ബെംഗളൂരു: അനുയോജ്യയായ വധുവിനെ കണ്ടെത്തി നല്‍കാത്തതിന് മാട്രിമോണിയല്‍ സൈറ്റിന് 60,000 രൂപ പിഴ ചുമത്തി. ബെംഗളൂരുവിലെ എംഎസ് നഗറില്‍ താമസിക്കുന്ന വിജയകുമാർ കെ എസ് എന്നയാളാണ് പരാതി നല്‍കിയത്.തുടർന്ന് ബെംഗളൂരു ഉപഭോക്തൃ കോടതിയാണ് പിഴ ചുമത്തിയത്. വിജയകുമാർ മകൻ ബാലാജിക്ക് വധുവിനെ തേടിയാണ് ദില്‍മില്‍ മാട്രിമോണി പോർട്ടലിനെ സമീപിച്ചത്. മാർച്ച് 17ന് മകന്റെ ഫോട്ടോകളും മറ്റ് രേഖകളും നല്കി. വധുവിനെ കണ്ടെത്താൻ 30,000 രൂപ ഫീസായി നല്കി. 45 ദിവസത്തിനകം ബാലാജിക്ക് വധുവിനെ കണ്ടെത്തുമെന്ന് ദില്‍മില്‍ മാട്രിമോണി വാക്കാലുള്ള ഉറപ്പും നല്കി.
എന്നാല്‍ ബാലാജിക്ക് അനുയോജ്യയായ വധുവിനെ കണ്ടെത്താൻ ദില്‍മില്‍ മാട്രിമോണിക്ക് കഴിഞ്ഞില്ല. ഇതോടെ വിജയ കുമാർ ഓഫീസിലെത്തി പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഏപ്രില്‍ 30 നാണ് പണം തിരികെ നല്‍കണമെന്ന് അഭ്യർത്ഥിച്ചത്. എന്നാല്‍ പണം തിരികെ നല്‍കിയില്ലെന്ന് മാത്രമല്ല, ജീവനക്കാർ അസഭ്യ വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തു. മെയ് 9 ന് വിജയകുമാർ വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും ദില്‍മില്‍ പ്രതികരിച്ചില്ല. തുടർന്നാണ് ഉപഭോക്തൃ കോടതി വിജയകുമാറിന് അനുകൂലമായ ഉത്തരവിട്ടത്.
പരാതിക്കാരനെ ഒരു പ്രൊഫൈല്‍ പോലും കാണിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് ഫീസ് തിരികെ നല്‍കാനും നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചത്. ഫീസായി വാങ്ങിയ 30,000 രൂപയും സേവനം നല്‍കാത്തതിന് 20,000 രൂപയും മാനസിക ബുദ്ധിമുട്ടിന് 5,000 രൂപയും കോടതി ചെലവായി 5,000 രൂപയും നല്കാൻ കോടതി ഉത്തരവിട്ടു.
ബൈക്ക് റൈഡ് കാൻസല്‍ ചെയ്തു; പിന്നാലെ റൈഡര്‍ യുവതിയെ വിളിച്ചത് 17 തവണ; പോരാത്തതിന് അശ്ലീല മെസ്സേജുകളും വീഡിയോകളും; ജൂനിയര്‍ ഡോക്ടറുടെ പരാതിയില്‍ 41കാരൻ അറസ്റ്റില്‍
കൊല്‍ക്കത്തയിലെ ജാദവ്പൂരില് ആപ്പ് വഴി ബുക്ക് ചെയ്ത ബൈക്ക് റൈഡ് കാൻസല്‍ ചെയ്തതിന്റെ പേരില്‍ ജൂനിയർ ഡോക്ടറോട് മോശമായി പെരുമാറി.റൈഡ് കാൻസല്‍ ചെയ്തതിനു പിന്നാലെ 17 തവണയാണ് ഇയാള്‍ യുവതിയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്തത്. മാത്രമല്ല അശ്ലീല മെസ്സേജുകള്‍ അയയ്ക്കുകയും ചെയ്തു. സംഭവത്തില്‍ ഇയാളെ അറസ്റ്റ് ചെയ്തു.മുൻ സിഎൻഎംസിഎച്ച് വിദ്യാർത്ഥിനിയും നിലവില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒന്നാം വർഷ ബിരുദാനന്തര ബിരുദധാരിയുമായ യുവതിയാണ് പൊലീസില്‍ പരാതി നല്‍കിയത്. പിന്നീട്, ഈ ബൈക്ക് റൈഡറെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച പുർബ ജാദവ്പൂരില് നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ അന്വേഷണം ആരംഭിക്കുകയും ആപ്പ് ബൈക്ക് റൈഡറെ വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മുകുന്ദപൂർ സ്വദേശിയായ രാജു ദാസ് എന്ന 41 -കാരനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് ഡിസി (ഈസ്റ്റ്) ആരിഷ് ബിലാല്‍ പറഞ്ഞത്. വ്യാഴാഴ്ചയാണ് യുവതി റൈഡ് ബുക്ക് ചെയ്തത്. എന്നാല്‍, പിന്നീട് റൈഡർ വൈകും എന്ന് അറിഞ്ഞു. യുവതിയുടേത് അടിയന്തിര സാഹചര്യം ആയതുകൊണ്ട് അത് കാൻസല്‍ ചെയ്ത് മറ്റൊരു വണ്ടിക്ക് പോകേണ്ടി വന്നു.
ഇതാണ് ഇയാളെ പ്രകോപിപ്പിച്ചത്.പിന്നാലെ ഇയാള്‍ യുവതിയെ 17 തവണ വിളിച്ചു. എന്തുകൊണ്ട് റൈഡ് കാൻസല്‍ ചെയ്തു എന്ന് ചോദിച്ച് യുവതിയോട് കയർക്കുകയും ചെയ്തു. ഇതുകൊണ്ടും തീർന്നില്ല, യുവതിയുടെ ഫോണിലേക്ക് വാട്ട്സാപ്പ് വഴി അശ്ലീലവീഡിയോ അയക്കുകയും ചെയ്തു. അത് യുവതി ചോദ്യം ചെയ്തപ്പോള്‍ അവരോട് മോശമായി പെരുമാറി എന്നും പൊലീസ് പറയുന്നു.