അന്തരിച്ച മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ കൈവശമുണ്ടായിരുന്ന ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളുമടക്കം പിടിച്ചെടുത്ത സ്വത്തുക്കള്‍ തമിഴ്നാട് സർക്കാറിന് കൈമാറി.ബംഗളൂരുവിലെ പ്രത്യേക കോടതിയില്‍ വെള്ളി, ശനി ദിവസങ്ങളിലായാണ് കൈമാറ്റ നടപടികള്‍ പൂർത്തിയാക്കിയത്.സ്വത്തുരേഖകള്‍, 11,344 സില്‍ക്ക് സാരികള്‍, 468 സ്വർണ, വജ്രാഭരണങ്ങള്‍, 7040 ഗ്രാം തൂക്കം വരുന്ന മറ്റ് ആഭരണങ്ങള്‍, 750 ജോടി ചെരിപ്പുകള്‍, വാച്ചുകള്‍, മറ്റു വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയാണ് കൈമാറിയത്.
250 ഷാളുകള്‍, 12 റഫ്രിജറേറ്ററുകള്‍, 10 ടെലിവിഷൻ സെറ്റുകള്‍, എട്ട് വി.സി.ആറുകള്‍, ഒരു വിഡിയോ കാമറ, നാല് സഡി പ്ലെയറുകള്‍, രണ്ട് ഓഡിയോ ഡെക്കുകള്‍, 24 ടേപ് റെക്കോഡറുകള്‍, 1040 വിഡിയോ കാസറ്റുകള്‍, അഞ്ച് ഇരുമ്ബ് ലോക്കറുകള്‍ എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു. അനധികൃത സ്വത്ത് സമ്ബാദന കേസുമായി ബന്ധപ്പെട്ട് അധികൃതർ പിടിച്ചെടുത്ത വസ്തുക്കളാണിവ.സ്വത്ത് കൈമാറല്‍ പ്രക്രിയ പൂർത്തിയാക്കി ഏറ്റെടുക്കുന്നതിനായി തമിഴ്‌നാട്ടില്‍നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്ബടിയോടെ ഒരു സംഘം ഉദ്യോഗസ്ഥർ ബംഗളൂരുവില്‍ എത്തിയിരുന്നു. ജയലളിതയുടെ ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കൈമാറുന്നതിനുള്ള തീയതി പ്രത്യേക കോടതി നിശ്ചയിച്ചിരുന്നു.
എന്നാല്‍, പിടിച്ചെടുത്ത വസ്തുക്കളുടെ ഉടമസ്ഥാവകാശം അവകാശപ്പെട്ട് ജയലളിതയുടെ അനന്തരവളും മരുമകനുമായ ജെ. ദീപയും ജെ. ദീപക്കും കർണാടക ഹൈകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഹൈകോടതിയുടെ സിംഗ്ള്‍ ബെഞ്ച് ഇതുസംബന്ധിച്ച കീഴ്‌ക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യുകയും പിന്നീട് ഹരജി റദ്ദാക്കുകയും ചെയ്തു.അതേസമയം, ദീപക്കെതിരായ കേസില്‍ കണ്ടുകെട്ടിയ സ്വത്തുക്കള്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ദീപയും ദീപക്കും സമർപ്പിച്ച ഹരജി വെള്ളിയാഴ്ച സുപ്രീംകോടതി തള്ളി. നടപടിക്രമങ്ങള്‍ അവസാനിപ്പിച്ചുവെന്നത് അവരെ കുറ്റമുക്തയാക്കി എന്നല്ല അർഥമാക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
1996ല്‍ ജയലളിതക്കെതിരെ സെൻട്രല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) റെയ്ഡുകള്‍ നടത്തി, 1997ലാണ് കുറ്റപത്രം സമർപ്പിച്ചത്. 2016ല്‍ ജയലളിത മരിച്ചു. സംസ്ഥാനം കണ്ടുകെട്ടിയ സ്വത്തുക്കളില്‍ ജയലളിതയുടെ കുടുംബത്തിന് അവകാശമില്ലെന്ന് കോടതി മുമ്ബ് വിധിച്ചിരുന്നു.2014 സെപ്റ്റംബർ 27ന് ബംഗളൂരുവിലെ പ്രത്യേക കോടതി ജയലളിതക്ക് നാല് വർഷം തടവും 100 കോടി രൂപ പിഴയും വിധിച്ചു.പിടിച്ചെടുത്ത വസ്തുക്കളുടെ ലേലത്തിലൂടെ കർണാടക സർക്കാർ ഈ കേസില്‍ ചെലവഴിച്ച തുകക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ ടി. നരസിംഹ മൂർത്തി ഹരജി ഫയല്‍ ചെയ്തു.കോടതി ലേലം നിരസിക്കുകയും പിടിച്ചെടുത്ത വസ്തുക്കള്‍ തമിഴ്‌നാട് സർക്കാറിന് കൈമാറാൻ നിർദേശിക്കുകയും ചെയ്തു.