ബെംഗളൂരു കാണാൻ എത്തുന്നവർ അന്വേഷിക്കുന്ന കാര്യങ്ങളില്‍ ഒന്നാണ് ഏറ്റവും കുറഞ്ഞ ചെലവില്‍ നഗരത്തിലെ പ്രധാന കാഴ്ചകള്‍ എങ്ങനെ കാണാം എന്നത്.സ്വന്തമായി വാഹനമില്ലാത്തവർക്ക്, കുടുംബമായി, സുഹൃത്തുക്കളോടൊത്ത് ബെംഗളൂരു കറങ്ങാൻ വരുമ്ബോള്‍ വലിയ വാടക കൊടുത്ത് വണ്ടിയെടുത്ത് പോവുക എന്നത് പലർക്കും സാധിക്കണമെന്നില്ല. അങ്ങനെ, കുറഞ്ഞ ചെലവില്‍ ബാംഗ്ലൂര്‍ നഗരത്തില്‍ തീര്‍ച്ചയായും കാണേണ്ട സ്ഥലങ്ങള്‍ കാണാൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ് ബിഎംടിസിയുടെ ബെംഗളൂരു ദർശിനി പാക്കേജ്.
ചെറിയ തുകയില്‍ ഒരു ദിവസം മുഴുവന്‍ സമയമെടുത്ത് പോകുന്ന ഈ പാക്കേജ് പുറത്തു നിന്നും ബാംഗ്ലൂർ കാണാനെത്തുന്നവർക്ക് മാത്രമല്ല, ഇവിടെ താമസിക്കുന്ന ആളുകള്‍ക്കും പ്രിയപ്പെട്ട ഒന്നാണ്. ബാംഗ്ലൂർ എക്പ്ലോർ ചെയ്യാന്‍ വന്നിട്ട് ട്രാഫിക് ബ്ലോക്കിലൂടെ വണ്ടി ഓടിച്ചു ബുദ്ധിമുട്ടി സമയം കളയാതെ പോകാൻ പറ്റുന്നതായതിനാല്‍ ഇത് ഒന്നു പരീക്ഷിച്ചു നോക്കാമെന്നു കരുതി പോകുന്നവരെയും ബിഎംടിസി ബെംഗളൂരു ദർശിനി പാക്കേജില്‍ കാണാം.
ഡെക്കാൻ ഹെറാള്‍ഡിലെ റിപ്പോർട്ട് അനുസരിച്ച് ഓഗസ്റ്റ് മാസം മുതല്‍ ബിഎംടിസി ബെംഗളൂരു ദർശിനി പാക്കേജ് ബുക്കിങ് വര്‍ധിച്ചു. ഈ കാലയളവില്‍ ആകെ 500 പേരോളം സർവീസ് ഉപയോഗപ്പെടുത്തി. മാത്രമല്ല, 2022 മായി താരതമ്യം ചെയ്യുമ്ബോള്‍ മാസ ബുക്കിങ്ങില്‍ 100 മുതല്‍ 150 വരെ വർധനവും വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബിഎംടിസിയുടെ ബാംഗ്ലൂർ പാക്കേജ് ആയതിനാല്‍ ഓണ്‍ലൈൻ ബുക്കിങ് നടത്താൻ സ്വാഭാവീകമായും ആളുകള്‍ ആശ്രയിക്കുന്നത് ബിഎംടിസി വെബ്സൈറ്റിനെ ആയിരിക്കും. എന്നാല്‍ ബിഎംടിസി സൈറ്റില്‍ നിങ്ങള്‍ക്ക് ബെംഗളൂരു ദർശിനി പാക്കേജ് കണ്ടെത്താൻ കഴിയില്ല. എന്നാല്‍ യാത്രയില്‍ സന്ദർശിക്കുന്ന ഇടങ്ങള്‍, സമയം തുടങ്ങിയ കാര്യങ്ങളെല്ലാം ബിഎംടിസി വെബ്സൈറ്റില്‍ ഉണ്ടായിരിക്കും.കർണ്ണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്‌ആർടിസി)യുടെ സൈറ്റിലാണ് നിങ്ങള്‍ക്ക് ബെംഗളൂരു ദർശിനി പാക്കേജ് ബുക്ക് ചെയ്യാന്‍ സാധിക്കുക. അതും കണ്ടെത്താൻ അത്രയെളുപ്പമല്ല.
