ബെംഗളൂരുവിലെ തെരുവ് നായ്ക്കള്‍ക്ക് പാകം ചെയ്ത ചിക്കൻ റൈസ് വിളമ്ബുന്നതിനുള്ള പൈലറ്റ് പദ്ധതി ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പ്രഖ്യാപിച്ചു.മൃഗങ്ങളുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനും ആക്രമണാത്മകമായ തെരുവ് നായ്ക്കളുടെ പെരുമാറ്റം തടയുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി. നഗരത്തിലുടനീളമുള്ള ഏകദേശം 5,000 നായ്ക്കള്‍ക്ക് ദിവസേന ഭക്ഷണം നല്‍കുന്നതിനായി പ്രതിവർഷം 2.88 കോടി രൂപ ചെലവഴിക്കാൻ നഗരസഭ പദ്ധതിയിടുന്നതയാണ് റിപ്പോർട്ടുകള്‍.
മൃഗസ്‌നേഹികളുടെ അഭിനന്ദനം നേടിയെടുക്കുക മാത്രമല്ല, സോഷ്യല്‍ മീഡിയയില്‍ രസകരമായ പ്രതികരണങ്ങള്‍ക്കും ട്രോളുകള്‍ക്കും കാരണമാവുകയും ചെയ്തു.ഭക്ഷ്യക്ഷാമവും ലഭ്യത കുറഞ്ഞതുമായ പ്രദേശങ്ങളില്‍, 100 കേന്ദ്രങ്ങളിലായി ഏകദേശം 5,000 തെരുവ് നായകള്‍ക്ക് ദിവസം ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ടെൻഡർ ബിബിഎംപി ക്ഷണിച്ചു. ടെൻഡർ മാനദണ്ഡങ്ങള്‍ അനുസരിച്ച്, ഭക്ഷണത്തില്‍ 600 ഗ്രാം വേവിച്ച അരി, ചിക്കൻ, പച്ചക്കറികള്‍, മഞ്ഞള്‍ എന്നിവ ഉള്‍പ്പെടുന്നു, ഇത് ഒരു നായയ്ക്ക് കുറഞ്ഞത് 750 കിലോ കലോറിയും ശുദ്ധമായ കുടിവെള്ളവും നല്‍കുന്നു.
വിശപ്പ് മൂലമുണ്ടാകുന്ന തെരുവ് നായകളുടെ ആക്രമണം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ഒരു നായക്ക് 22 രൂപയാണ് നഗരസഭ ചെലവഴിക്കുക. പദ്ധതിയുടെ വാർഷിക ചെലവ് ഏകദേശം 2.88 കോടി രൂപയായി കണക്കാക്കുന്നു. തുടക്കത്തില്‍ ‘കുക്കിർ തിഹാർ’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ പരിപാടി, അലഞ്ഞുതിരിയുന്ന മൃഗങ്ങളെ പരിപാലിക്കുന്നതില്‍ സമൂഹ ഉത്തരവാദിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പൊതുജന പങ്കാളിത്ത ക്യാമ്ബെയിൻ എന്ന നിലയിലാണ് ആരംഭിച്ചത്.’എല്ലാ നായകള്‍ക്കും ഒരു ദിവസമുണ്ടെന്ന്’ആയിരുന്നു നെറ്റിസണ്‍സിന്‍റെ പ്രതികരണം. “
വയറു നിറയെ ചിക്കൻ റൈസും എഗ്ഗ് റൈസും കഴിച്ച് ബാത്ത് ടബ്ബില്‍ വിശ്രമിക്കുന്ന ബെംഗളൂരു നായ” എന്ന അടിക്കുറിപ്പോടെ റോഡിലെ കുഴിയില്‍ കിടക്കുന്ന ഒരു നായയുടെ ചിത്രം ഒരാള്‍ പങ്കുവച്ചു. ഇന്ത്യയിലെ തെരുവ് നായകളില്‍ പകുതിയും ബെംഗളൂരുവില്‍ അല്ലേ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.നിരവധി മൃഗസ്നേഹികള്‍ ഈ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും, കോണ്‍ഗ്രസ് എംപി കാർത്തി പി. ചിദംബരം പദ്ധതിയെ വിമർശിച്ചു. തെരുവുകളില്‍ തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് ആരോഗ്യ-സുരക്ഷാ അപകടസാധ്യതകള്‍ വർദ്ധിപ്പിക്കുമെന്ന് വാദിച്ചു.
സമർപ്പിത ഷെല്‍ട്ടർ ഹോമുകള്‍, വാക്സിനേഷൻ, വന്ധ്യംകരണം, വർദ്ധിച്ചുവരുന്ന തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിന് ഒരു ദീർഘകാല ദേശീയ തന്ത്രം എന്നിവയുടെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ആഗോളതലത്തില്‍ റാബിസ് സംബന്ധമായ മരണങ്ങളില്‍ 36% ഇന്ത്യയിലാണെന്നാണ്.