ബെംഗളൂരു : സംസ്ഥാനത്ത് പിന്നാക്ക കമ്മിഷന്റെനേതൃത്വത്തിൽ നടത്തുന്ന ജാതി സർവേയിൽ പങ്കെടുക്കാൻ വിസമ്മതിച്ച് ബെംഗളൂരു നിവാസികൾ. ബെംഗളൂരുവിലെ 67 ശതമാനം വീടുകളാണ് സർവേക്ക് നിയോഗിക്കപ്പെട്ട ജീവനക്കാർ സന്ദർശിച്ചത്. ഇതിൽ 20 ശതമാനം പേർ വിവരങ്ങൾ നൽകാൻ തയ്യാറായില്ലെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, ഇതിലും കൂടുതൽപ്പേർ വിവരങ്ങൾ നൽകാനുണ്ടെന്നാണ് സംശയിക്കുന്നത്. വിവരങ്ങൾ നൽകാത്തതിന് രാഷ്ട്രീയകാരണം മാത്രമല്ലെന്നാണ് വിലയിരുത്തൽ.
സംസ്ഥാനത്താകെ 6.85 കോടി ജനങ്ങളുണ്ടെന്നാണ് സർക്കാരിന്റെ കണക്ക്. ഇതിൽ 5.97 കോടി ആളുകളുടെ സർവേ എടുത്തുകഴിഞ്ഞു. ബാക്കിയുള്ളവർ ബെംഗളൂരു നഗരത്തിലാണ്. സർവേ ബഹിഷ്‌കരിക്കാൻ ബിജെപി ആഹ്വാനം ചെയ്‌തിട്ടുണ്ട്. എൻഡിഎ സഖ്യകക്ഷിയായ ജെഡിഎസും സർവേക്കെതിരാണ്. സംസ്ഥാനത്തെ ജനങ്ങളെ വിഭജിക്കാനാണ് സർവേയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ഇവരുടെ ആരോപണം. അതിനാൽ വിവരം നൽകാത്തവരിൽ ഒരുവിഭാഗം ബിജെപി അനുകൂലികളാണ്. സർവേയിൽ ചോദ്യങ്ങളുടെ എണ്ണം കൂടുതലാണെന്നും പലരേയും വിവരങ്ങൾ നൽകുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നു.
സർവേയിൽ പങ്കെടുക്കണമെന്ന് നിർബന്ധമില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ സർവേയാണെന്ന് പറയുമ്പോൾത്തന്നെ താത്പര്യമില്ലെന്ന് അറിയിക്കുകയാണ് പലരും ചെയ്യുന്നത്. സമയം കളയാനില്ലെന്നാണ് ഇവർ പറയുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വലിയ ഒരു വിഭാഗവും സർവേയിൽ പങ്കെടുക്കാൻ താത്പര്യം കാട്ടുന്നില്ല.ബെംഗളൂരുവിൽ സർവേയിൽ പങ്കെടുക്കാൻ ആളുകൾ മടിക്കുമ്പോൾ മറ്റ് പല ജില്ലകളിലും സർക്കാർ കണക്കിലുള്ള ജനസംഖ്യയെക്കാൾ കൂടുതൽ ആളുകൾ പങ്കെടുത്തു. മാണ്ഡ്യ ജില്ലയിൽ ആകെ 17.22 ലക്ഷം ജനങ്ങളുണ്ടെന്നായിരുന്നു സർക്കാരിന്റെ വിലയിരുത്തൽ.
എന്നാൽ, ഇവിടെ 17.96 ആളുകളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. തുമകൂരു, ഹാവേരി, ചിത്രദുർഗ, ഉഡുപ്പി, ചിക്കമഗളൂരു, ദാവണഗരെ ജില്ലകളിലും പ്രതീക്ഷിച്ചതിലും കൂടുതൽപ്പേരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.