തിരക്ക് കാരണം ട്രെയിൻ യാത്ര മുടങ്ങിയ വൃദ്ധ ദമ്ബതികള്‍ക്ക് ഇന്ത്യൻ റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട് ഉപഭോക്തൃ കമ്മീഷൻ.2022 ഏപ്രില്‍ 13ന് രാത്രി, തിരക്ക് കാരണം കൃഷ്ണരാജപുരം സ്റ്റേഷനില്‍ നിന്ന് വൃദ്ധ ദമ്ബതികള്‍ക്ക് ട്രെയിനില്‍ കയറാൻ സാധിച്ചിരുന്നില്ല. ഈ സംഭവത്തിലാണ് ഇപ്പോള്‍ നഷ്ടപരിഹാരം നല്കാൻ ഉത്തരവായിരിക്കുന്നത്.65കാരനായ പൂർണ രാമകൃഷ്ണയും ഭാര്യ ഹിമാവതിയും രാത്രി 11.53 ന് വിജയവാഡയിലേക്ക് പോകുന്ന ഗുവാഹത്തി എക്സ്പ്രസില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
892.5 രൂപ നല്കി ബുക്ക് ചെയ്ത സ്ലീപ്പർ ക്ലാസ് ടിക്കറ്റുകള്‍ ഇവരുടെ കൈവശം ഉണ്ടായിരുന്നു. സ്റ്റേഷനിലേക്കുള്ള ഓട്ടോറിക്ഷാ യാത്രയ്ക്ക് 165 രൂപയും ഇവർ നല്കി. സാധുവായ ടിക്കറ്റുകള്‍ ഉണ്ടായിരുന്നിട്ടും, എസ് 2 കോച്ചില്‍ തിരക്ക് കൂടുതലായതിനാല്‍ ദമ്ബതികള്‍ക്ക് കയറാനായില്ല. സഹായിക്കാൻ റെയില്‍വേ ജീവനക്കാരൊന്നും എത്താത്തതിനാല്‍ അവർക്ക് വീട്ടിലേക്ക് മടങ്ങേണ്ടി വന്നു.
ട്രെയിൻ നഷ്ടപ്പെട്ടതിനാല്‍ റിട്ടേണ്‍ ടിക്കറ്റും റദ്ദാക്കേണ്ടി വന്നു, ഇത് ദമ്ബതികള്‍ക്ക് ഗണ്യമായ സാമ്ബത്തിക നഷ്ടത്തിന് കാരണമായി.പരാതി അറിയിച്ചുകൊണ്ട് ദമ്ബതികള്‍ ഇന്ത്യൻ റെയില്‍വേയ്ക്ക് മെയില്‍ അയച്ചെങ്കിലും മറുപടി ലഭിച്ചില്ല. മറ്റ് മാർഗങ്ങളൊന്നും ഇല്ലാതായതോടെ അവർ ബംഗളൂരു അർബൻ 2 ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചു. 45 ദിവസത്തിനുള്ളില്‍ ഇന്ത്യൻ റെയില്‍വേ മറുപടി നല്‍കാതായതോടെ 2023 ജൂലായില്‍ പ്രാരംഭ പരാതി തള്ളി. ഇതില്‍ നിന്ന് പിന്മാറാതെ ദമ്ബതികള്‍ സംസ്ഥാന ഉപഭോക്തൃ കമ്മീഷന് അപ്പീല്‍ നല്കി. കേസ് പൂർണമായും വാദം കേള്‍ക്കാനായി ജില്ലാ ഫോറത്തിലേക്ക് തിരിച്ചയച്ചു.
ഏകദേശം മൂന്ന് വർഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വൃദ്ധ ദമ്ബതികള്‍ക്ക് നീതി ലഭിച്ചത്.2025 മാർച്ചില്‍ വൃദ്ധ ദമ്ബതികള്‍ക്ക് അനുകൂലമായി ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. 892.5 രൂപ ടിക്കറ്റ് നിരക്ക് തിരികെ നല്‍കാനും, വൈകാരിക ക്ലേശത്തിനും സേവന പരാജയത്തിനും നഷ്ടപരിഹാരമായി 5,000 രൂപ നല്‍കാനും, നിയമപരമായ ചെലവുകള്‍ക്കായി 3,000 രൂപ നല്‍കാനും ഇന്ത്യൻ റെയില്‍വേയോട് ഉപഭോക്തൃ കമ്മീഷൻ ആലശ്യപ്പെട്ടു.