ബെംഗളൂരു∙ വീണ്ടും നഗര നിരത്തുകളെയും അടിപ്പാതകളെയും വെള്ളക്കെട്ടിലാക്കി മഴ. ഇന്നലെ പുലർച്ചെ വരെ പെയ്ത മഴയിൽ വരത്തൂരിലെ പ്രകാശ് ലേഔട്ട്, ചിന്നപ്പ ലേഔട്ട്, മഹാലക്ഷ്മി ലേഔട്ട് എന്നിവിടങ്ങളിലെ നിരത്തുകൾ പൂർണമായും മുങ്ങി. ബലന്ദൂരിലെ കരിയമ്മാന അഗ്രഹാരയിൽ വാഹനങ്ങൾ വെള്ളക്കെട്ടിൽ ഒലിച്ചു പോയി. ഔട്ടർ റിങ് റോഡിന്റെ പല ഇടങ്ങളിലും വെള്ളക്കെട്ട് ഉണ്ടായി. പനത്തൂർ റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ട് ഗതാഗത കുരുക്കിനു കാരണമായി. വരും ദിവസങ്ങളിൽ നഗര വ്യാപകമായി മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ മാസം വിധാൻ സൗധയ്ക്കു തൊട്ടടുത്തുള്ള കെആർ സർക്കിൾ അടിപ്പാതയിലുണ്ടായ വെള്ളക്കെട്ടിൽ കാർ മുങ്ങി ഐടി ജീവനക്കാരി മരിച്ചിരുന്നു. സംഭവത്തിനു പിന്നാലെ നഗരത്തിലെ അടിപ്പാതകളിൽ ബിബിഎംപി ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും പ്രശ്ന പരിഹാരം ഉണ്ടായിട്ടില്ലെന്നാണ് ആവർത്തിക്കുന്ന വെള്ളക്കെട്ട് തെളിയിക്കുന്നത്.
പേ ആൻഡ് പാർക്കിങ്ങ് പദ്ധതി നിർത്തിവെച്ചു
മൈസൂരു: നഗരത്തിലെ വാഹനപാർക്കിങ് പ്രശ്നത്തിന് പരിഹാരമായി മൈസൂരുകോർപ്പറേഷൻ നടപ്പാക്കാൻ തീരുമാനിച്ച പേ ആൻഡ് പാർക്കിങ് പദ്ധതിക്കെതിരേ ഒരുവിഭാഗം വ്യാപാരികളിൽനിന്ന് എതിർപ്പ് ശക്തമായി. ഇതേത്തുടർന്ന് ടെൻഡർനടപടികൾ നിർത്തിവെച്ചതായി മേയർ ശിവകുമാർ ചൊവ്വാഴ്ച അറിയിച്ചു.
സയ്യാജിറാവു റോഡ്, ഡി.ഡി. അരശ് റോഡ്, വിനോബാ റോഡ്, ധന്വന്തരി റോഡ്, അശോക റോഡ്, ഹർഷ റോഡ് എന്നീ ആറ്ു റോഡുകളിലാണ് പേ ആൻഡ് പാർക്കിങ് നടപ്പാക്കാൻ കോർപ്പറേഷൻ കൗൺസിൽ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് കൗൺസിൽ പ്രമേയം പാസാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് എതിർപ്പുയർന്നത്.
റോഡുകളിലെ വാഹനപാർക്കിങ്ങിന് പണമീടാക്കുന്നതിനുപകരം ടൗൺ ഹാളിലെ ബഹുനില പാർക്കിങ് സമുച്ചയം പ്രവർത്തനസജ്ജമാക്കുകയാണ് വേണ്ടതെന്ന് എതിർപ്പുയർത്തുന്നവർ പറയുന്നു. പൊതുജനങ്ങൾക്ക് അനാവശ്യ സാമ്പത്തികച്ചെലവുണ്ടാക്കുന്നതാണ് പദ്ധതിയെന്നും ഇവർ കുറ്റപ്പെടുത്തി.
ആദ്യഘട്ടത്തിൽ ആറ്ുറോഡുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിച്ചശേഷം പിന്നീട് നഗരത്തിലെ മറ്റു റോഡുകളിലേക്കും വ്യാപിപ്പിക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിട്ടത്. എന്നാൽ, തുടക്കത്തിൽതന്നെ പദ്ധതിയുടെ നടപടികൾ നിർത്തിവെക്കേണ്ടിവന്നത് കോർപ്പറേഷന് തിരിച്ചടിയായി മാറിയിരിക്കുകയാണ്. ശക്തമായ എതിർപ്പ് ഉയർന്നതോടെയാണ് ടെൻഡർനടപടികൾ നിർത്തിവെച്ചതെന്നും വ്യാപാരികളുമായും മറ്റുള്ളവരുമായും ചർച്ച ചെയ്തശേഷം പദ്ധതി നടപ്പാക്കുമെന്നും മേയർ ശിവകുമാർ പറഞ്ഞു.