ബാംഗ്ലൂർ ദർശിനി ടൂർ പ്രോഗ്രാം ആയതിനാല്‍ ആദ്യം നോക്കുക പാക്കേജ് ടൂര് ബുക്കിങ് എന്നതിലായിരിക്കും. പക്ഷേ, ഈ ടൂർ പാക്കേജ് അവിടെ കണ്ടെത്താൻ സാധിക്കില്ല. അപ്പോള്‍ ചെയ്യേണ്ടത് സാധാരണ ബസ് ടിക്കറ്റ് ബുക്കിങ് നടത്തുന്ന അതേ ഓപ്ഷൻ സൈറ്റില്‍ തിരഞ്ഞെടുക്കുകയാണ്.കെഎസ്‌ആർടിസി സൈറ്റ് തുറന്ന് സാധാരണ ബസ് ബുക്കിങ് നടത്തുന്നതുപോലെ സ്റ്റാർട്ടിങ് ഫ്രം (Starting From) എന്ന കോളത്തില് ബാംഗ്ലൂരും ഗോയിങ് ടു (Going To) എന്ന കോളത്തില്‍ ബാംഗ്ലൂർ ദർശിനി (Bangalore Darshini) എന്നും നല്കണം. അപ്പോള്‍ നിങ്ങള്‍ക്ക് ബാംഗ്ലൂർ ദർശിനി കാണാം. ഇത് സെലക്‌ട് ചെയ്ത് നിങ്ങളുടെ യാത്രാ തിയതി കൂടി നല്കി സേർച്ച് ബസ് കൊടുക്കുക. തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് പ്രത്യേക സീറ്റും ഉണ്ട്. അപ്പോള്‍ ആ തിയതിയില്‍ ലഭ്യമായ സീറ്റുകള്‍, ടിക്കറ്റ് നിരക്ക് എന്നിവ കാണാം. സെലക്‌ട് ചെയ്ത് പണമടച്ച് ബുക്കിങ് പൂർത്തിയാക്കാം.
ബെംഗളുരു ദർശിനി പാക്കേജ്: ബിഎംടിസിയുടെ വോള്‍വോ ബസില്‍ മികച്ച സൗകര്യങ്ങളോടെയാണ് യാത്ര. ഒറ്റ യാത്രയില്‍ 40 പേർക്ക് വരെ പങ്കെടുക്കാം. രാവിലെ 8.46 ന് മജസ്റ്റിക് ബസ് സ്റ്റാൻഡില്‍ നിന്ന് പുറപ്പെട്ട് വൈകിട്ട് 5.56 ന് നിങ്ങളെ അവിടെ തിരികെയെത്തിക്കും. 432 രൂപയാണ് ടിക്കറ്റ്. ഭക്ഷണം, വിവിധ സ്ഥലങ്ങളിലേക്ക് വേണ്ടി വരുന്ന പ്രവേശന നിരക്ക് എന്നിവയൊന്നും ഇതില്‍ ഉള്‍പ്പെടുന്നതല്ല. ഓരോ സ്ഥലത്തെയും കുറിച്ച് കൃത്യമായ വിശദീകകരണം നല്കുന്ന ഒരാള്‍ യാത്രയില്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടയിരിക്കും.
ബാംഗ്ലൂർ ഇസ്കോണ്‍ ക്ഷേത്രം, വിധാൻ സൗധ, ടിപ്പു പാലസ്, ഗവി ഗംഗാധരേശ്വര ക്ഷേത്രം , ദൊഡ്ഡ ഗണപതി ക്ഷേത്രം, ബുള്‍ ക്ഷേത്രം, ലാല്‍ ബാഗ് ബോട്ടാണിക്കല്‍ ഗാർഡൻ , കർണ്ണാടക സില്‍ക്ക് എംപോറിയം, നാഷണല്‍ ഗാലറി, വിശ്വേശ്വരയ്യ മ്യൂസിയം, വെങ്കട്ടപ്പ ആർട്ട് ഗാലറി, കബ്ബണ്‍ പാർക്ക് എന്നീ പത്ത് സ്ഥലങ്ങളാണ് സന്ദര്‍ശിക്കുന്നത്. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളില്‍ പൊതുവേ തിരക്ക് അനുഭവപ്പെടാറുണ്ട്.ബുക്കിങ് കൂടുന്നതനുസരിച്ച് അധിക സർവീസുകളും അധികൃതർ ഏർപ്പെടുത്താറുണ്ട്. ബാംഗ്ലൂർ ദർശിനി പാക്കേജ് ബുക്ക് ചെയ്യാനായി ksrtc.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കില്‍ 94810 3623 എന്ന നമ്ബറില്‍ ബന്ധപ്പെടുകയോ ചെയ്യാം.