെലവിട്ടത് 14 കോടിരൂപ. സ്കൂളിന്റെ മുഖഛായ അടിമുടി മാറ്റി ഹൈടെക് സൗകര്യമൊരുക്കുകയായിരുന്നു. ബെംഗളൂരു സൗത്ത് ജില്ലയിലെ ഹങ്കനൂരുവിലെ സർക്കാർ സ്കൂളാണ് ഡോ. എച്ച്.എം. വെങ്കിടപ്പ പുതുക്കിപ്പണിതത്. ഏറെ ശോച്യമായ നിലായിരുന്ന സ്കൂളിൽ സ്മാർട്ട് ക്ലാസ്റൂമുകളടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി.
ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന കൻവ ഡയഗ്‍നോസ്റ്റിക് സെന്ററിന്റെ സ്ഥാപകഡയറക്ടറായ എച്ച്.എം. വെങ്കിടപ്പ ഭാവിതലമുറയുടെ നന്മയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നാലോചിക്കുകയും ഇതിനായി സ്കൂൾനവീകരണം നടപ്പാക്കുകയുമായിരുന്നു. ക്ലാസ്‍മുറികളെല്ലാം വൃത്തിയാക്കി. വിദ്യാർഥികൾക്കായി പുതിയ ഇരിപ്പിടമൊരുക്കി. മികച്ച കംപ്യൂട്ടർ ലാബും സജ്ജമാക്കി. പഴയ കെട്ടിടത്തോടുചേർന്ന് പുതിയത് നിർമിക്കുകയും ചെയ്തു.
അധ്യാപകരും വിദ്യാർഥികളും ഇതിനെ ആവേശത്തോടെ വരവേറ്റു. ഇത്രയേറെ പണംമുടക്കി സ്കൂളിൽ സൗകര്യങ്ങൾ വർധിപ്പിച്ചതിനുപകരമായി പൊതുപരീക്ഷയിൽ 100 ശതമാനം വിജയംനേടണമെന്നാണ് ഡോ. വെങ്കിടപ്പ ആവശ്യപ്പെട്ടിരിക്കുന്നത്.
കളിക്കുന്നതിനിടയില്‍ വാഷിങ് മെഷീനില്‍ കുടുങ്ങിയ നാലുവയസ്സുകാരനെ രക്ഷപ്പെടുത്തി
കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ ടോപ് ലോഡ് വാഷിങ് മെഷീനില്‍ കുടുങ്ങിയ നാലുവയസ്സുകാരനെ അഗ്നിരക്ഷാസേനാംഗങ്ങള്‍ രക്ഷപ്പെടുത്തി.ഒളവണ്ണ ഇരിങ്ങല്ലൂർ ഞണ്ടിത്താഴത്ത് ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. ഹറഫാ മഹലില്‍ താമസിക്കുന്ന സുഹൈബിന്റെ മകൻ മുഹമ്മദ് ഹനാനാണ് വാഷിങ് മെഷീനിനകത്ത് കുടുങ്ങിയത്.വിവരമറിയിച്ചതനുസരിച്ച് എത്തിയ മീഞ്ചന്ത നിലയത്തിലെ അഗ്നിരക്ഷാസേനാംഗങ്ങള്‍ വീട്ടുകാരുടെയും നാട്ടുകാരുടെയും സഹായത്തോടെ കുട്ടിയെ പരിക്കുകളില്ലാതെ പുറത്തെത്തിച്ചു.
വാഷിങ് മെഷീനിലെ വസ്ത്രമുണക്കുന്ന ഭാഗത്താണ് കുട്ടി കുടുങ്ങിയത്. ഈ ഭാഗം മെഷീനില്‍നിന്ന് വേർപെടുത്തിയശേഷം യന്ത്രമുപയോഗിച്ച് കട്ട് ചെയ്താണ് രക്ഷപ്പെടുത്തിയത്. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഡബ്ള്യു. സനലിന്റെ നേതൃത്വത്തില്‍ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എം. അനീഷ്, കെ.പി. അമീറുദീൻ, വി.കെ. അനൂപ്, ജെ. ജയേഷ്, വനിതാ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി.കെ. അശ്വനി, ഹോംഗാർഡ് എബി രാധാകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.