പ്രധാന നഗരങ്ങളായ ചെന്നൈയെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന അതിവേഗപാതാ പദ്ധതിയുടെ നിർമാണം മന്ദഗതിയിൽ. കർണാടകയുടെ നിർമാണ പ്രവർത്തനങ്ങൾ മെച്ചപ്പെടുമ്പോഴും തമിഴ്‌നാട്ടിൽ ഇഴയുകയാണ്. കാലം തെറ്റിയുള്ള ശക്തമായ മഴ, ഭൂമിയേറ്റെടുക്കൽ സംബന്ധിച്ച പ്രശ്നങ്ങൾ, റോഡിന്റെ രൂപമാതൃകയിലെ അപ്രതീക്ഷിത മാറ്റങ്ങൾ എന്നിവയാണ് നിർമാണത്തിലെ കാലതാമസത്തിനുള്ള പ്രധാന കാരണങ്ങൾ. പദ്ധതിയുടെ നിർമാണത്തിന് 2022-ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തുടക്കം കുറിച്ചത്. രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം.
കർണാടകയുടെ ഭാഗത്തുനിന്നുള്ള നിർമാണം തടസ്സമില്ലാതെ നടക്കുന്നുണ്ട്. ഏതാണ്ട് നിർമാണം പൂർത്തിയാവുന്ന ഘട്ടത്തിലുമാണ്. എന്നാൽ, തമിഴ്‌നാട്ടിൽ പലമേഖലകളിലും പ്രശ്നങ്ങൾ ഉടലെടുത്തു. ഗുഡിയാല മുതൽ വാലാജപേട്ട് വരെയുള്ള ആദ്യ പാക്കേജ് കഴിഞ്ഞവർഷം മേയിൽ തീരേണ്ടതായിരുന്നു. എന്നാൽ, നിലവിൽ നിർമാണപ്രവർത്തനങ്ങളുടെ 86.22 ശതമാനം മാത്രമേ പൂർത്തിയായിട്ടുള്ളൂ. ഒക്ടോബറോടെ ഇതു മുഴുമിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷ. തുടർച്ചയായ മഴയും റെയിൽപ്പാളങ്ങൾക്ക് മുകളിലൂടെയുള്ള മേൽപ്പാലങ്ങൾക്ക് അനുമതി ലഭിക്കുന്നതിലെ കാലതാമസവും വായ്പത്തടസ്സങ്ങളും കാരണം നിർമാണപ്രവർത്തനങ്ങൾ വൈകി.
ആരക്കോണം മുതൽ കാഞ്ചീപുരം വരെയുള്ള രണ്ടാം പാക്കേജിൽ ഉൾപ്പെടുന്ന നിർമാണ പ്രവർത്തനങ്ങളും മോശം അവസ്ഥയിലാണ്. ഇവിടെ 53.56 ശതമാനം ജോലികൾമാത്രമേ പൂർത്തിയായിട്ടുള്ളൂ. ഹൈ-വോൾട്ടേജ് വൈദ്യുതി ലൈനുകൾ മാറ്റിസ്ഥാപിക്കുന്നതുകാരണമുള്ള ഭൂമി, വിള നാശത്തിനുള്ള നഷ്ടപരിഹാര പ്രശ്നങ്ങൾ, കരാറുകാരൻ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയാണ് കാലതാമസത്തിനുള്ള കാരണമെന്നാണ് പറയപ്പെടുന്നത്. ഈ മേഖലയിലെ ജോലികൾ 2026 മാർച്ചോടെ മാത്രമേ പൂർത്തിയാകൂയെന്ന് പ്രതീക്ഷിക്കുന്നു.
കാഞ്ചീപുരം-ശ്രീപെരുംപുദൂർ വരെയുള്ള അവസാന പാക്കേജിൽ 78.11 ശതമാനം നിർമാണജോലികൾ പൂർത്തിയായി. ഈവർഷം ഡിസംബറിൽ പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ശ്രീപെരുംപുദൂർ ടോൾ പ്ലാസയ്ക്ക് സമീപം അതിവേഗപാതയെ എൻഎച്ച്-48 മായി ബന്ധിപ്പിക്കുന്ന ട്രംപറ്റ് ഇന്റർചേഞ്ച് പദ്ധതിയും കാലതാമസം നേരിടുന്നുണ്ട്. ഓഗസ്റ്റിൽ പണി പൂർത്തിയാക്കേണ്ടതായിരുന്നു. നിർമാണത്തിന്റെ 18.82 ശതമാനം മാത്രമേ നിലവിൽ പൂർത്തിയായിട്ടുള്ളൂ.
അതിവേഗപാതയുടെ നിർമാണ ജോലികൾ തമിഴ്‌നാട്ടിൽ മന്ദഗതിയിലായതിനെക്കുറിച്ച് പാർലമെന്റ് ശീതകാല സമ്മേളനത്തിൽ ഡിഎംകെ രാജ്യസഭാ എംപി പി. വിൽസൺ ചോദ്യം ഉന്നയിച്ചിരുന്നു. ഗുഡിയാല മുതൽ ശ്രീപെരുംപുദൂർ വരെയുള്ള മൂന്നാം ഘട്ടം വൈകുകയാണെന്നായിരുന്നു കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇതിനു മറുപടി നൽകിയിരുന്നത്.