ബെംഗളൂരു∙ ബെംഗളൂരു–ചെന്നൈ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള അർധ അതിവേഗ ബ്രോഡ്ഗേജ് റെയിൽപാതയ്ക്കായുള്ള (സെമി ഹൈസ്പീഡ്) സർവേ ആരംഭിച്ച് നാഷനൽ ഹൈ സ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡ്. ബെംഗളൂരുവിലെ ബയ്യപ്പനഹള്ളി എസ്എംവിടി മുതൽ ചെന്നൈ സെൻട്രൽ വരെ 350 കിലോമീറ്റർ ദൈർഘ്യമുള്ള സർവേയ്ക്കായി റെയിൽ മന്ത്രാലയം 8.3 കോടിരൂപ അനുവദിച്ചിരുന്നു. പുതിയ പാത വന്നാൽ ഇരുനഗരങ്ങൾക്കുമിടയിലെ യാത്രാസമയം 2 മണിക്കൂറിൽ താഴെയായി കുറയും.
ട്രെയിനുകൾക്ക് മണിക്കൂറിൽ 220 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന പാതയ്ക്കായാണ് സർവേ പുരോഗമിക്കുന്നത്. 3 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. നിലവിൽ ബെംഗളൂരു–ചെന്നൈ റൂട്ടിലെ വേഗമേറിയ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസിന് 362 കിലോമീറ്റർ ഓടിയെത്താൻ 4 മണിക്കൂർ 30 മിനിറ്റ് വേണം.
കർണാടകയുടെയും തമിഴ്നാടിന്റെ തലസ്ഥാന നഗരങ്ങളെ ബന്ധിപ്പിച്ചുള്ള അതിവേഗ പാത ഇരുസംസ്ഥാനങ്ങളുടെയും വ്യവസായ സാമ്പത്തിക വളർച്ചയ്ക്കും ആക്കം കൂട്ടം. 2020ൽ മൈസൂരു–ബെംഗളൂരു–ചെന്നൈ അതിവേഗ പാതയ്ക്കാണ് ആദ്യം പദ്ധതി തയാറാക്കിയതെങ്കിലും പിന്നീട് ഇത് ബെംഗളൂരു വരെയായി ചുരുക്കി. ബെംഗളൂരു കഴിഞ്ഞാൽ ബംഗാർപേട്ട്, ചിറ്റൂർ, ആർക്കോണം, പൂനമല്ലി എന്നിവിടങ്ങളിലാണ് പുതിയ സ്റ്റേഷനുകൾ നിർമിക്കുക. അനുമതി ലഭിച്ചാൽ 3 വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാം.