ബെംഗളൂരു: ബെംഗളൂരുവിലെ ഐ.ടി. സ്ഥാപനത്തിന്റെ എം.ഡി.യെയും മലയാളിയായ സി.ഇ.ഒ.യെയും കൊലപ്പെടുത്തിയതിന് മറ്റൊരു ഐ.ടി. കമ്പനി ഉടമ കൊലയാളികൾക്ക് നൽകിയത് 12,000 രൂപയെന്ന് പോലീസ്. കൊലനടത്തുംമുമ്പ് 2000 രൂപയും ശേഷം 10,000 രൂപയും നൽകി. അറസ്റ്റിലായ നാലു പ്രതികളുടെ പേരിൽ പോലീസ് കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് ആരോപണം.
ബെംഗളൂരുവിലെ ഏറോനിക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ എം.ഡി. ബെംഗളൂരു സ്വദേശി ഫണീന്ദ്ര സുബ്രഹ്മണ്യം (35), സി.ഇ.ഒ. കോട്ടയം പനച്ചിക്കാട് രുഗ്മിണിവിലാസത്തിൽ വിനുകുമാർ (47) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ ആദ്യം ജോലിചെയ്ത ജീനെറ്റ് ബ്രോഡ്ബാൻഡിന്റെ ഉടമ അരുൺകുമാർ ആസാദാണ് പണം നൽകി കൊലപാതകം ചെയ്യിച്ചതെന്നാണ് പോലീസ് പറയുന്നത്. ജീനെറ്റ് ബ്രോഡ്ബാൻഡ് വിട്ട് ഫണീന്ദ്രയും വിനുകുമാറും ചേർന്ന് സ്ഥാപിച്ച ഏറോനിക്‌സ് മീഡിയയുടെ പെട്ടെന്നുള്ള വളർച്ചയും തന്റെ സ്ഥാപനത്തിന്റെ തളർച്ചയുമുണ്ടാക്കിയ വൈരാഗ്യത്തിലാണ് അരുൺകുമാർ കൊലയ്ക്ക് പദ്ധതിയിട്ടതെന്നും പോലീസ് കണ്ടെത്തി. ജൂലായ് 11-ന് അമൃതഹള്ളി പമ്പ എക്സ്റ്റൻഷനിലെ ഏറോനിക്‌സ് മീഡിയയുടെ ഓഫീസിലെത്തി ബെംഗളൂരു ബന്നാർഘട്ട റോഡ് ദേവരചിക്കനഹള്ളി ശബരീഷ് എന്ന ജോക്കർ ഫെലിക്‌സ് (27), രൂപേന അഗ്രഹാര വിനയ് റെഡ്ഡി (23), മാരെനഹള്ളി സന്തോഷ് (26) എന്നിവർ ചേർന്നാണ് കൊലനടത്തിയത്.
അരുൺകുമാർ ആസാദിനെ മുഖ്യപ്രതിയാക്കിയാണ് അമൃതഹള്ളി പോലീസ് കോടതിയിൽ 1350 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. കൊലപാതകം നടന്ന് ഒരുമാസം കഴിഞ്ഞപ്പോൾ കുറ്റപത്രം സമർപ്പിക്കാനായത് പോലീസിന് നേട്ടമായി. 25 പോലീസുദ്യോഗസ്ഥരാണ് അന്വേഷണത്തിന്റെ ഭാഗമായത്. 126 സാക്ഷികളെ ഉൾപ്പെടുത്തി. തെളിവുകളും ശേഖരിച്ചതായി പോലീസ് അറിയിച്ചു.