കെട്ടിട നികുതി അടക്കുന്നതിൽ വീഴ്ച വരുത്തിയ കർണാടക നിയമസഭക്കും രാജ്ഭവനും ബെംഗളൂരു കോർപറേഷന്റെ നോട്ടീസ്. ബെംഗളൂരു ഈസ്റ്റിൽ സ്ഥിതി ചെയ്യുന്ന രണ്ടു കെട്ടിടങ്ങളും രണ്ടു പതിറ്റാണ്ടായി കെട്ടിട നികുതി അടച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇതേ തുടർന്നാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ ( ബിബിഎംപി ) ഈസ്റ്റ് സോൺ കമ്മീഷണർ നോട്ടീസ് അയച്ചത്.200 കോടി രൂപക്കടുത്തു നികുതി കുടിശിക വരുത്തിയതായാണ് വിവരം. കർണാടക നിയമ സഭ സ്ഥിതി ചെയ്യുന്ന വിധാൻ സൗധയുടെ അനക്സ് കെട്ടിടമായ വികാസ് സൗധയും നികുതിക കുടിശിക വരുത്തിയിട്ടുണ്ട്.
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം നേരത്തെ നോട്ടീസ് അയച്ചിരുന്നെങ്കിലും പ്രതികരണമുണ്ടായില്ലെന്നു ബിബിഎംപി ഈസ്റ്റ് സോൺ കമ്മീഷണർ പറഞ്ഞു. കഴിഞ്ഞ ജൂലൈ മുതൽ നിരവധി തവണ നോട്ടീസ് നൽകിയിരുന്നു. എന്നാൽ സർക്കാരിൽ നിന്നും യാതൊരു വിധ പ്രതികരണങ്ങളും ലഭിച്ചിട്ടില്ല. തലസ്ഥാന നഗരിയിലെ ഒട്ടുമിക്ക പ്രധാന സർക്കാർ കെട്ടിടങ്ങളും സ്ഥിതി ചെയ്‌യുന്നത് ബെംഗളൂരു ഈസ്റ്റ് സോണിലാണ്.258 സർക്കാർ കെട്ടിടങ്ങളാണ് ബെംഗളുരു നഗരസഭക്ക് നികുതി കുടിശിക വരുത്തിയിരിക്കുന്നത്. സാധാരണക്കാർ കൃത്യമായി നികുതിയടക്കുമ്പോൾ മാതൃകയാകേണ്ട സർക്കാർ സ്ഥാപനങ്ങൾ വീഴ്ച വരുത്തുകയും ചെയ്യുത് അംഗീകരിക്കാനാവില്ലെന്ന് ബിബിഎംപി കമ്മീഷണർ പറഞ്ഞു.