ദക്ഷിണേന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളായ ചെന്നൈയെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന അതിവേഗപാതയുടെ നിർമാണം വരുന്ന മാർച്ചില്‍ പൂർത്തിയാകും.ഇതോടെ, ഇരുനഗരങ്ങള്‍ക്കിടയിലുള്ള യാത്രാസമയം മൂന്ന് മണിക്കൂറായി ചുരുങ്ങും.നിലവില്‍ ഇത് ആറ്-ഏഴ് മണിക്കൂറാണ്. യാത്രാസമയം പകുതിയായി കുറയുന്നതോടെ രണ്ട് സംസ്ഥാനങ്ങള്‍ക്കിടയിലുള്ള ഗതാഗതച്ചെലവും കുറയും. 263.4 കിലോമീറ്റർ ദൂരമുള്ള പാത 15,188 കോടി രൂപ ചെലവാക്കിയാണ് നിർമിക്കുന്നത്.രണ്ടുവർഷം മുൻപ് നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന പദ്ധതിയാണ് സ്ഥലമേറ്റെടുപ്പ് അടക്കമുള്ള വിഷയങ്ങളിലെ തടസ്സങ്ങള്‍ കാരണം വൈകിയത്.
ഈവർഷം ഡിസംബറിനും വരുന്ന മാർച്ചിനും ഇടയില്‍ നിർമാണം പൂർത്തിയാകുമെന്നാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചിരിക്കുന്നത്. കർണാടക, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന പാതയുടെ 100 കിലോമീറ്റർ നിർമാണം മാത്രമാണ് പൂർത്തിയായിരിക്കുന്നത്. നിർമാണം നടന്നുകൊണ്ടിരിക്കുന്ന ഭാഗങ്ങളില്‍ 90 ശതമാനവും ജനുവരിയോടെ പൂർത്തിയാകും.തമിഴ്നാട്ടിലെ വാലാജപേട്ട് മുതല്‍ ആന്ധ്രയിലെ ഗുഡിപാള വരെയുള്ള ഭാഗത്തെ നിർമാണം ഒക്ടോബറില്‍ പൂർത്തിയാകും.
ബെംഗളൂരു മുതല്‍ ആന്ധ്രയിലെ ബദമംഗല വരെയുള്ള 72 കിലോമീറ്റർ ഡിസംബറോടെയും പൂർത്തിയാകും. തമിഴ്നാട്ടിലെ ആർക്കോണം-ശ്രീപെരുംപുദൂർ ഭാഗത്ത് അടുത്തവർഷം ആദ്യം പണികള്‍ തീരും. പിന്നീട് ആന്ധ്രയില്‍ ബാക്കിയുള്ള ഭാഗത്തെ പാതയുടെ നിർമാണവും പൂർത്തിയാകുന്നതോടെ അതിവേഗപാത യാഥാർഥ്യമാകും.