ബംഗളൂരു: കാസിനോ, ബിറ്റ്കോയിൻ ബിസിനസിലെ നിക്ഷേപങ്ങള്‍ക്ക് ഉയർന്ന ലാഭവും പലിശയും വാഗ്ദാനം ചെയ്ത് ബിസിനസുകാരനെ 25 കോടി രൂപയുടെ വഞ്ചന നടത്തിയതായി പരാതി.സംഭവത്തില്‍ ബസവേശ്വര നഗർ പൊലീസ് സ്റ്റേഷനില്‍ അഞ്ചുപേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തു. തട്ടിപ്പിനിരയായ വിവേക് പി. ഹെഗ്ഗഡെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രാമകൃഷ്ണ റാവു, ഭാര്യ രാജേശ്വരി റാവു, മകൻ രാഹുല്‍ ടോണ്‍സെ, മകള്‍ രക്ഷ ടോണ്‍സെ, മരുമകൻ ചേതൻ നാരായണ്‍ എന്നിവർക്കെതിരെ വഞ്ചന തടയല്‍, അനിയന്ത്രിത നിക്ഷേപ നിയമം (ബഡ്സ്) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
മുഖ്യപ്രതി രാമകൃഷ്ണ റാവു അറസ്റ്റിലായതായും മറ്റു പ്രതികള്‍ നിലവില്‍ വിദേശത്ത് ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. അന്വേഷണം തുടരുകയാണ്. ലോജിസ്റ്റിക്സ് കമ്ബനി ഉടമയായ പരാതിക്കാരനായ വിവേക് 2023ല്‍ സുഹൃത്തുക്കള്‍ വഴിയാണ് രാമകൃഷ്ണ റാവുവിനെ പരിചയപ്പെട്ടത്. രാഹുല്‍ ടോണ്‍സെയും ചേതൻ നാരായണനും ശ്രീലങ്കയിലും ദുബൈയിലും കാസിനോ ബിസിനസില്‍ ഏർപ്പെട്ടിരിക്കുന്നു. ബിസിനസ് വികസിപ്പിക്കുന്നതിന് സാമ്ബത്തിക സഹായത്തിനായി വിവേകിനെ സമീപിച്ചതായും വായ്പ നല്‍കാൻ പ്രേരിപ്പിച്ചതായും പരാതിയില്‍ പറയുന്നു.
വിവേകിന്റെ വിശ്വാസം നേടുന്നതിനായി രാമകൃഷ്ണ റാവു ശ്രീലങ്കയിലെ ഒരു കാസിനോയിലേക്ക് വിവേകിനെ കൊണ്ടുപോയി മകൻ രാഹുലിന് പരിചയപ്പെടുത്തി. പിന്നീട് ദുബൈയില്‍നിന്ന് ഒരു ഫോണ്‍ കാളിനിടെ അദ്ദേഹം മകളെയും മരുമകനെയും പരിചയപ്പെടുത്തി. നിക്ഷേപിക്കാൻ കൂടുതല്‍ പ്രേരിപ്പിച്ചു. കാസിനോകളിലും ബിറ്റ്കോയിനിലും നിക്ഷേപം നടത്തുന്നതിലൂടെ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് പ്രതി തന്നെ വശീകരിച്ചതായി വിവേകിന്റെ പരാതിയില്‍ പറയുന്നു.
ദുബൈയിലെയും ശ്രീലങ്കയിലെയും കാസിനോകള്‍ ലാഭകരമാണെന്നും കൂടുതല്‍ വിപുലീകരണം കൂടുതല്‍ വരുമാനം ഉണ്ടാക്കുമെന്നും പ്രതികള്‍ അവകാശപ്പെട്ടു. സിറ്റി ഓഫ് ഡ്രീംസ് എന്ന പേരില്‍ ശ്രീലങ്കയില്‍ ഒരു പുതിയ കാസിനോ സ്ഥാപിക്കുമെന്ന് വിവേകിന് ഉറപ്പുനല്‍കി. നിക്ഷേപിച്ചാല്‍ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്തു. അവരുടെ അവകാശവാദങ്ങള്‍ വിശ്വസിച്ച വിവേക് പതിവ് പലിശ പ്രതീക്ഷിച്ച് 2023 മുതല്‍ 25 കോടി വായ്പ നല്‍കി.എന്നാല്‍, പിന്നീട് വാഗ്ദാനം ചെയ്ത പലിശ ലഭിക്കാത്തതിനെത്തുടർന്ന് വിവേക് ചോദ്യം ചെയ്തപ്പോള്‍ അധിക്ഷേപിക്കുകയാണ് ചെയ്തത്.