ബെംഗളൂരു കാലാവസ്ഥാ മാറ്റങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു. പുതിയ വർഷം തുടങ്ങിയപ്പോള്‍ മുതല്‍ തണുപ്പും മഞ്ഞും ആണെങ്കിലും ശരാശരി കുറഞ്ഞ താപനില വീണ്ടും കുറഞ്ഞ ദിവസങ്ങളാണ് കടന്നു പോയത്.നഗരത്തിലെ ചിലയിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ താപനില താഴ്ന്ന് 13-12 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയിരുന്നു. ഇപ്പോഴിതാ, 2025 ലെ ആദ്യ മഴയെ സ്വീകരിക്കുവാൻ ഒരുങ്ങുകയാണ് ബെംഗളൂരു.കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനങ്ങളനുസരിച്ച് ഇന്ന് ജനുവരി 13 തിങ്കാഴാഴ്ച ബെംഗളൂരു ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നേരിയ മഴ പ്രതീക്ഷക്കുന്നു.
ബെംഗളൂരു റൂറല്‍, ബെംഗളൂരു അർബൻ , , കോലാർ, ചിക്കബെല്ലാപുര, ചാമരാജനഗര, രാമനഗര തുടങ്ങിയ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ മഴ ലഭിച്ചേക്കും. കൂടാതെ, രാവിലെ മൂടല്‍ മഞ്ഞ് അനുഭവപ്പെടാനുള്ള സാധ്യതയും ഉണ്ട്.അതേസമയം, നാളെ, ജനുവരി 14 ചൊവ്വാഴ്ചയും പലയിടങ്ങളിലും നേരിയ മഴ ഉണ്ടാകുമെന്നാണ് ഐഎംഡി പ്രവചനം സൂചിപ്പിക്കുന്നത്. ബെംഗളൂരു അർബൻ, ബെംഗളൂരു റൂറല്‍, മൈസൂരു, മാണ്ഡ്യ, കുടക്, ഹാസൻ, തുംകുരു തുടങ്ങിയ സമീപ ജില്ലകളിലും നേരിയ മഴ പ്രതീക്ഷിക്കുന്നു. കൂടാതെ, മൈസൂരു, ശിവമോഗ, കുടക്, ചിക്കമംഗളൂരു, ബല്ലാരി എന്നിവയുള്‍പ്പെടെ ബെംഗളൂരുവിലും പരിസര പ്രദേശങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ചെറിയ മൂടല്‍ മഞ്ഞും അനുഭവപ്പെട്ടേക്കാം.
കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തില്‍ അനുഭവപ്പെട്ട വരണ്ട കാലാവസ്ഥയില്‍ നിന്ന് ഒരു മോചനം ഇന്നത്തെയും നാളത്തെയും നേരിയ മഴ നല്കുമെന്ന് പ്രതീക്ഷിക്കാം.ജനുവരി 15 ന് വിജയപുര, ബിദാർ, കലബുർഗി, ബാഗല്‍കോട്ടെ, ധർവാഡ്, ബെലഗാവി, മൈസൂരു, ബെംഗളൂരു അർബൻ, ബെംഗളൂരു റൂറല്‍, ചിക്കമംഗളൂരു, ബല്ലാരി,, ശിവമോഗ, കുടക് തുടങ്ങിയ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മൂടല്‍ മഞ്ഞ് അനുഭവപ്പെടും.
കുറഞ്ഞ താപനില കൂടുന്നു: വര്‍ഷങ്ങള്‍ക്ക് ശേഷം ശരാശരി കുറഞ്ഞ താപനിലയേക്കാള്‍ താഴ്ന്ന നിലയിലായിരുന്നു ഇവിടെ കുറച്ചു ദിവസങ്ങളില്‍ താപനില. എന്നാല്‍ കഴിഞ്ഞ രണ്ടു ദിസവത്തെ താപനില പരിശോധിച്ചാല്‍ ബെംഗളൂരുവിലെ ഏറ്റവും കുറഞ്ഞ താപനില സാധാരണയേക്കാള്‍ കൂടുതലായി എന്നു കാണാം. ബെംഗളൂരുവില്‍ ജനുവരിയിലെ ശരാശരി പ്രതിദിന കുറഞ്ഞ താപനില 15.8 ഡിഗ്രി സെല്‍ഷ്യസാണ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ 16.3 ഡിഗ്രി സെല്‍ഷ്യസിനും 17.3 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് താപനില ഇവിടെ അനുഭവപ്പെട്ടത്.